സുപ്രീം കോടതി
ന്യൂഡൽഹി: വിദ്യാർഥിപ്രക്ഷോഭത്തിലെ പോലീസ് നടപടിക്കെതിരേ സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. നിയമപരവും സമാധാനപരവുമായ പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും സമരം സമാധാനപരമായിരിക്കുന്നിടത്തോളം പ്രതിഷേധം നടക്കുന്നു എന്നതുകൊണ്ടു മാത്രം പോലീസിന് അമിതാധികാരം പ്രയോഗിക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
പരീക്ഷാ ക്രമക്കേടിനെതിരേ ജൂൺ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനെ ഡൽഹി പോലീസും കേന്ദ്ര സേനയും നേരിട്ട രീതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ മൂന്ന് അംഗ ബെഞ്ച് പരിഗണിച്ചത്.
പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വതന്ത്രമായി അന്വേഷിക്കേണ്ടതുണ്ട്. ഇത്തരം സമരങ്ങളിൽ പോലീസ് സ്വീകരിക്കേണ്ട പ്രോട്ടകോളിന്റെ കാര്യത്തിൽ രാജ്യവ്യാപകമായി ഒരു ഏകീകൃത സ്വഭാവം ആവശ്യമാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. പ്രതിഷേധം നടക്കുന്നു എന്നതുകൊണ്ട് ലാത്തിച്ചാർജ് നടത്താം എന്നർഥമില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പ്രതിഷേധങ്ങൾക്കിടെ പോലീസുകാർക്ക് പരിക്കേൽക്കുന്നതും ഒരുപോലെ ആശങ്കാജനകമാണെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യം കൈകാര്യം ചെയ്യാൻ ഹെൽമെറ്റ് ഉൾപ്പെടെ സുരക്ഷാ ഉപകരണങ്ങൾ പോലീസിനു നൽകാത്തത് എന്തുകൊണ്ടാണെന്ന് സർക്കാരിൽനിന്ന് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥിപ്രക്ഷോഭത്തിൽ പരിക്കേറ്റ പോലീസുകാരുടെ കുടുംബങ്ങൾക്ക് കേസിൽ കക്ഷി ചേരാൻ സുപ്രീംകോടതി അനുമതി നൽകി.
വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിൽ പോലീസ് നടത്തിയ ലാത്തിച്ചാർജ്, കണ്ണീർവാതക പ്രയോഗം, പെൺകുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിക്കു മുന്നിൽ ഹർജി എത്തിയത്.
തൊഴിലില്ലായ്മയും ചോദ്യപേപ്പർ ചോർച്ചയും മൂലം ദുരിതത്തിലായ യുവാക്കൾ സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ സർക്കാർ അതിനെ ജാലിയൻവാലാബാഗിന് തുല്യമായി അതിക്രൂരമായാണ് നേരിട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നു.
പരിക്കേറ്റവർക്ക് നീതി ഉറപ്പാക്കാനും പോലീസുകാർക്കെതിരേ അന്വേഷണം നടത്താനും വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ജുഡീഷൽ കമ്മീഷനെയോ പ്രത്യേക അന്വേഷണസംഘത്തെയോ നിയോഗിക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളിലും സുപ്രീംകോടതി ഇന്ന് വിശദമായ വാദം കേൾക്കും.
Tags : Peaceful SupremCourt Protests ExcessivePower Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash