ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ വ്യോമയാന മന്ത്രാലയം. യുഎഇ, ഖത്തർ, കുവൈറ്റ് എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങളുടെ ആകാശപാത ഒഴിവാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.
യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ഇറാൻ, ഇറാഖ്, ജോർദാൻ, സൗദി അറേബ്യ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ ആകാശപരിധിയിലൂടെയുള്ള യാത്രകൾ ഒഴിവാക്കാനോ അല്ലെങ്കിൽ അതീവ ജാഗ്രത പാലിക്കാനോ ആണ് നിർദേശം. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്ന വിമാനങ്ങളെ ഈ തീരുമാനം കാര്യമായി ബാധിക്കും.
വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. നിലവിൽ ഈ മേഖലകളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങൾ നിരന്തരമായി സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് ഡിജിസിഎ അറിയിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ഇതിനോടകം തന്നെ തങ്ങളുടെ റൂട്ടുകളിൽ മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ട്.