x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അകം

ഡോ. ​മു​ഞ്ഞി​നാ​ട് പ​ത്മ​കു​മാ​ർ
Published: April 7, 2026 10:34 PM IST | Updated: April 7, 2026 10:34 PM IST

 എ​​വി​​ടേ​​ക്കെ​​ങ്കി​​ലും ഒ​​ന്നി​​റ​​ങ്ങി​​പ്പോ​​കൂ എ​​ന്ന് ഞാ​​നെ​​ന്നോ​​ടു​ത​​ന്നെ എ​​പ്പോ​​ഴും പ​​റ​​യാ​​റു​​ണ്ട്. ഞാ​​ന​​ത് അ​​നു​​സ​​രി​​ക്കാ​​റി​​ല്ല എ​​ന്നു​​മാ​​ത്രം. ഞാ​​നീ എ​​ഴു​​ത്തു​​മു​​റി​​യി​​ൽ മാ​​ത്രം ഒ​​തു​​ങ്ങി​​ക്കൂ​​ടു​​ന്ന ഒ​​രാ​​ളാ​​ണ്. മു​​ക്കു​​വ​​ൻ ക​​ട​​ലി​​ലേ​​ക്കു പോ​​കും​​പോ​​ലെ, കി​​ളി​​ക​​ൾ ആ​​കാ​​ശ​​ത്തേ​​ക്കു പോ​​കും​​പോ​​ലെ എ​​നി​​ക്കി​​റ​​ങ്ങി​​പ്പോ​​കാ​​ൻ ഒ​​രി​​ട​​മി​​ല്ല. അ​​ത്ത​​ര​​മൊ​​രു ഭൂ​​വി​​സ്തൃ​​തി എ​​ന്‍റെ ബാ​​ഹ്യ​​ലോ​​ക​​ത്തി​​നി​​ല്ല. മു​​റി​​ക്കു​​ള്ളി​​ൽ ച​​ട​​ഞ്ഞു​​കൂ​​ടി​​യി​​രി​​ക്കു​​മ്പോ​​ൾ എ​​ന്‍റെ​ത​​ന്നെ പ്രാ​​ചീ​​ന​​മാ​​യ അ​​ല​​ച്ചി​​ലു​​ക​​ളെ ഞാ​​നോ​​ർ​​ക്കാ​​റു​​ണ്ട്. ഘ​​നീ​​ഭ​​വി​​ച്ചു​​പോ​​യ പു​​രാ​​വൃ​​ത്ത​​ങ്ങ​​ളി​​ൽ മ​​ന​​സ് കി​​ത​​ച്ചാ​​റി നി​​ൽ​​ക്കാ​​റു​​ണ്ട്. ഒ​​രു പു​​സ്ത​​ക​​മെ​​ടു​​ത്ത് അ​​തി​​ന്‍റെ സോ​​പാ​​ന​​പ്പ​​ടി​​യി​​ലേ​​ക്കോ സ​​ർ​​വ​​ജ്ഞ​​പീ​​ഠ​​ത്തി​​ലേ​​ക്കോ ക​​യ​​റി​​ച്ചെ​​ന്നു നി​​ൽ​​ക്കു​​മ്പോ​​ൾ എ​​നി​​ക്കി​​പ്പൊ​​ഴും ധ്യാ​​ന​​ത്തി​​ലാ​​ഴാ​​ൻ ക​​ഴി​​യു​​ന്നു​​ണ്ട്. ജാ​​ല​​കം തു​​റ​​ന്നി​​ട്ടാ​​ൽ എ​​നി​​ക്കി​​പ്പോ​​ൾ ഹി​​മാ​​ല​​യം കാ​​ണാ​​മെ​​ന്നാ​​യി. ഭാ​​ഗീ​​ര​​ഥി കാ​​ണാം. പി​​ര​​മി​​ഡു​​ക​​ൾ കാ​​ണാം. പാ​​തി​​രാ​​സൂ​​ര്യ​​നെ കാ​​ണാം. ഹേ​​മ​​ന്ത​​ത്തി​​ൽ ഉ​​റ​​ഞ്ഞ ഹി​​മ​​ശൈ​​ല​​ങ്ങ​​ൾ കാ​​ണാം. ശോ​​ക​​നാ​​ശി​​നി​​ക​​ൾ കാ​​ണാം. ക​​ണ്ണ​​ട​​ച്ചാ​​ൽ മാ​​ത്രം കാ​​ണു​​ന്ന എ​​ത്ര​​യെ​​ത്ര ഗ​​ന്ധ​​മാ​​ദ​​ന​​ഗി​​രി​​നി​​ര​​ക​​ൾ. മ​​ഹാ​​യാ​​ത്രി​​ക​​ർ അ​​ർ​​ച്ച​​ന ചെ​​യ്തു വ​​ന്ന പ്ര​​തി​​ഷ്‌​​ഠ​​ക​​ളെ എ​​നി​​ക്കി​​വി​​ടെ​​യി​​രു​​ന്നാ​​ൽ പ്ര​​ദ​​ക്ഷി​​ണം ചെ​​യ്യാ​​മെ​​ന്നാ​​യി. ഞാ​​ന​​ത്ര​​മേ​​ൽ അ​​ക​​ത്തേ​​ക്ക് ന​​ട​​ന്നു ക​​ഴി​​ഞ്ഞു.

എ​​വി​​ടെ​​വ​​ച്ചാ​​ണ് എ​​ന്‍റെ യാ​​ത്ര​​ക​​ൾ മു​​റി​​ഞ്ഞു​​പോ​​യ​​തെ​​ന്ന് ഞാ​​നോ​​ർ​​ക്കാ​​റു​​ണ്ട്. അ​​തോ​​ർ​​ത്തെ​​ടു​​ക്കു​​ക അ​​ത്ര എ​​ളു​​പ്പ​​മ​​ല്ല. ചി​​ര​​പു​​രാ​​ത​​ന​​മാ​​യ ഏ​​തോ ന​​ഷ്‌​​ട​​ജാ​​ത​​ക​​ത്തി​​ന്‍റെ ശേ​​ഷി​​പ്പാ​​കാം അ​​ത്. ഒ​​രി​​ക്ക​​ൽ ശ്ര​​മ​​ണ ബ​​ള​​ഗൊ​​ള​​യി​​ൽ ഗോ​​മ​​തേ​​ശ്വ​​ര​​നെ വ​​ണ​​ങ്ങി, ആ ​​ക​​ൽ​​പ്പ​​ട​​വു​​ക​​ളൊ​​ന്നി​​ലി​​രി​​ക്കു​​മ്പോ​​ൾ ഓ​​ർ​​ത്തു, ഭൂ​​മി​​യി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ന​​ട​​ന്നി​​ട്ടു​​ള്ള മ​​ഹാ​​യാ​​ത്രി​​ക​​ൻ ആ​​രാ​​യി​​രി​​ക്കു​​മെ​​ന്ന്. അ​​തൊ​​രു ത​​ല​​കീ​​ഴാ​​യ അ​​ന്വേ​​ഷ​​ണ​​മാ​​യി​​രു​​ന്നി​​ട്ടും ഞാ​​ന​​തി​​ന്‍റെ പി​​ന്നാ​​ലെ കൂ​​ടി. ഗോ​​മ​​തേ​​ശ്വ​​ര പാ​​ദ​​ങ്ങ​​ൾ എ​​ന്‍റെ മ​​ന​​സി​​ലു​​ണ്ടാ​​യി​​രു​​ന്നു. വി​​ന്ധ്യാ​​ഗി​​രി മു​​ത​​ൽ പ​​ശ്ചി​​മ​​ജ​​ല​​ധി​​വ​​രെ ക​​ൺ​​പാ​​ർ​​ത്ത ആ ​​യോ​​ഗ​​മി​​ഴി​​ക​​ൾ ഓ​​ർ​​ക്കാ​​തി​​രു​​ന്നി​​ല്ല. എ​​ന്നി​​ട്ടും ഞാ​​നേ​​തോ അ​​ജ്ഞാ​​ത ച​​ര​​ണ​​ങ്ങ​​ൾ തേ​​ടി​​ക്കൊ​​ണ്ടേ​​യി​​രു​​ന്നു.​ ആ ​തേ​​ട​​ൽ ഒ​​രി​​ട​​ത്തും ചെ​​ന്നെ​​ത്തി​​യി​​ല്ല. ഒ​​ടു​​വി​​ൽ ഓ​​ർ​​മ​​യു​​ടെ വ​​ഴി​​യി​​ലെ​​ങ്ങോ വീ​​ണു ചി​​ത​​റി​​യ ഒ​​രു ചി​​ത്ര​​മെ​​ടു​​ത്തു ഭ​​സ്മം തൊ​​ട്ടു​​തു​​ട​​ച്ചു ഞാ​​ൻ. അ​​പ്പോ​​ൾ തി​​ള​​ക്ക​​മാ​​യ് തെ​​ളി​​ഞ്ഞു​​വ​​ന്ന​​ത് എ​​ന്‍റെ​​ത​​ന്നെ രൂ​​പ​​മാ​​യി​​രു​​ന്നു. ഊ​​തി​​ക്കെ​​ടു​​ത്തി​​യി​​ട്ടും കെ​​ടാ​​ത്ത തീ​​പ്പ​​ന്തം പോ​​ലെ. ഉ​​ള്ളി​​ൽ കു​​മി​​ഞ്ഞു​​യ​​ർ​​ന്ന ഉ​​മി​​ത്തീ ഇ​​താ​​യി​​രു​​ന്നോ? ഞാ​​ൻ വി​​ന്ധ്യാ​​ഗി​​രി​​യെ​​യും ഗോ​​മ​​തേ​​ശ്വ​​ര​​നെ​​യും നോ​​ക്കി. ഒ​​രേ ഉ​​ത്തും​​ഗ​​ത. ​ഒ​​രേ നി​​സം​​ഗ​​ത. ഗോ​​മ​​തേ​​ശ്വ​​ര പാ​​ദ​​ങ്ങ​​ൾ​​ക്ക​​രി​​കി​​ൽ ഒ​​രു ക​​ടു​​കു​​മ​​ണി​​യോ​​ളം വ​​ലു​​പ്പ​​ത്തി​​ൽ ഞാ​​ൻ നി​​ന്നു. എ​​ന്നി​​ട്ടും എ​​ന്‍റെ ശ​​ങ്ക അ​​ട​​ങ്ങി​​യി​​ല്ല. അ​​ഖ​​ണ്ഡ​​പ്ര​​പ​​ഞ്ചം ന​​ട​​ന്നു​​തീ​​ർ​​ത്ത ആ ​​മ​​ഹാ​​ച​​ര​​ണ​​ങ്ങ​​ളെ തൊ​​ട്ടു നെ​​റ്റി​​യി​​ൽ​​വ​​ച്ച് ഞാ​​നെ​​ന്‍റെ നെ​​ൻ​​മ​​ണി​​യി​​ലേ​​ക്കു​​ത​​ന്നെ തി​​രി​​ച്ചു​​ന​​ട​​ന്നു.

ഒ​​രു മ​​നു​​ഷ്യ​​ന് അ​​ക​​ത്തേ​​ക്കും പു​​റ​​ത്തേ​​ക്കു​​മു​​ള്ള യാ​​ത്ര​​ക​​ളു​​ണ്ട്. അ​​ക​​ത്തേ​​ക്കു​​ള്ള യാ​​ന​​ദൂ​​രം ആ​​രും അ​​ള​​ന്നെ​​ടു​​ക്കു​​ന്നി​​ല്ല എ​​ന്നു​​മാ​​ത്രം. പു​​റ​​ത്തെ ദൂ​​ര​​മാ​​ണ് ഉ​​ത്ത​​രാ​​യ​​നം. അ​​ക​​ത്തെ ദ​​ക്ഷി​​ണാ​​യ​​ന​​ങ്ങ​​ൾ ക​​ഴി​​ഞ്ഞാ​​ണ് ഭീ​​ഷ്മ​​ർ ഉ​​ത്ത​​രാ​​യ​​നം കാ​​ത്തു​​കി​​ട​​ന്ന​​ത്. എ​​ല്ലാ മ​​നു​​ഷ്യ​​രി​​ലും ഈ ​​കാ​​ത്തു​​കി​​ട​​പ്പു​​ണ്ട്. ഉ​​ദി​​ച്ച​​സ്ത​​മി​​ക്കാ​​ത്തൊ​​രു സൂ​​ര്യ​​നെ ക​​ണ്ടു​​വ​​ണ​​ങ്ങി വ​​ന്നു കി​​ട​​ക്കു​​ക​​യാ​​ണ്. അ​​ക​​ത്തെ മാ​​മാ​​ങ്ക​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്ന് ത​​ല​​നാ​​രി​​ഴ​​യ്ക്ക് ര​​ക്ഷ​​പ്പെ​​ട്ടു​​വ​​ന്നു കി​​ട​​ക്കു​​ന്ന ചാ​​വേ​​റാ​​ണ്.

ശ​​പി​​ക്ക​​പ്പെ​​ട്ട ഉ​​യി​​ർ​​പ്പി​​ന്‍റെ തി​​രു​​മു​​റി​​വു​​ക​​ളു​​മാ​​യി വ​​ന്നു കി​​ട​​ക്കു​​ക​​യാ​​ണ്. അ​​ന​​ന്ത​​കോ​​ടി തീ​​ർ​​ഥ​​സ്ഥ​​ലി​​ക​​ളി​​ലൂ​​ടെ ഒ​​ഴു​​കി​​യ അ​​മൃ​​ത​​ധാ​​ര​​യി​​ൽ മു​​ങ്ങി​​നി​​വ​​ർ​​ന്ന് ന​​ന​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്. ആ​​രും ആ ​​ദൂ​​ര​​ങ്ങ​​ൾ അ​​റി​​യു​​ന്നി​​ല്ല. പു​​റ​​ത്തെ ലോ​​കം ക​​ണ്ട് ഭ്ര​​മി​​ക്കു​​ന്ന​​വ​​രാ​​ണ് അ​​ധി​​ക​​വും. അ​​വ​​ർ മോ​​ഹാ​​ന്ധ​​കാ​​ര സ​​ഞ്ചാ​​രി​​ക​​ളാ​​ണ്. അ​​വ​​ർ അ​​റ്റ്‌​​ലാ​​ന്‍റി​​ക് സാ​​ഗ​​ര​​ത്തി​​നു മു​​ൻ​​പി​​ൽ ചെ​​ന്നു​​നി​​ൽ​​ക്കു​​മ്പോ​​ഴും ഉ​​ള്ളി​​ലെ ക​​ട​​ൽ കാ​​ണു​​ന്നി​​ല്ല. അ​​വ​​ർ ആ​​ൽ​​പ്സി​​നു മു​​ൻ​​പി​​ൽ ചെ​​ന്നു​​നി​​ൽ​​ക്കു​​മ്പോ​​ഴും ഉ​​ള്ളി​​ലെ ഉ​​ത്തും​​ഗ ഹി​​മ​​ശൈ​​ല​​ശൃം​​ഗ​​ങ്ങ​​ൾ കാ​​ണു​​ന്നി​​ല്ല. ഉ​​ള്ളി​​ലെ ഗു​​പ്ത​​സ​​ര​​സ്വ​​തി​​യു​​ടെ ഉ​​റ​​വ തേ​​ടാ​​തെ ത​​ല​​ക്കാ​​വേ​​രി​​യി​​ലേ​​ക്കും ഗോ​​മു​​ഖി​​ലേ​​ക്കും പോ​​കു​​ന്നു. ഇ​​ത് അ​​നു​​സ​​ര​​ണ​​കെ​​ട്ട മ​​നു​​ഷ്യപ്ര​​കൃ​​തി​​യാ​​ണ്. അ​​ങ്ങ​​നെ അ​​ത് ന​​ട​​ന്നേ​​തീ​​രൂ എ​​ന്ന് അ​​വ​​ധൂ​​ത​​ർ.

ഒ​​രി​​ക്ക​​ൽ ഒ​​രു​​ച്ചക​​ഴി​​ഞ്ഞ​​ നേ​​ര​​ത്ത് വാ​​ടി​​ത്ത​​ള​​ർ​​ന്ന കാ​​ശി​​ത്തു​​മ്പ​​പോ​​ലെ ഞാ​​ൻ മാ​​ട​​മ്പ് മ​​ന​​യി​​ലെ​​ത്തി. കു​​ഞ്ഞി​​ക്കു​​ട്ട​​ൻ വ​​രാ​​ന്ത​​യി​​ൽ വി​​ശ്ര​​മി​​ക്കു​​ക​​യാ​​ണ്. എ​​ന്നെ ക​​ണ്ട​​പ്പോ​​ൾ ഒ​​രു ചോ​​ദ്യം. “താ​​ൻ ഹി​​മാ​​ല​​യം തൃ​​ക്ക​​ൺ പാ​​ർ​​ത്തി​​ട്ടു​​ണ്ടോ?” ​​എ​​ന്ന്. എ​​നി​​ക്ക് ആ​​ലോ​​ചി​​ക്കേ​​ണ്ടി​​വ​​ന്നി​​ല്ല. “ഇ​​ല്ല” എ​​ന്നു​​റ​​പ്പി​​ച്ച് മ​​റു​​പ​​ടി പ​​റ​​ഞ്ഞു. മാ​​ട​​മ്പ് ചി​​രി​​ച്ചു.

“എ​​ന്നാ​​ൽ ഇ​​പ്പോ​​ൾ ത​​ന്നെ കാ​​ട്ടി​​ത്ത​​രാം” എ​​ന്നു പ​​റ​​ഞ്ഞ് മാ​​ട​​മ്പ് മു​​റ്റ​​ത്തെ വെ​​യി​​ലി​​ലേ​​ക്കി​​റ​​ങ്ങി നി​​ന്നു. ആ​​കാ​​ശ​​ത്തേ​​ക്കു വി​​ര​​ൽ​​ചൂ​​ണ്ടി. സ​​ഹ​​സ്ര​​ദ​​ള​​പ​​ത്മം വി​​രി​​ഞ്ഞാ​​ടി​​നി​​ൽ​​ക്കും ന​​ഭ​​സ്. മേ​​ഘ​​ദ​​ള​​ങ്ങ​​ൾ ഒ​​ന്നി​​നു​​ മു​​ക​​ളി​​ൽ ഒ​​ന്നെ​​ന്ന​​പോ​​ലെ വി​​രി​​ഞ്ഞു​​വ​​രു​​ന്നു. ഉ​​ത്തും​​ഗ​​ങ്ങ​​ൾ, താ​​ഴ്‌​വാ​​ര​​ങ്ങ​​ൾ, ഗി​​രി​​മ​​ട​​ക്കു​​ക​​ൾ, ക​​ന്മ​​ദ​​മി​​യ​​ന്ന മ​​ന്ദാ​​കി​​നി​​ക​​ൾ. എ​​ല്ലാം മാ​​ട​​മ്പ് തൊ​​ട്ടു​​തൊ​​ട്ട് കാ​​ണി​​ക്കു​​ക​​യാ​​ണ്. “എ​​ങ്ങും പോ​​കാ​​തെ മു​​റ്റ​​ത്തേ​​ക്കി​​റ​​ങ്ങി​​നി​​ന്ന് ന​​ഭ​​സി​​ലേ​​ക്കു നോ​​ക്കി​​യാ​​ൽ ഹി​​മാ​​ല​​യം കാ​​ണാം” - മാ​​ട​​മ്പ് വീ​​ണ്ടും ചി​​രി​​ച്ചു. ആ ​​വി​​രാ​​ട് ദ​​ർ​​ശ​​നം ഇ​​ന്നും ഞാ​​ൻ മ​​റ​​ന്നി​​ട്ടി​​ല്ല.​​അ​​ത് പൊ​​ടു​​ന്ന​​നെ അ​​സ്ത​​മി​​ക്കു​​ന്നൊ​​രു ക​​ൺ​​കെ​​ട്ട​​ല്ല. ഇ​​ന്നും അ​​ന്തി​​മ​​യ​​ങ്ങും​​മു​​മ്പ് വെ​​റു​​തെ ആ​​കാ​​ശ​​ത്തേ​​ക്കൊ​​ന്ന് പാ​​ളി നോ​​ക്കും. അ​​ക​​മേ തൊ​​ഴും. ആ​​ന​​ന്ദ​​ത്തി​​ന്‍റെ അ​​തി​​രി​​ല്ലാ​​യ്മ​​ക​​ളെ ഓ​​ർ​​ക്കും.

വാ​​ങ്ങി​​ക്കൂ​​ട്ടി​​യ യാ​​ത്രാ​​പു​​സ്ത​​ക​​ങ്ങ​​ളി​​ല​​ധി​​ക​​വും ഇ​​പ്പോ​​ൾ ഏ​​റെ മു​​ഷി​​ഞ്ഞി​​രി​​പ്പാ​​ണ്. അ​​തു വീ​​ണ്ടു​​മെ​​ടു​​ത്ത് വാ​​യി​​ക്കു​​മ്പോ​​ൾ പോ​​യി​​ട​​ത്തേ​​ക്കു​​ത​​ന്നെ വീ​​ണ്ടും പോ​​കു​​ന്നു. എ​​ന്നി​​ട്ടും ഞാ​​ൻ വെ​​റു​​തെ പോ​​യി വ​​രു​​ന്നു. ചി​​ല യാ​​ത്ര​​ക​​ൾ വ​​ല്ലാ​​തെ വേ​​ദ​​നി​​പ്പി​​ക്കും. ചി​​ല​​ത് ത​​ണു​​ത്തു​​റ​​ഞ്ഞ ജ​​ലാ​​ശ​​യ​​ങ്ങ​​ൾ​​പോ​​ലെ മ​​ര​​വി​​പ്പി​​ക്കും. ചി​​ല​​ത് സൂ​​ക്ഷ്മ സ്ഥൂ​​ല മ​​ഹാ​​കാ​​ശ വി​​ശു​​ദ്ധി​​യി​​ലേ​​ക്ക് ക്ഷ​​ണി​​ക്കും.​​എ​​ല്ലാം ആ​​ദി​​യി​​ലെ​​ങ്ങോ ആ​​രോ ക​​ത്തി​​ച്ചു​​വ​​ച്ച കെ​​ടാ​​വി​​ള​​ക്കു​​ക​​ളാ​​ണ്.

ഊ​​രു​​ല​​ക​​ങ്ങ​​ൾ വി​​ട്ടു​​പോ​​കു​​മ്പോ​​ഴാ​​കാം എ​​ന്‍റെ വ്യ​ഞ്ജ​​ന​​ങ്ങ​​ൾ​​ക്ക് മോ​​ക്ഷം ല​​ഭി​​ക്കു​​ക. അ​​തു​​വ​​രെ​​യും ത​​മോ​​പ​​ട​​ല​​ങ്ങ​​ൾ​​ക്കു​​മീ​​തെ​​യെ​​ൻ ആ​​വി​മേ​​ഘ​​ങ്ങ​​ൾ​​ക്ക് പ​​റ​​ക്കേ​​ണ്ട​​തു​​ണ്ട്. ഒ​​ന്നു പെ​​യ്തു തീ​​രാ​​ൻ. പൂ​​ർ​​ണ​​ശോ​​ഭ​​യാ​​ർ​​ന്ന ന​​ക്ഷ​​ത്ര​​ദ്യു​​തി​​യാ​​യി മാ​​റാ​​ൻ. ഇ​​തെ​​ഴു​​തി​​നി​​ർ​​ത്തു​​മ്പോ​​ൾ പാ​​തി​​തു​​റ​​ന്ന ജ​​ന​​ൽ​​പ്പാ​​ളി​​യി​​ലൂ​​ടെ ഒ​​രു വെ​​ൺ​​മേ​​ഘം വ​​ന്നു വി​​ളി​​ച്ചു​​ചൊ​​ല്ലു​​ന്നു, എ​​വി​​ടേ​​ക്കെ​​ങ്കി​​ലും നി​​ന​​ക്കൊ​​ന്നി​​റ​​ങ്ങി​​പ്പൊ​​യ്ക്കൂ​​ടേ എ​​ന്ന്.

Tags : Akam Kadarsis

Recent News

Corehub Up