അഹമ്മദാബാദ്: വർഗീയ ധ്രുവീകരണത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള ഗുജറാത്തിലെ ഗോദ്രയിൽ നിന്ന് ഇത്തവണ പുറത്തുവരുന്നത് വേറിട്ടൊരു രാഷ്ട്രീയ സന്ദേശം. ഗോദ്ര നഗരസഭയിലെ ഏഴാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അപേക്ഷാബെൻ നൈനേഷ്ഭായ് സോണി എന്ന ഹിന്ദു വനിത ചരിത്ര വിജയം കരസ്ഥമാക്കി. 100 ശതമാനവും മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ നിന്നാണ് ഇവർ വിജയിച്ചത് എന്നത് ഈ വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.
ഏഴാം വാർഡിലെ വോട്ടർ പട്ടികയിൽ പോലുമില്ലാത്ത അപേക്ഷാബെൻ സോണി, തന്റെ വ്യക്തിപ്രഭാവം കൊണ്ടും പ്രവർത്തനമികവ് കൊണ്ടുമാണ് മുസ്ലിം സമുദായത്തിന്റെ പൂർണ വിശ്വാസം നേടിയെടുത്തത്. വർഗീയ വേർതിരിവുകൾക്ക് അപ്പുറം വികസനത്തിനും യോഗ്യതയ്ക്കും വോട്ടർമാർ മുൻഗണന നൽകി എന്നതിന്റെ തെളിവായി ഈ വിജയം വിലയിരുത്തപ്പെടുന്നു.
ജാതി-മത ചിന്തകൾക്കപ്പുറം പ്രാദേശിക ഭരണകൂടങ്ങളിൽ വ്യക്തിപരമായ വിശ്വാസത്തിന് വോട്ടർമാർ പ്രാധാന്യം നൽകുന്ന ഈ രീതിയെ 'ഗോദ്ര മോഡൽ' എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. ഗുജറാത്തിന്റെ ഭാവി രാഷ്ട്രീയത്തിൽ ഈ മാറ്റം വലിയ സ്വാധീനം ചെലുത്തിയേക്കാം. അതേസമയം, സംസ്ഥാനത്തെ മറ്റ് നഗരസഭകളിൽ ബിജെപി സമ്പൂർണാധിപത്യം തുടർന്നു. ആകെയുള്ള 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി അധികാരം പിടിച്ചെടുത്തു. അഹമ്മദാബാദിലെ 192 സീറ്റുകളിൽ 146 എണ്ണവും ബിജെപി നേടിയപ്പോൾ കോൺഗ്രസ് 18 സീറ്റുകളിൽ ഒതുങ്ങി.
സൂറത്തിൽ 115 സീറ്റുകൾ നേടി ബിജെപി ആധിപത്യം ഉറപ്പിച്ചപ്പോൾ ആം ആദ്മി പാർട്ടി (എഎപി) വെറും നാല് സീറ്റുകളിലേക്ക് ചുരുങ്ങി. രാജ്കോട്ട്, വഡോദര എന്നിവിടങ്ങളിലും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. നഗരമേഖലകളിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമ്പോഴും ഗോദ്രയിലെ വോട്ടർമാർ നൽകിയ ഈ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്. വ്യക്തിപരമായ മികവിനും പ്രാദേശിക വികസനത്തിനും മതം ഒരു തടസമല്ലെന്ന് ഗോദ്രയിലെ ജനങ്ങൾ തെളിയിച്ചിരിക്കുന്നു.