ഡൽഹിയിലെ വിദ്യാർഥി സമരം (ഫയൽ ചിത്രം)
ജെൻ സികളെ ഒരിക്കലും തല്ലി ശരിയാക്കാൻ പറ്റില്ലെന്ന് നമ്മുടെ തലമുറയിൽപ്പെട്ട മാതാപിതാക്കൾക്കു നന്നായറിയാം. ഡൽഹി ജന്തർ മന്തറിലെ പാറ്റ സമരം ഭരണകൂടത്തിനും അത് മനസിലാക്കികൊടുത്തു. വാട്സാപ്പും ഇൻസ്റ്റഗ്രാമും തമ്മിലുള്ള പോരാട്ടമായിരുന്നു. രണ്ടും ഒരു കമ്പനിയുടെ സ്കൂളുകളാണെങ്കിലും രണ്ട് തലമുറകളാണ്. ദേശദ്രോഹികൾ, ടൂൾകിറ്റ് ഗ്യാങ്, അർബൻ നക്സൽ, വിദേശ ഫണ്ട്, അന്താരാഷ്ട്ര കുത്തിത്തിരിപ്പ്, തീവ്രവാദി തുടങ്ങിയ സ്ഥിരം ചാപ്പയടി നുണ വാട്സാപ്പ് പ്രയോഗങ്ങളൊന്നും ഇൻസ്റ്റഗ്രാമികളുടെയടുത്ത് വേവില്ല.
ജെൻ സി സമരം വേറെ ലെവല്!
പോലീസ് ലാത്തി വീശുമ്പോൾ ദേശീയഗാനം പാടുക, ബാരിക്കേഡിന് ഇരുവശവും നിന്ന് ബാഡ്മിന്റൺ കളിക്കുക, ഇന്റർനെറ്റ് വിച്ഛേദി ക്കുമ്പോൾ ബ്ലൂടൂത്തിൽ വർക്ക് ചെയ്യുന്ന ആപ്പുകൾ ഉപയോഗിക്കുക, പോലീസുകാരുടെ അടുത്തു ചെന്ന് ‘അങ്കിൾ, വെള്ളം ചീറ്റിച്ചു തരാമോ’ ടിയർ ഗ്യാസ് ഇല്ലേ? ഇന്നലത്തേത് ചിലത് പൊട്ടിയില്ല; ഇന്ന് പുതിയത് വേണേ, അല്ലെങ്കിൽ ഒരു ഗുമ്മില്ല, എന്നു പറയുക. പെല്ലറ്റ് തോക്കും മുള്ളാണി ലാത്തിയും വേണ്ടാട്ടോ. സമരം നീറ്റിനെതിരേ ആണെങ്കിലും നീറ്റിക്കല്ലേ എന്ന് പുഞ്ചിരിയോടെ പറയുക. പോലീസുകാർക്ക് ഭക്ഷണം, പൂവ് എന്നിവ കൊടുക്കുക, കോമഡി മീമുകളും റീലുകളും വൈറലാക്കുക എല്ലാം ജെൻ സിയുടെ തഗ് മൂവുകളായിരുന്നു. വാട്ടർ കാനൻ ‘റെയിൻ ഡാൻസ്’ ആക്കി കിടുവായി. ‘സാറേ, ഇത്തിരി തണുത്ത വെള്ളം അടിക്കണേ’ എന്നും പറഞ്ഞ് പാട്ടും ഡാൻസുമായി പൊളിച്ചു. തടയാൻ കെട്ടിയ കയറ് പിടിച്ച് ബിഹാറിലെ പിള്ളേർ നിയമപാലകരെക്കൊണ്ട് റോഡിൽ വടംവലി കളിപ്പിച്ച ഐഡിയ വേറെ ലെവലായിരുന്നു.
അടി വാങ്ങാൻ പോകുമ്പോഴും ഫോണിൽ നോക്കി ചിരിച്ചുകൊണ്ട് കണ്ടന്റ് ഉണ്ടാക്കുന്ന സമരമുറ കണ്ട് പോലീസുകാർ അന്തംവിട്ടു കാണും. കൊട്ടാരം വിദൂഷകരായിരുന്ന ഗോദി മീഡിയയെ യുവാക്കൾ സമരഭൂമിയിൽനിന്ന് ആട്ടിപ്പായിച്ചു. പകരം, ഓൺലൈൻ വഴി ഒത്തുകൂടി. തലയിൽ കൈവയ്ക്കുന്ന പെറ്റമ്മ സഹിക്കില്ലാത്ത തരം കുരുത്തക്കേടുകളാണ് ജെൻ സികളുടെ കൈയിൽ. ചുരുക്കത്തിൽ, നമ്മളൊക്കെ വീട്ടിൽ അനുഭവിക്കുന്നത് സർക്കാർ തെരുവിൽ അനുഭവിച്ചു. അത്രതന്നെ.
യുവാക്കളുടെ വിപ്ലവം, മുന്നറിയിപ്പ്
ഇന്ത്യൻ യുവാക്കളുടെ രണ്ടരമാസ വിപ്ലവം അധികാരോന്മത്തരായ രാഷ്ട്രീയക്കാർക്കെല്ലാം മുന്നറിയിപ്പാണ്. ബുൾഡോസറുകൾ തച്ചുടച്ച ജനാധിപത്യ, മതേതരാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മനുഷ്യപ്പാറ്റകൾ തക്കം പാർത്തിരിക്കുന്നുണ്ടാകും. തൊഴിൽരഹിതർ, വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയവർ, പാർശ്വവത്കരിക്കപ്പെട്ടവർ, ന്യൂനപക്ഷങ്ങൾ, ദളിതർ. പാറ്റകളാകാൻ കാത്തിരിക്കുന്നവർ ഏറെ. ഭയപ്പെടുത്തലിന്റെ കോട്ടകൾ പാറ്റ കരണ്ടു. ഇഡിയെ, സിബിഐയെ ഭയക്കുന്ന പ്രതിപക്ഷമല്ല മറുവശത്ത്. ജനാധിപത്യത്തിന്റെ വഴിയിലേക്കു മടങ്ങിയില്ലെങ്കിൽ അപ്രതീക്ഷിത ചികിത്സകൾക്കു വിധേയമാകേണ്ടിവരും. അലസരായിരുന്നാൽ പ്രതിപക്ഷത്തിന്റെ അവസാന ബസും കടന്നുപോകും.
‘ഓണററി കോക്രോച്ച്’ എന്ന് സ്വയം വിശേഷിപ്പിച്ച ഗാന്ധിയൻ സോനം വാംഗ്ചുകിന്റെ നിരാഹാരസമരം ഇന്ത്യൻ സ്വാതന്ത്ര്യസമര പാരമ്പര്യത്തിലെ ഏറ്റവും പഴയ പ്രതിഷേധ രീതിയാണ്. ജെൻ സിയുടെ ഡിജിറ്റൽ ഭാഷയും ഗാന്ധിയൻ സത്യഗ്രഹവും കൈകോർത്തത് ശ്രദ്ധേയമാണ്.
പുതുമയുള്ള പ്രതിഷേധം
ആക്ഷേപഹാസ്യ ബ്രാൻഡിംഗ്, നേതൃരഹിത ഡിജിറ്റൽ സംഘാടനം, ഒറ്റത്തവണ മാർച്ചുകൾക്ക് പകരം ദീർഘകാല സമരം. സിജെപി പ്രതിഷേധത്തിന്റെ പുതുമകളാണ്. പോലീസ് ക്യാമ്പ് പൊളിച്ചുനീക്കിയപ്പോൾ ഉടൻ തിരിച്ചെത്തി, “ഞങ്ങൾ ഇവിടെ നിലകൊള്ളും” എന്ന് പ്രഖ്യാപിച്ചു. പോലീസ് അതിക്രമത്തിൽ പരിക്കേറ്റവർ ധൈര്യത്തോടെ ബാൻഡേജുകളുമായി സമരപ്പന്തലിൽ തിരിച്ചെത്തിയത് “നിങ്ങൾ ഭയപ്പെടാൻ വിസമ്മതിച്ചാൽ നിങ്ങളെ ഭയപ്പെടുത്താൻ ആർക്കും സാധിക്കുകയില്ല” എന്ന ഗാന്ധിയന് സിദ്ധാന്തത്തിന്റെ പ്രതിഫലനമായിരുന്നു. അവർ പരിക്കുകളും മുറിവുകളും സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു. മുംബൈയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്ക് സധൈര്യം സമരക്കാരെ കയറ്റിയ ബസ് തടഞ്ഞത് ഈ പ്രക്ഷോഭത്തിന്റെ മാസ്റ്റർപീസ് ദൃശ്യമായിരുന്നു.
ഗാന്ധിയൻ x ജെൻ സി സമന്വയം
ജൂലൈ 20ലെ അടിച്ചമർത്തലിനെത്തുടർന്ന്, നേതൃത്വം ഒരു തന്ത്രപരമായ പിന്മാറ്റം നടത്തി: “ഞങ്ങൾ വീണ്ടും മാർച്ച് നടത്തില്ല. കാരണം, പോലീസ് യുവാക്കളെ ഉപദ്രവിക്കും.” പ്രകോപനത്തിന് വഴങ്ങാതെ, തന്ത്രപരമായി പ്രതിഷേധ രീതി മാറ്റുന്ന സമീപനം ഗാന്ധി ചൗരി ചൗരയിൽ പ്രയോഗിച്ചതാണ്. പ്രതിഷേധം ആഴ്ചകളോളം നിലനിർത്തിക്കൊണ്ട്, പരീക്ഷാ ചോർച്ചയെക്കുറിച്ച് പരസ്യ അഭിപ്രായം പറയാൻ സർക്കാരിനെ നിർബന്ധിതരാക്കി. ഒരൊറ്റ ഏറ്റുമുട്ടലിനു പകരം നിരന്തരമായുള്ള സമ്മർദം എന്ന പഴയ ഗാന്ധിയൻ രീതി പുതിയ ജെൻ സി രീതിയുമായി സമന്വയിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.
വിദ്യാഭ്യാസ മന്ത്രിക്ക് ഡയപ്പറുകളിൽ ഒപ്പിട്ട് അയച്ച് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച അടയ്ക്കാൻ സഹായിക്കാൻ ജനങ്ങളെ ക്ഷണിച്ചതും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാത്രം കൊട്ടി നൃത്തം ചെയ്തതും ഇത്തരം സർഗാത്മക പ്രതിഷേധ രീതികളിൽ ഉൾപ്പെടുന്നു. കോക്രോച്ച് വേഷം ധരിച്ച് വോളന്റിയർമാർ പ്രതിഷേധങ്ങളിലും ശുചീകരണ യജ്ഞങ്ങളിലും പങ്കെടുത്തതും ശ്രദ്ധേയമായി.
അഹിംസാത്മക നിയന്ത്രണം
ഗാന്ധിജിയുടെ ഉപ്പ് സത്യഗ്രഹവും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും പോലും ബ്രിട്ടീഷുകാരിൽനിന്ന് ആവശ്യപ്പെട്ടത് നേരിട്ട് നേടിയെടുത്തില്ല. എന്നാൽ, ന്യായമായ ആവശ്യങ്ങളെ അധികാരം ആവർത്തിച്ച് നിരാകരിക്കുന്നത് കൊളോണിയൽ ഭരണത്തിന്റെ നിയമസാധുതയെ ക്ഷയിപ്പിച്ചു.
പോലീസിന്റെ ബലപ്രയോഗത്തോട് പ്രതിഷേധക്കാർ പൊതുവെ അഹിംസാത്മകമായ നിയന്ത്രണം പാലിച്ചു. അക്രമത്തിന് അക്രമംകൊണ്ട് മറുപടി നൽകാതെ അഹിംസാത്മകമായ സ്ഥൈര്യം, തന്ത്രപരമായ പിന്മാറ്റം, സ്ഥലം വിടാതെയുള്ള സമാധാനപരമായ ഇരിപ്പുസമരം ഇതൊക്കെ ഗാന്ധിയൻ അഹിംസാ തത്വങ്ങളോട് അടുത്തുനിൽക്കുന്നു.
26 ദിവസത്തെ നിരാഹാര സമരത്തിനു പിന്നാലെ ചികിത്സയിലായിരുന്ന സോനം വാംഗ്ചുക് ആശുപത്രി വിട്ട ഉടൻ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് പറഞ്ഞു, “മഹാത്മാഗാന്ധി കാണിച്ച വഴി നൂറ് വർഷങ്ങൾക്കു മുമ്പ് എത്രത്തോളം പ്രസക്തവും അനുയോജ്യവുമായിരുന്നുവോ, അതുപോലെതന്നെ ഇന്നും പ്രസക്തവും അനുയോജ്യവുമായി തുടരുന്നു.
ആദ്യം അവർ നിങ്ങളെ അവഗണിക്കും
പിന്നെ അവർ നിങ്ങളെ പരിഹസിക്കും
പിന്നെ അവർ നിങ്ങളോട് പോരാടും
പിന്നെ നിങ്ങൾ വിജയിക്കും.
ഈ ഗാന്ധിസൂക്തമല്ലേ ജന്തർ മന്തറിൽ സംഭവിച്ചത്?
പാറ്റസമരം ഗാന്ധിഗിരി സീസൺ 2 ആയിരുന്നില്ലേ?
(‘ഗാന്ധിഗിരി’ മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ ആധുനിക സമൂഹത്തിൽ പ്രയോഗവത്കരിക്കുന്നതിനെ സൂചിപ്പിക്കുന്നു. 2006ലെ ലഗേ രഹോ മുന്നാഭായി എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ ഈ പ്രയോഗം കൂടുതൽ പ്രശസ്തമായി.)
Tags : Gandhigiri Season2 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash