സിയാദ്
തിരുവനന്തപുരം: കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില്‍ ഡിജിപിയോട് മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടി. വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സിയാദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. സിയാദിന്റെ മകളും പോലീസ് ഉദ്യോഗസ്ഥനും തമ്മിലെ ഫോണ്‍ സംഭാഷണം പുറത്തായിരുന്നു.
പോലീസുകാരന്റെ മര്‍ദനമേറ്റാണ് സിയാദിന് പരിക്കേറ്റതെന്ന് കുടുംബം ആരോപിക്കുകയും ചെയ്തു. അതിനു പിന്നാലെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. പിന്നാലെയാണ് ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
ജൂണ്‍ 16നാണ് കുണ്ടറ പോലീസ് സിയാദിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. 13കാരനായ സഹോദരനെ കാണ്മാനില്ല എന്ന സഹോദരിയുടെ പരാതിയിലാണ് സിയാദിനെതിരേ പോലീസ് കേസെടുത്തത്. എന്നാല്‍ കാണാതായ കുട്ടിയെ തിരിച്ചുകിട്ടി എന്നതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം സിയാദിനെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുശേഷം സിയാദ് പലവിധമായ രോഗങ്ങളാല്‍ പല ആശുപത്രികളിലും കയറിയിറങ്ങുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഈമാസം 25ന് മരിക്കുകയും ചെയ്തു.
Tags : Kundara Custodial Torture DGP Report RemeshChennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash