എവിടേക്കെങ്കിലും ഒന്നിറങ്ങിപ്പോകൂ എന്ന് ഞാനെന്നോടുതന്നെ എപ്പോഴും പറയാറുണ്ട്. ഞാനത് അനുസരിക്കാറില്ല എന്നുമാത്രം. ഞാനീ എഴുത്തുമുറിയിൽ മാത്രം ഒതുങ്ങിക്കൂടുന്ന ഒരാളാണ്. മുക്കുവൻ കടലിലേക്കു പോകുംപോലെ, കിളികൾ ആകാശത്തേക്കു പോകുംപോലെ എനിക്കിറങ്ങിപ്പോകാൻ ഒരിടമില്ല. അത്തരമൊരു ഭൂവിസ്തൃതി എന്റെ ബാഹ്യലോകത്തിനില്ല. മുറിക്കുള്ളിൽ ചടഞ്ഞുകൂടിയിരിക്കുമ്പോൾ എന്റെതന്നെ പ്രാചീനമായ അലച്ചിലുകളെ ഞാനോർക്കാറുണ്ട്. ഘനീഭവിച്ചുപോയ പുരാവൃത്തങ്ങളിൽ മനസ് കിതച്ചാറി നിൽക്കാറുണ്ട്. ഒരു പുസ്തകമെടുത്ത് അതിന്റെ സോപാനപ്പടിയിലേക്കോ സർവജ്ഞപീഠത്തിലേക്കോ കയറിച്ചെന്നു നിൽക്കുമ്പോൾ എനിക്കിപ്പൊഴും ധ്യാനത്തിലാഴാൻ കഴിയുന്നുണ്ട്. ജാലകം തുറന്നിട്ടാൽ എനിക്കിപ്പോൾ ഹിമാലയം കാണാമെന്നായി. ഭാഗീരഥി കാണാം. പിരമിഡുകൾ കാണാം. പാതിരാസൂര്യനെ കാണാം. ഹേമന്തത്തിൽ ഉറഞ്ഞ ഹിമശൈലങ്ങൾ കാണാം. ശോകനാശിനികൾ കാണാം. കണ്ണടച്ചാൽ മാത്രം കാണുന്ന എത്രയെത്ര ഗന്ധമാദനഗിരിനിരകൾ. മഹായാത്രികർ അർച്ചന ചെയ്തു വന്ന പ്രതിഷ്ഠകളെ എനിക്കിവിടെയിരുന്നാൽ പ്രദക്ഷിണം ചെയ്യാമെന്നായി. ഞാനത്രമേൽ അകത്തേക്ക് നടന്നു കഴിഞ്ഞു.
എവിടെവച്ചാണ് എന്റെ യാത്രകൾ മുറിഞ്ഞുപോയതെന്ന് ഞാനോർക്കാറുണ്ട്. അതോർത്തെടുക്കുക അത്ര എളുപ്പമല്ല. ചിരപുരാതനമായ ഏതോ നഷ്ടജാതകത്തിന്റെ ശേഷിപ്പാകാം അത്. ഒരിക്കൽ ശ്രമണ ബളഗൊളയിൽ ഗോമതേശ്വരനെ വണങ്ങി, ആ കൽപ്പടവുകളൊന്നിലിരിക്കുമ്പോൾ ഓർത്തു, ഭൂമിയിൽ ഏറ്റവും അധികം നടന്നിട്ടുള്ള മഹായാത്രികൻ ആരായിരിക്കുമെന്ന്. അതൊരു തലകീഴായ അന്വേഷണമായിരുന്നിട്ടും ഞാനതിന്റെ പിന്നാലെ കൂടി. ഗോമതേശ്വര പാദങ്ങൾ എന്റെ മനസിലുണ്ടായിരുന്നു. വിന്ധ്യാഗിരി മുതൽ പശ്ചിമജലധിവരെ കൺപാർത്ത ആ യോഗമിഴികൾ ഓർക്കാതിരുന്നില്ല. എന്നിട്ടും ഞാനേതോ അജ്ഞാത ചരണങ്ങൾ തേടിക്കൊണ്ടേയിരുന്നു. ആ തേടൽ ഒരിടത്തും ചെന്നെത്തിയില്ല. ഒടുവിൽ ഓർമയുടെ വഴിയിലെങ്ങോ വീണു ചിതറിയ ഒരു ചിത്രമെടുത്തു ഭസ്മം തൊട്ടുതുടച്ചു ഞാൻ. അപ്പോൾ തിളക്കമായ് തെളിഞ്ഞുവന്നത് എന്റെതന്നെ രൂപമായിരുന്നു. ഊതിക്കെടുത്തിയിട്ടും കെടാത്ത തീപ്പന്തം പോലെ. ഉള്ളിൽ കുമിഞ്ഞുയർന്ന ഉമിത്തീ ഇതായിരുന്നോ? ഞാൻ വിന്ധ്യാഗിരിയെയും ഗോമതേശ്വരനെയും നോക്കി. ഒരേ ഉത്തുംഗത. ഒരേ നിസംഗത. ഗോമതേശ്വര പാദങ്ങൾക്കരികിൽ ഒരു കടുകുമണിയോളം വലുപ്പത്തിൽ ഞാൻ നിന്നു. എന്നിട്ടും എന്റെ ശങ്ക അടങ്ങിയില്ല. അഖണ്ഡപ്രപഞ്ചം നടന്നുതീർത്ത ആ മഹാചരണങ്ങളെ തൊട്ടു നെറ്റിയിൽവച്ച് ഞാനെന്റെ നെൻമണിയിലേക്കുതന്നെ തിരിച്ചുനടന്നു.
ഒരു മനുഷ്യന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളുണ്ട്. അകത്തേക്കുള്ള യാനദൂരം ആരും അളന്നെടുക്കുന്നില്ല എന്നുമാത്രം. പുറത്തെ ദൂരമാണ് ഉത്തരായനം. അകത്തെ ദക്ഷിണായനങ്ങൾ കഴിഞ്ഞാണ് ഭീഷ്മർ ഉത്തരായനം കാത്തുകിടന്നത്. എല്ലാ മനുഷ്യരിലും ഈ കാത്തുകിടപ്പുണ്ട്. ഉദിച്ചസ്തമിക്കാത്തൊരു സൂര്യനെ കണ്ടുവണങ്ങി വന്നു കിടക്കുകയാണ്. അകത്തെ മാമാങ്കങ്ങൾക്കിടയിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവന്നു കിടക്കുന്ന ചാവേറാണ്.
ശപിക്കപ്പെട്ട ഉയിർപ്പിന്റെ തിരുമുറിവുകളുമായി വന്നു കിടക്കുകയാണ്. അനന്തകോടി തീർഥസ്ഥലികളിലൂടെ ഒഴുകിയ അമൃതധാരയിൽ മുങ്ങിനിവർന്ന് നനഞ്ഞുകിടക്കുകയാണ്. ആരും ആ ദൂരങ്ങൾ അറിയുന്നില്ല. പുറത്തെ ലോകം കണ്ട് ഭ്രമിക്കുന്നവരാണ് അധികവും. അവർ മോഹാന്ധകാര സഞ്ചാരികളാണ്. അവർ അറ്റ്ലാന്റിക് സാഗരത്തിനു മുൻപിൽ ചെന്നുനിൽക്കുമ്പോഴും ഉള്ളിലെ കടൽ കാണുന്നില്ല. അവർ ആൽപ്സിനു മുൻപിൽ ചെന്നുനിൽക്കുമ്പോഴും ഉള്ളിലെ ഉത്തുംഗ ഹിമശൈലശൃംഗങ്ങൾ കാണുന്നില്ല. ഉള്ളിലെ ഗുപ്തസരസ്വതിയുടെ ഉറവ തേടാതെ തലക്കാവേരിയിലേക്കും ഗോമുഖിലേക്കും പോകുന്നു. ഇത് അനുസരണകെട്ട മനുഷ്യപ്രകൃതിയാണ്. അങ്ങനെ അത് നടന്നേതീരൂ എന്ന് അവധൂതർ.
ഒരിക്കൽ ഒരുച്ചകഴിഞ്ഞ നേരത്ത് വാടിത്തളർന്ന കാശിത്തുമ്പപോലെ ഞാൻ മാടമ്പ് മനയിലെത്തി. കുഞ്ഞിക്കുട്ടൻ വരാന്തയിൽ വിശ്രമിക്കുകയാണ്. എന്നെ കണ്ടപ്പോൾ ഒരു ചോദ്യം. “താൻ ഹിമാലയം തൃക്കൺ പാർത്തിട്ടുണ്ടോ?” എന്ന്. എനിക്ക് ആലോചിക്കേണ്ടിവന്നില്ല. “ഇല്ല” എന്നുറപ്പിച്ച് മറുപടി പറഞ്ഞു. മാടമ്പ് ചിരിച്ചു.
“എന്നാൽ ഇപ്പോൾ തന്നെ കാട്ടിത്തരാം” എന്നു പറഞ്ഞ് മാടമ്പ് മുറ്റത്തെ വെയിലിലേക്കിറങ്ങി നിന്നു. ആകാശത്തേക്കു വിരൽചൂണ്ടി. സഹസ്രദളപത്മം വിരിഞ്ഞാടിനിൽക്കും നഭസ്. മേഘദളങ്ങൾ ഒന്നിനു മുകളിൽ ഒന്നെന്നപോലെ വിരിഞ്ഞുവരുന്നു. ഉത്തുംഗങ്ങൾ, താഴ്വാരങ്ങൾ, ഗിരിമടക്കുകൾ, കന്മദമിയന്ന മന്ദാകിനികൾ. എല്ലാം മാടമ്പ് തൊട്ടുതൊട്ട് കാണിക്കുകയാണ്. “എങ്ങും പോകാതെ മുറ്റത്തേക്കിറങ്ങിനിന്ന് നഭസിലേക്കു നോക്കിയാൽ ഹിമാലയം കാണാം” - മാടമ്പ് വീണ്ടും ചിരിച്ചു. ആ വിരാട് ദർശനം ഇന്നും ഞാൻ മറന്നിട്ടില്ല.അത് പൊടുന്നനെ അസ്തമിക്കുന്നൊരു കൺകെട്ടല്ല. ഇന്നും അന്തിമയങ്ങുംമുമ്പ് വെറുതെ ആകാശത്തേക്കൊന്ന് പാളി നോക്കും. അകമേ തൊഴും. ആനന്ദത്തിന്റെ അതിരില്ലായ്മകളെ ഓർക്കും.
വാങ്ങിക്കൂട്ടിയ യാത്രാപുസ്തകങ്ങളിലധികവും ഇപ്പോൾ ഏറെ മുഷിഞ്ഞിരിപ്പാണ്. അതു വീണ്ടുമെടുത്ത് വായിക്കുമ്പോൾ പോയിടത്തേക്കുതന്നെ വീണ്ടും പോകുന്നു. എന്നിട്ടും ഞാൻ വെറുതെ പോയി വരുന്നു. ചില യാത്രകൾ വല്ലാതെ വേദനിപ്പിക്കും. ചിലത് തണുത്തുറഞ്ഞ ജലാശയങ്ങൾപോലെ മരവിപ്പിക്കും. ചിലത് സൂക്ഷ്മ സ്ഥൂല മഹാകാശ വിശുദ്ധിയിലേക്ക് ക്ഷണിക്കും.എല്ലാം ആദിയിലെങ്ങോ ആരോ കത്തിച്ചുവച്ച കെടാവിളക്കുകളാണ്.
ഊരുലകങ്ങൾ വിട്ടുപോകുമ്പോഴാകാം എന്റെ വ്യഞ്ജനങ്ങൾക്ക് മോക്ഷം ലഭിക്കുക. അതുവരെയും തമോപടലങ്ങൾക്കുമീതെയെൻ ആവിമേഘങ്ങൾക്ക് പറക്കേണ്ടതുണ്ട്. ഒന്നു പെയ്തു തീരാൻ. പൂർണശോഭയാർന്ന നക്ഷത്രദ്യുതിയായി മാറാൻ. ഇതെഴുതിനിർത്തുമ്പോൾ പാതിതുറന്ന ജനൽപ്പാളിയിലൂടെ ഒരു വെൺമേഘം വന്നു വിളിച്ചുചൊല്ലുന്നു, എവിടേക്കെങ്കിലും നിനക്കൊന്നിറങ്ങിപ്പൊയ്ക്കൂടേ എന്ന്.