ന്യൂഡൽഹി: ഡൽഹിയിൽനിന്നു മുംബൈയിലേക്ക് 355 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. ഇന്നലെ പുലർച്ചെ 3.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാവിലെ 6.20നാണ് പറന്നുയർന്നത്.
പിന്നീട് എൻജിൻ ഓയിൽ മർദം ശ്രദ്ധയിൽപ്പെട്ടതോടെ ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ച് വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
തകരാറിന്റെ കാരണം ഡിജിസിഎയുടെ കീഴിലുള്ള ഡയറക്ടർ ഓഫ് എയർ സേഫ്റ്റിയുടെ (എൻആർ) മേൽനോട്ടത്തിൽ ബന്ധപ്പെട്ട എയർലൈനിന്റെ സ്ഥിരം അന്വേഷണ ബോർഡ് നടത്തുമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു.
വിമാനം തിരിച്ചിറക്കിയ ഉടൻ ആവശ്യമായ പരിശോധനകൾക്കു വിധേയമാക്കിയതായും യാത്രക്കാർക്ക് അടിയന്തരസഹായം നൽകി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യ അറിയിച്ചു.