ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം (ഫയൽ ചിത്രം)
ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാജ്യമായ ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി കുടിയേറ്റവിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രധാനമായും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെയാണ് ഈ പ്രക്ഷോഭം ലക്ഷ്യമിടുന്നത്. ജൂൺ 30നകം സ്വമേധയാ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് നിരവധി പേർ മടങ്ങിപ്പോയി.
രേഖകളില്ലാത്ത ഏകദേശം 25 ലക്ഷം കുടിയേറ്റക്കാരിൽ 53,000 പേരെ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനുശേഷം എല്ലാ വ്യാഴാഴ്ചയും പ്രധാന നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടക്കുന്നു. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ നിയമം കൈയിലെടുത്ത് കുടിയേറ്റക്കാരെ തിരിച്ചറിയാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വർണവിവേചന ഭരണത്തിനു ശേഷം ദക്ഷിണാഫ്രിക്കയിൽ നൂറുകണക്കിന് വിദേശിവിരുദ്ധ (സെനോഫോബിക്) ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇത്തരം ആക്രമണങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഗണ്യമായൊരു വിഭാഗം ദക്ഷിണാഫ്രിക്കക്കാരായിരുന്നു. വിദേശികളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരിൽ പലരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്തത്.
ഒരുകാലത്ത് പാൻ- ആഫ്രിക്കനിസത്തിന്റെ ശക്തമായ വക്താവായിരുന്ന ദക്ഷിണാഫ്രിക്ക ഇന്ന് സ്വന്തം സഹ ആഫ്രിക്കൻ ജനതയ്ക്കെതിരായ വിദേശിവിരുദ്ധ വികാരങ്ങളുടെ കേന്ദ്രമായി മാറിയെന്നത് വലിയ വൈരുധ്യമാണ്.
►പ്രതിഷേധത്തിനു പിന്നിലെ യാഥാർഥ്യങ്ങൾ
ഈ പ്രക്ഷോഭത്തെ വെറും വിദേശിവിരുദ്ധ വികാരമായി മാത്രം കാണുന്നത് യാഥാർഥ്യത്തെ ലഘൂകരിക്കുന്നതാണ്. അതേസമയം എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. ദക്ഷിണാഫ്രിക്ക ലോകത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നേരിടുന്ന രാജ്യങ്ങളിലൊന്നാണ്. യുവജന തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം, കടുത്ത അസമത്വം, ദാരിദ്ര്യം, വൈദ്യുതി ക്ഷാമം, ഭവനപ്രശ്നം, അഴിമതി, ദുർബലമായ ഭരണസംവിധാനം എന്നിവ ജനങ്ങളിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർ തൊഴിൽ നഷ്ടപ്പെടുത്തുന്നു, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നു, സർക്കാർ ആശുപത്രികളിലും വിദ്യാലയങ്ങളിലും അധികഭാരം സൃഷ്ടിക്കുന്നു, കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നു എന്ന വിശ്വാസം ശക്തിപ്പെട്ടിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയുടെ വികസിത സമ്പദ്വ്യവസ്ഥ സിംബാബ്വെ, മൊസാംബിക്, മലാവി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, സൊമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ആകർഷിച്ചിട്ടുണ്ട്. നിയമാനുസൃതമായി എത്തിയവരും രേഖകളില്ലാതെ എത്തിയവരും ഇതിലുണ്ട്. അതിനാൽ അതിർത്തി നിയന്ത്രണവും കുടിയേറ്റ നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കലും സർക്കാരിന്റെ ന്യായമായ ഉത്തരവാദിത്വമാണെന്ന കാര്യത്തിൽ സംശയമില്ല.
►നിയമവാഴ്ചയുടെ പരീക്ഷണം
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെ നയിക്കുന്നത് ഒരൊറ്റ സംഘടനയല്ല. ഓപ്പറേഷൻ ദുദുല (Operation Dudula), മാർച്ച് ആൻഡ് മാർച്ച് (March and March), യുണൈറ്റഡ് സൗത്ത് ആഫ്രിക്ക, പുട്ട് സൗത്ത് ആഫ്രിക്കൻസ് ഫസ്റ്റ് തുടങ്ങിയ വിവിധ സംഘടനകളുടെ അയഞ്ഞ കൂട്ടായ്മയാണ് ഈ പ്രസ്ഥാനം. അതിർത്തി സുരക്ഷ ശക്തമാക്കുക, രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുക, തൊഴിൽ, പാർപ്പിടം, ആരോഗ്യം എന്നിവയിൽ ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.
ഈ ആവശ്യങ്ങളിൽ പലതും ഒരു പരമാധികാര രാഷ്ട്രത്തിന്റെ നിയമാനുസൃത അധികാരപരിധിയിലാണ്. എന്നാൽ, സർക്കാർ നിർവഹിക്കേണ്ട ചുമതലകൾ ജനക്കൂട്ടങ്ങൾ ഏറ്റെടുക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക, കടകൾ പരിശോധിക്കുക, വിദേശികളെന്ന് സംശയിക്കുന്നവരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ നടപടികൾ നിയമവാഴ്ചയെ ദുർബലപ്പെടുത്തുകയും ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാവുകയും ചെയ്യുന്നു.
വർണവിവേചന ഭരണത്തിന്റെ കഠിനമായ അനുഭവങ്ങളിൽനിന്നാണ് ദക്ഷിണാഫ്രിക്കയുടെ ഭരണഘടന രൂപംകൊണ്ടത്. അതിനാൽ കുടിയേറ്റനിയമങ്ങൾ കർശനമായി നടപ്പാക്കുമ്പോഴും മനുഷ്യാവകാശങ്ങളും നിയമപരമായ നടപടിക്രമങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.
►വിമർശനങ്ങളും പ്രാദേശിക പ്രത്യാഘാതങ്ങളും
കുടിയേറ്റക്കാർ ദക്ഷിണാഫ്രിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുവെന്നും രാജ്യത്തിന്റെ ഘടനാപരമായ സാമ്പത്തിക പ്രതിസന്ധികൾക്ക് അവരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും മനുഷ്യാവകാശ സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ പലപ്പോഴും നിയമപരമായി താമസിക്കുന്ന കുടിയേറ്റക്കാരെയും അഭയാർഥികളെയും ഭയത്തിന്റെയും ആക്രമണത്തിന്റെയും ഇരകളാക്കുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ഇതിന്റെ സ്വാധീനം ദക്ഷിണാഫ്രിക്കയുടെ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നില്ല. വർണവിവേചനത്തിനെതിരായ പോരാട്ടകാലത്ത് ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് അഭയവും പരിശീലനവും സാമ്പത്തിക സഹായവും നൽകിയ നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ന് തങ്ങളുടെ പൗരന്മാർക്കെതിരായ ആക്രമണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഈ പ്രക്ഷോഭം പാൻ-ആഫ്രിക്കൻ ഐക്യത്തിനും ദക്ഷിണാഫ്രിക്കയുടെ പ്രാദേശിക നേതൃപങ്കിനും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
സാമ്പത്തികരംഗത്തും പ്രത്യാഘാതങ്ങൾ പ്രകടമാണ്. കുടിയേറ്റക്കാർ നടത്തുന്ന സ്പാസ (Spaza) കടകൾ അടച്ചുപൂട്ടിയാൽ അവയുടെ സ്ഥാനത്ത് ഉടൻ പ്രാദേശിക സംരംഭങ്ങൾ ഉയർന്നുവരുമെന്നുറപ്പില്ല. കൃഷി, നിർമാണം, ആതിഥേയ സേവനമേഖല, ഗാർഹിക തൊഴിൽ, ചെറുകിട വ്യാപാരം എന്നിവ കുടിയേറ്റ തൊഴിലാളികളെ ഗണ്യമായി ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ കുടിയേറ്റക്കാരുടെ തൊഴിൽ പെട്ടെന്ന് ഇല്ലാതായാൽ തൊഴിലാളി ക്ഷാമവും ഉത്പാദനച്ചെലവിലെ വർധനയും സാമ്പത്തിക മന്ദഗതിയും ഉണ്ടാകാൻ സാധ്യതയുണ്ട്.
►ഇന്ത്യൻ സമൂഹത്തിന്റെ ആശങ്ക
പ്രതിഷേധങ്ങൾ പ്രധാനമായും രേഖകളില്ലാത്ത ആഫ്രിക്കൻ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നതാണെങ്കിലും അതിന്റെ അന്തരീക്ഷം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിയമാനുസൃതമായി ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാർ, അധ്യാപകർ, ഐടി വിദഗ്ധർ, എൻജിനിയർമാർ, ഗവേഷകർ തുടങ്ങിയവർ രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നവരാണ്.
അതേസമയം, 1860 മുതൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജർ ഇന്ന് ആ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. മഹാത്മാഗാന്ധി, യൂസഫ് ദാദു, അഹമ്മദ് കത്രാഡ, ഫാത്തിമ മീർ തുടങ്ങിയ നേതാക്കളുടെ സംഭാവനകൾ ദക്ഷിണാഫ്രിക്കയുടെ ദേശീയചരിത്രത്തിന്റെ ഭാഗമാണ്. അതിനാൽ ഇന്നത്തെ കുടിയേറ്റചർച്ചയിൽ ദക്ഷിണാഫ്രിക്കൻ ഇന്ത്യക്കാരെ ‘വിദേശികൾ’ എന്ന നിലയിൽ കാണുന്നത് ചരിത്രപരമായും ഭരണഘടനാപരമായും തെറ്റാണ്. എന്നിരുന്നാലും വിദേശിവിരുദ്ധ വികാരങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്കും ഇന്ത്യൻ പ്രഫഷണലുകൾക്കും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികമാണ്.
►എഎൻസിയുടെ ക്ഷയവും തെരഞ്ഞെെടുപ്പ് രാഷ്ട്രീയവും
കുടിയേറ്റവിരുദ്ധ പ്രക്ഷോഭം സാമൂഹിക പ്രശ്നം മാത്രമല്ല, ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തെയും മാറ്റിമറിക്കുന്ന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. വർണവിവേചനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി മൂന്നു പതിറ്റാണ്ടോളം രാജ്യത്തെ ഭരിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) സമീപ വർഷങ്ങളിൽ അഴിമതി ആരോപണങ്ങൾ, സാമ്പത്തിക മുരടിപ്പ്, വൈദ്യുതി പ്രതിസന്ധി, തൊഴിലില്ലായ്മ, ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം ജനപിന്തുണയിൽ ഗണ്യമായ ഇടിവ് നേരിട്ടു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി പാർട്ടിക്ക് ദേശീയതലത്തിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെടുകയും സഖ്യഭരണത്തെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
സമീപകാല സർവേകളിൽ എഎൻസിക്ക് ഏകദേശം 35-40 ശതമാനം പിന്തുണയാണ് ലഭിക്കുന്നത്. ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) രണ്ടാമത്തെ വലിയ ശക്തിയായി നിലനിൽക്കുമ്പോൾ, ജേക്കബ് സുമയുടെ എം.കെ. പാർട്ടിയും ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സും ചില പ്രവിശ്യകളിൽ ശക്തമായ സ്വാധീനം തുടരുന്നു. പ്രത്യേകിച്ച് ഗൗട്ടെങ്, ക്വാസുലു-നറ്റാൽ തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ സഖ്യരാഷ്ട്രീയമാണ് അധികാരനിർണയത്തെ സ്വാധീനിക്കുക.
നിരവധി മുനിസിപ്പാലിറ്റികളിൽ സഖ്യഭരണങ്ങൾ വീണ്ടും അനിവാര്യമാകുമെന്നാണ് രാഷ്ട്രീയ വിശകലനക്കാരുടെ പൊതുവിലയിരുത്തൽ. എഎൻസിയും ഡിഎയും തമ്മിലുള്ള ദേശീയ ഐക്യസർക്കാർ ആശയപരമായ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിലും സാമ്പത്തിക വിശ്വാസം നിലനിർത്തുന്നതിലും ഇതുവരെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്നതിനനുസരിച്ച് ഈ സഹകരണം കൂടുതൽ സമ്മർദങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
►മുന്നോട്ടുള്ള വഴി
ദക്ഷിണാഫ്രിക്ക നേരിടുന്ന വെല്ലുവിളി കുടിയേറ്റത്തെ എങ്ങനെ നിയന്ത്രിക്കാമെന്നത് മാത്രമല്ല; നിയമവാഴ്ചയും ഭരണഘടനയും മനുഷ്യാവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ന്യായമായ ആശങ്കകൾക്ക് എങ്ങനെ പരിഹാരം കാണാമെന്നതാണ്. അതിർത്തി നിയന്ത്രണം ശക്തിപ്പെടുത്തുകയും കുടിയേറ്റനിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ തൊഴിലില്ലായ്മ, അസമത്വം, അഴിമതി, സാമ്പത്തിക മുരടിപ്പ് തുടങ്ങിയ ഘടനാപരമായ പ്രശ്നങ്ങൾക്ക് കുടിയേറ്റക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് പരിഹാരമല്ല.
ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യത്തിന്റെ ശക്തി അളക്കപ്പെടുന്നത് ഈ പ്രതിസന്ധിയെ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയായിരിക്കും. ജനങ്ങളുടെ സുരക്ഷയും ദേശീയ താത്പര്യവും സംരക്ഷിക്കുന്നതിനൊപ്പം നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ മാത്രമേ ആ രാജ്യത്തിന് പാൻ-ആഫ്രിക്കൻ ഐക്യത്തിന്റെയും ഭരണഘടനാപരമായ ജനാധിപത്യത്തിന്റെയും പാരമ്പര്യത്തോട് നീതി പുലർത്താൻ കഴിയൂ.
(ലേഖകൻ ഗവേഷണ ജേർണൽ ആയ ‘ഗാന്ധി മാർഗി’ന്റെ ചീഫ് എഡിറ്ററും ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നറ്റാൽ സർവകലാശാലയിലെ
മുൻ പ്രഫസറുമാണ്)
Tags : SouthAfrica Protests Antiimmigration concerns challenges Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash