ഫ്രാങ്ക്ഫര്‍ട്ട് / ബര്‍ലിന്‍: ജര്‍മൻ വിമാനക്കമ്പനിയായ ലുഫ്ത്വാന്സ യാത്രക്കാര്‍ക്കായി പുതിയ നിബന്ധനകള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ വിമാന യാത്രയ്ക്ക് മുന്നോടിയായി ഓണ്‍ലൈന്‍ വഴി ചെക്ക്ഇന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'ട്രാവല്‍ ഐഡി'എന്ന കസ്റ്റമര്‍ അക്കൗണ്ട് നിര്‍ബന്ധമാക്കി. മുന്‍കാലങ്ങളെപ്പോലെ ലളിതമായി ബുക്കിംഗ് വിവരങ്ങള്‍ മാത്രം നല്കി ഓണ്‍ലൈന്‍ ചെക്ക്ഇന്‍ ചെയ്യാന്‍ ഇനി സാധിക്കില്ലെന്നും യാത്രക്കാര്‍ നിര്‍ബന്ധമായും അക്കൗണ്ട് എടുക്കേണ്ടി വരുമെന്നും ലുഫ്ത്വാന്സ അധികൃതര്‍ അറിയിച്ചു.
പ്രമുഖ ജര്‍മൻ മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അവധിക്കാല യാത്രകള്‍ക്കായി വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാന്‍ മൊബൈല്‍ വഴി പെട്ടെന്ന് ചെക്ക്ഇന്‍ ചെയ്ത് ബോര്‍ഡിംഗ് പാസ് ഡൗണ്‍ലോഡ് ചെയ്യുന്ന പതിവ് യാത്രക്കാര്‍ക്ക് പുതിയ മാറ്റം ചെറിയൊരു കടമ്പയായി മാറിയേക്കാം.
ഏതൊക്കെ എയര്‍ലൈനുകളെ ഇത് ബാധിക്കും?
ലുഫ്ത്വാന്സ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ പ്രധാന എയര്‍ലൈനുകളുടെയും വെബ്സൈറ്റുകളിലും ആപ്പുകളിലും ഈ പുതിയ 'ട്രാവല്‍ ഐഡി' നിര്‍ബന്ധമാണ്. ബാധകമായ എയര്‍ലൈനുകള്‍ താഴെ പറയുന്നവയാണ്:
ലുഫ്ത്വാന്സ (Lufthansa), സ്വിസ് (Swiss), ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് (Austrian Airlines), ബ്രസ്സല്‍സ് എയര്‍ലൈന്‍സ് (Brussels Airlines), എയര്‍ ഡൊളോമിതി (Air Dolomiti), എഡെല്‍വൈസ് (Edelweiss), ഡിസ്കവര് എയര്‍ലൈന്‍സ് (Discover Airlines)
നടപ്പിലാക്കുന്ന ഘട്ടങ്ങള്‍ :
നാല് ഘട്ടങ്ങളായാണ് ലുഫ്ത്വാന്സ ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്:
ഒക്ടോബര്‍ 20 മുതല്‍: ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് ഒഴികെയുള്ള ഷെങ്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ക്ക് ബാധകമായി.
നവംബര്‍ 2 മുതല്‍: ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, സൂറിച്ച് ഒഴികെയുള്ള ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് വിമാനത്താവളങ്ങളിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും നടപ്പിലായി.
നവംബര്‍ 16 മുതല്‍: മ്യൂണിക്ക്, സൂറിച്ച്, കൂടാതെ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് ബാധകമാകും.
നവംബര്‍ 30 മുതല്‍: ഫ്രാങ്ക്ഫര്‍ട്ട് ഉള്‍പ്പെടെയുള്ള ലോകമെമ്പാടുമുള്ള ബാക്കി എല്ലാ റൂട്ടുകളിലേക്കും ഈ നിയമം പൂര്‍ണ്ണമായും വ്യാപിപ്പിക്കും.
പ്രവാസികളും യാത്രക്കാരും ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങള്‍:
രജിസ്ട്രേഷന് എങ്ങനെ?: പേര്, ജനനത്തീയതി, ഇമെയില്‍ വിലാസം എന്നിവ നല്കി പാസ്വേഡ് സെറ്റ് ചെയ്ത് ഇമെയില്‍ വഴി വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയാല്‍ 'ട്രാവല്‍ ഐഡി' സ്വന്തമാക്കാം.
മൈല്‍സ് & മോര് (Miles & More): ലുഫ്ത്വാന്സയുടെ മൈല്‍സ് പ്രോഗ്രാമില്‍ അംഗമാകുന്നത് പൂര്‍ണമായും ഓപ്ഷണല്‍ ആണ് (നിര്‍ബന്ധമില്ല).
കുടുംബ യാത്രകള്‍ക്ക് ഇളവ്: കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഒരാളുടെ അക്കൗണ്ട് വഴി തന്നെ ഒപ്പമുള്ള എല്ലാവരുടെയും ചെക്ക്ഇന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ പ്രായമായവര്‍ക്കോ, ഇന്റര്‍നെറ്റ് ഉപയോഗം വശമില്ലാത്തവര്ക്കോ ബന്ധുക്കളുടെയോ മറ്റ് സഹായികളുടെയോ ട്രാവല്‍ ഐഡി ഉപയോഗിച്ച് ചെക്ക്~ഇന്‍ ചെയ്യാം.
പൂര്‍ണമായും ഒഴിവാക്കപ്പെട്ടവ: ഗ്രൂപ്പ് ബുക്കിംഗുകള്‍, ചില പ്രത്യേക പാക്കേജ്, ചാര്‍ട്ടര്‍ യാത്രകള്‍ എന്നിവയ്ക്ക് ഈ അക്കൗണ്ട് നിര്‍ബന്ധമില്ല. കൂടാതെ വിമാനത്താവളത്തിലെ കൗണ്ടറുകള്‍ വഴിയോ സെല്‍ഫ് സര്‍വീസ് കിയോസ്കുകള്‍ വഴിയോ ചെക്ക്ഇന്‍ ചെയ്യുന്നവര്‍ക്കും അക്കൗണ്ട് വേണമെന്നില്ല.
യൂറോപ്പിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസി മലയാളികളും വിദ്യാര്‍ഥികളും ഇനിമുതല്‍ യാത്രയ്ക്ക് മുന്‍പായി ലുഫ്ത്വാന്സയുടെ ട്രാവല്‍ ഐഡി മുന്‍കൂട്ടി തയ്യാറാക്കുന്നത് അവസാന നിമിഷത്തെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ സഹായിക്കും.