ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ 17 കാരിയുമായി ഒളിച്ചോടിയ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭിവാഡി സ്വദേശിയും ബാഡ്മിന്റൺ താരവുമായ മോനു (21) ആണ് കൊല്ലപ്പെട്ടത്.
ഒരു മാസം മുമ്പ് മോനുവും തിഗാവ് സ്വദേശിയായ പതിനേഴുകാരിയും ഒളിച്ചോടിയിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയുടെ കുടുംബം മോനുവിനെതിരെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പോലീസിൽ നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയത്.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പോവുകയാണെന്ന് വീട്ടുകാരെ അറിയിച്ച് രണ്ട് ദിവസം മുമ്പ് ഇറങ്ങിയ മോനുവിനെ പിന്നീട് കാണാതി. ബുധനാഴ്ച പെൺകുട്ടിയുടെ കുടുംബം തന്നെയാണ് മോനുവിനെ തങ്ങൾ പിടികൂടിയ വിവരം പോലീസിനെ അറിയിച്ചു.
പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ യുവാവ് മർദനത്തിന് ഇരയായതായും ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിലാണെന്നും കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസത്തോളം യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധിയാക്കി ക്രൂരമായി പീഡിപ്പിച്ചതായാണ് വിവരം. ഉടൻ തന്നെ യുവാവിനെ ആശുപത്രില്‍ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.