Kerala
കൊച്ചി: കൊച്ചിയില് വായു ഗുണനിലവാരം അപകടകരമായ നിലയില് തുടരുന്നു. രാവിലെ കാണപ്പെടുന്ന പുകമഞ്ഞ് വെയില് വീഴുന്നതോടെ കുറയുമെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കൂടിവരുന്ന പ്രവണതയാണു നിലവിൽ.
ഇന്നലെ രാവിലെ ഏഴിന് വായു നിലവാരമൂല്യം 194 ആയിരുന്നു. ഉച്ചയ്ക്ക് 12ഓടെ ഇത് 136 ആയി താഴ്ന്നെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ഉയര്ന്നു. പുതുവത്സരാഘോഷം പൊടിപൊടിച്ച കൊച്ചിയില് കരിമരുന്ന് പ്രയോഗങ്ങളടക്കം പൊതുസ്ഥലങ്ങളില് നടന്നതിനു പിന്നാലെയാണ് വായു ഗുണനിലവാരത്തിലെ അപകടാവസ്ഥ.
വായു ഗുണനിലവാരം 101 മുതല് 200 വരെ രേഖപ്പെടുത്തുന്ന അളവുകള് രോഗങ്ങള്ക്കു വഴിവയ്ക്കുന്നവയാണ്. വായു ഗുണനിലവാരം മോശമായി തുടരുമ്പോഴും ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം ജനങ്ങളെ അറിയിക്കേണ്ട മലിനീകരണ നിയന്ത്രണ ബേര്ഡിന്റെ വൈറ്റിലയിലെയും അമ്പലമുകളിലെയും എയര് ക്വാളിറ്റി ഇന്ഡക്സ് സ്റ്റേഷനുകള് പ്രവര്ത്തനരഹിതമായിട്ട് നാളുകളായി. അന്തരീക്ഷത്തിലും ഭൂമിശാസ്ത്രപരമായും വരുന്ന മാറ്റങ്ങളാണ് പുകമഞ്ഞ് തങ്ങിനില്ക്കാന് കാണമാകുന്നതെന്ന് വിദഗ്ധര് പറയുന്നു.
സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ പുതുവത്സരാഘോഷം അരങ്ങേറിയ ഫോര്ട്ട് കൊച്ചിയില് ആഘോഷത്തിനു പിന്നാലെ മാലിന്യവും പൊടിശല്യവും രൂക്ഷമായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ വിവിധയിടങ്ങളില് പതിവിനു വിപരീതമായി അനുഭവപ്പെട്ട വാഹനത്തിരക്ക് അന്തരീക്ഷവായു മോശമാകുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്. വ്യവസായകേന്ദ്രമായ ഏലൂരിലും അമ്പലമുകളിലുമാണ് ഏറ്റവും മോശം സാഹചര്യം.
Kerala
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ഡൽഹിയിൽ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്.
ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപേ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണം എന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.
താപനിലയിൽ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമാകാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 8.2 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
കഴിഞ്ഞ മൂന്ന് ദിവസമായി വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. 456 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങളും സർക്കാർ കടുപ്പിച്ചു.