മാർ ജോസഫ് കല്ലറങ്ങാട്ട്
രാജ്യത്ത് വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ വേദനാജനകമാണെന്ന് സീറോമലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന നാലാമത്തെ രാജ്യമാണ് നമ്മുടേത്.
അത് നമുക്ക് ചിന്തിക്കാൻപോലും പറ്റുകയില്ലെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.ഇത്രയും വൈവിധ്യമാർന്ന മതങ്ങളും ഭാഷകളും ഒന്നിച്ചുനിൽക്കുന്ന ഇന്ത്യയുടെ ഹൃദയത്തിൽ ഇതുപോലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു എന്നത് വേദനാജനകമായ കാര്യമാണ്. അത് സത്യമാണെന്നു തെളിയുന്ന സംഭവങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത്.
ക്രൈസ്തവ പീഡനങ്ങൾ കൂടിവരികയാണ്, കുറയുന്നില്ല. രാജ്യത്ത് അത് അസ്വസ്ഥതയും കലാപവുമൊക്കെ സൃഷ്ടിക്കുന്ന വിധത്തിൽ വളരാൻ അനുവദിക്കരുത്. സർക്കാരുകൾ ജാഗ്രത പുലർത്തണമെന്നും മാർ കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു.
അഭിമുഖത്തിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ മാർ കല്ലറങ്ങാട്ട് ശ്രദ്ധേയമായ പ്രതികരണങ്ങളാണ് നടത്തിയത്.
പശ്ചിമബംഗാളിൽ ഭരണമാറ്റത്തോടെ ക്രൈസ്തവർ അരക്ഷിതാവസ്ഥയിലായിരിക്കുന്നു. സഭ വേണ്ടരീതിയിൽ പ്രതികരിക്കുന്നുണ്ടോ?
പശ്ചിമബംഗാളിൽ പുതിയ സർക്കാരും ക്രൈസ്തവപീഡനവും ഒരുപോലെ പ്രവർത്തിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ദേവാലയങ്ങൾ തകർക്കപ്പെടുന്നു, വിശ്വാസികൾ ആക്രമിക്കപ്പെടുന്നു. ഇത്തരം പ്രതിസന്ധികൾ ഇല്ലാതാക്കാൻ ഗവൺമെന്റാണ് മുൻകൈയെടുക്കേണ്ടത്. അവർക്ക് അതിനെക്കുറിച്ച് ഒരു നല്ല നീതിബോധം ഉണ്ടാകേണ്ടതുണ്ട്. വലിയ പ്രയാസത്തോടുകൂടിയാണ് സഭ ഇതിനെ നേരിടുന്നത്. മെത്രാന്മാരുടെ സമ്മേളനങ്ങളിലെല്ലാം ഇതേക്കുറിച്ചു ചർച്ചകൾ നടത്തുകയും ആശങ്ക സർക്കാരിനെ അറിയിക്കുകയും ചെയ്യാറുണ്ട്.
ഏറ്റവും ഒടുവിൽവന്ന എഫ്സിആർഎ വിഷയത്തിൽ കേന്ദ്രസർക്കാർ വിശദീകരണങ്ങൾ തൃപ്തികരമാണോ?
നമ്മൾ പണം എവിടെനിന്നോ കൊണ്ടുവന്നു ദുരുപയോഗിക്കുന്നു എന്നൊരു ചിന്ത പരത്തുകയാണ്. വാസ്തവത്തിൽ ഏതെങ്കിലും ഒരു രൂപതയോ അല്ലെങ്കിൽ മതസ്ഥാപനമോ അങ്ങനെ പണം ദുരുപയോഗിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. നമുക്ക് അതു ചെയ്യാൻ ഒരു സാധ്യതയും ഇതിനകത്തില്ല. വിദേശ രാജ്യങ്ങളിൽനിന്നോ അല്ലെങ്കിൽ വ്യക്തികളിൽനിന്നോ ഇന്ത്യയിലെ സംഘടനകൾ അല്ലെങ്കിൽ എൻജിഒകൾ സ്വീകരിക്കുന്ന പണത്തിന്റെ വിനിയോഗത്തിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ അത് തിരുത്തപ്പെടണം. എന്നാൽ അതിന്റെ പേരിൽ സത്യസന്ധമായി പ്രവർത്തിക്കുന്നവരെ ആക്ഷേപിക്കരുത്. ക്രമക്കേടുകളുണ്ടെന്ന പുകമറ സൃഷ്ടിക്കരുത്.
ഒരു രൂപപോലും വകമാറ്റാതെയാണ് രൂപതകൾ അത് പാവപ്പെട്ടവർക്കും അർഹതയുള്ളവർക്കും ഇതര മതസ്ഥർക്കുംവേണ്ടി ചെലവഴിക്കുകയും സ്ഥാപനങ്ങൾ പണിയുകയും ചെയ്യുന്നത്. എന്നാൽ ക്രമക്കേടാണെന്ന ആരോപണമുയർത്തി അവരുടെ ആസ്തികൾ ഏറ്റെടുക്കും എന്നു പറയുമ്പോൾ അത് ക്രൈസ്തവ സമൂഹത്തെ വളരെയേറെ വേദനിപ്പിക്കുന്നുണ്ട്. യാതൊരു തെറ്റും അപാകതയും വരുത്താതെ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്ന സമൂഹങ്ങളെ ഇതുപോലെ പൊതുജനസമൂഹത്തിൽ കുറ്റക്കാരാണെന്നു ചിത്രീകരിക്കുന്നത് പ്രയാസമുള്ള കാര്യമാണ്.
ഇക്കാര്യത്തിൽ സിബിസിഐ ആണ് പ്രതികരിക്കുന്നത്. സർക്കാരിനെ സമീപിച്ചിട്ടുണ്ട്. വിദേശ സംഭാവനകൾ എന്തിനുവേണ്ടി സ്വീകരിക്കുന്നുവോ അത് ആ കാര്യത്തിനുവേണ്ടി ഉപയോഗിക്കണം. അതു വകമാറ്റരുത്. എന്റെ പൂർണമായ ബോധ്യം നമ്മളാരും അത് ചെയ്യാറില്ല എന്നാണ്. ഇപ്പോഴുള്ള നിയമത്തിൽത്തന്നെ അതു വ്യക്തമാണ്. ഇത്തരം പണം രാജ്യത്തിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തടയേണ്ടതാണ്, അവരുടെമേൽ നടപടിയെടുക്കേണ്ടതുമാണ്.
യുവജനങ്ങൾക്കു നാട്ടിൽതന്നെ ജീവിക്കാൻ പ്രേരണയും പ്രതീക്ഷയും നൽകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് എന്തെല്ലാം നയംമാറ്റങ്ങളുണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നത്? സഭയ്ക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. പ്ലസ് ടു കഴിഞ്ഞ് വിദേശത്തേക്കു ജോലിക്കായി പോകുന്നവരുടെ എണ്ണം ഇപ്പോൾ വളരെ വർധിച്ചുവരികയാണ്. യുവജനങ്ങൾ നമ്മുടെ നാട്ടിൽതന്നെ ജീവിച്ച്, പഠിച്ച് അവരുടെ ഭൗതികവും ആത്മീയവുമായിട്ടുള്ള മികവ് ഈ രാജ്യത്തിന്റെ വളർച്ചയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തണം. വിദേശ കുടിയേറ്റം സഭയെയും സമുദായത്തെയും മാത്രമല്ല രാജ്യത്തെയും ഗുരുതരമായി ബാധിക്കും. അതുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല സാങ്കേതിക, ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കി ഉയർന്ന വിദ്യാഭ്യാസ അവസരം ഈ നാട്ടിൽ കൂടുതലായി കൊടുക്കണം.
സഭാ സമൂഹങ്ങളും ആ കൂട്ടത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്ക് അവർ പഠിക്കുന്ന സ്ഥലത്തുതന്നെ ജോലി ഉണ്ടായാൽ അവർ നാട്ടിൽ നിൽക്കും. യൂണിവേഴ്സിറ്റികളിൽ എല്ലാ ഡിഗ്രി കോഴ്സുകൾക്കുമൊപ്പം എഐ, എസിസിഎ, ഏവിയേഷൻ, റേഡിയോളജി ഉൾപ്പെടെയുള്ള ആഡ് ഓൺ കോഴ്സുകൾ ഉണ്ടാകണം. നിരവധിപ്പേർ പുറത്തുപോയി വളരെയേറെ കഷ്ടപ്പെടുന്നുണ്ട്. പലർക്കും പെട്ടെന്നു ജോലിയും ശമ്പളവുമൊക്കെ കിട്ടുമ്പോൾ അവരുടെ വലിയ സാധ്യതകൾ നഷ്ടപ്പെടുത്തുകയാണ്.

വരും തലമുറയെ മുന്നിൽകണ്ട് പാലാ രൂപത എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കുന്നത്?
ഞാനും എനിക്ക് മുമ്പുണ്ടായിരുന്ന പള്ളിക്കാപറമ്പിൽ പിതാവുമെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വലിയ മുൻഗണന കൊടുത്തിട്ടുണ്ട്. ഇപ്പോൾ സ്വാശ്രയ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. എൻജിനിയറിംഗ് കോളജും ചേർപ്പുങ്കൽ നഴ്സിംഗ് കോളജും മെഡിസിറ്റിയുമെല്ലാം അതിന്റെ ഭാഗമാണ്. സോഷ്യൽ സർവീസുമായി ബന്ധപ്പെട്ട് ഒരു ഫാക്ടറി തുടങ്ങിയിട്ടുണ്ട്. എൻജിനിയറിംഗ് കോളജിൽ മൂവായിരത്തോളം കുട്ടികളുണ്ട്. മെഡിസിറ്റികൊണ്ട് ഉദ്ദേശിച്ചത് സാധിക്കുന്നിടത്തോളം മിതമായ നിരക്കിൽ നല്ല ചികിത്സയും ഒപ്പം ഗവേഷണ കേന്ദ്രവുമാണ്. മെഡിക്കൽ കോളജോ അല്ലെങ്കിൽ അതുപോലെയുള്ള മെഡിക്കൽ റിസർച്ചിന്റെ കേന്ദ്രമോ ആക്കണമെന്നാണ്. കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയതും അതുകൊണ്ടാണ്. ആറു വർഷംകൊണ്ട് മെഡിസിറ്റിക്ക് അഭിമാനകരമായ വളർച്ചയുണ്ടായി. ധാരാളം കോഴ്സുകൾ തുടങ്ങി. മെഡിസിറ്റിയിൽ ഇപ്പോൾ 230 ഡോക്ടർമാരുണ്ട്. രണ്ടായിരത്തിലധികം സ്റ്റാഫുമുണ്ട്.
സാമൂഹിക പ്രതിബദ്ധതയാണ് പാലാ രൂപതയുടെ മുഖമുദ്ര. നാലു കൊല്ലത്തിനുള്ളിൽ 1800 ആളുകൾക്ക് അഞ്ച് സെന്റ് സ്ഥലവും വീടും വച്ചുകൊടുത്തു. എട്ടു മുതൽ 12, 13 ലക്ഷം രൂപ വരെ ചെലവഴിച്ചവയാണ് ഓരോ വീടും. എനിക്ക് ഉള്ളിൽ ഏറ്റവും സന്തോഷമുള്ള ഒരു കാര്യമാണിത്. "പാലാ കരിത്താസ്' എന്ന സാമൂഹ്യക്ഷേമ പദ്ധതിവഴി ഉന്നത പഠനത്തിനു പോകുന്ന കുട്ടികൾക്കു വായ്പ കൊടുക്കുന്നു.
സെന്റ് തോമസ് കോളജിനടക്കം ഒട്ടോണമസ് പദവി കിട്ടിയപ്പോഴും എന്റെ ചിന്തകൾ കുറേക്കൂടെ സാധാരണക്കാരായ ആളുകളിലേക്ക് എത്തുന്ന വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ചാണ്. മലയാളം മീഡിയം സ്കൂളുകളെ ശക്തമാക്കാൻ പുനരുദ്ധരിക്കുറിച്ചാണ്. ഞങ്ങൾക്ക് 100-150 കോർപറേറ്റ് സ്കൂളുകളുണ്ട്. അവയെ സമുദ്ധരിക്കേണ്ടതുണ്ട്. എങ്കിലേ എല്ലാ വിഭാഗം ജനങ്ങളെയും ഉദ്ധരിക്കാൻ കഴിയൂ. കുറവിലങ്ങാട് സ്കൂളിൽ 60 ശതമാനത്തോളം ഹൈന്ദവ സഹോദരങ്ങളാണ് പഠിക്കുന്നത്. ഈരാറ്റുപേട്ട മേഖലയിലെ സ്കൂളുകളിലും 60 ശതമാനത്തിലധികം ഹൈന്ദവ, മുസ്ലിം സമുദായങ്ങളിൽനിന്നുള്ളവരാണ്. നമുക്കതിൽ സന്തോഷമേയുള്ളൂ, എല്ലാവർക്കും വേണ്ടിയാണല്ലോ ഈ സ്ഥാപനങ്ങൾ.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം വേണ്ടത്ര വളർച്ച നേടിയിട്ടില്ല എന്നുള്ള ഒരു വിമർശനമുണ്ട്. അതിനെക്കുറിച്ച് പിതാവിന്റെ കാഴ്ചപ്പാട് എന്താണ്?
അതൊരു പരിധിവരെ ശരിയാണ്. ഉന്നത വിദ്യാഭ്യാസത്തിൽ നമുക്ക് സാധ്യമായിരുന്ന പല കാര്യങ്ങളും നടന്നില്ല. പഴയ നിലവാരത്തിലുള്ള വിദ്യാഭ്യാസ പദ്ധതികൊണ്ട് ഇനി നമുക്ക് വളരാൻ പറ്റില്ല. ഉന്നതനിലവാരം പുലർത്തുന്ന ആധുനിക സാങ്കേതിക വിദ്യാഭ്യാസം ഇന്ന് കേരളത്തിന് ഒരു പരിധിവരെ അനിവാര്യമായി നിൽക്കുകയാണ്. ഗൗരവതരമായ രീതിയിൽ അതിലേക്കിറങ്ങണം. കേരളത്തെ ഒരു ആരോഗ്യ-വിദ്യാഭ്യാസ ഹബ് ആക്കുന്നതിനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനുണ്ടാകണം. എന്നാൽ, ന്യൂനപക്ഷ അവകാശങ്ങൾ എങ്ങനെയെല്ലാം കവർന്നെടുക്കാമെന്നാണു പലരുടെയും ചിന്ത. ഇപ്പോൾ താത്കാലിക അധ്യാപകരുടെ നിയമന അധികാരം പോലും മാനേജർമാരിൽനിന്ന് എടുത്തുമാറ്റുന്നതിനാണ് ശ്രമം.
കാർഷിക മേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ പാലാ രൂപത പ്രത്യേക താത്പര്യം കാണിക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നു. പാലനോവയടക്കമുള്ള പ്രസ്ഥാനങ്ങൾ ആശാവഹമായാണോ പ്രവർത്തിക്കുന്നത്?
കാർഷിക മേഖലയിലെ ആളുകളെ കഴിയുന്നത്ര സമുദ്ധരിക്കണം എന്നൊരു ചിന്ത എന്റെയുള്ളിൽ വളരെയേറെയുണ്ട്. കുട്ടികളിൽ കാർഷിക ആഭിമുഖ്യം വളർത്താൻ സ്കൂളുകളിൽ ഞങ്ങൾ കാർഷിക ക്ലബ്ബുകൾ ആരംഭിച്ചിട്ടുണ്ട്. സ്കൂൾ പരിസരങ്ങളിൽ തരിശായി കിടക്കുന്ന സ്ഥലങ്ങളിലെല്ലാം ഇപ്പോൾ കൃഷിചെയ്യാൻ അധ്യാപകരും വിദ്യാർഥികളും വലിയ സന്നദ്ധതയോടുകൂടി മുന്നോട്ടു വരുന്നുണ്ട്. ‘അഗ്രിമ’ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനോടൊപ്പം അഗ്രികൾച്ചറൽ ഇൻഡസ്ട്രി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വിവിധ ഇടവകകളിൽ സൺഡേ മാർക്കറ്റുകളുണ്ട്. കാർഷിക ഉത്പന്നങ്ങളുടെ ശേഖരണം നടത്തുന്നുണ്ട്. നല്ലയിനം വിത്തുകൾ കർഷകർക്ക് കൊടുക്കുന്നുണ്ട്. അടുക്കളത്തോട്ടം രൂപതയുടെ ഒരു വലിയൊരു സംരംഭമാണ്. അതുപോലെ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണവും വിപണനവും കരുത്താർജിച്ചു വരുന്നു.
Tags : MarKallarangattu Christian Persecutions Pain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash