മുംബൈ: മഹാരാഷ്ട്രയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. നാസിക്കിലെ പഞ്ചവടി പ്രദേശത്താണ് സംഭവം.
നേഹ(27) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെയും നാല് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചതായും സ്വർണവും പണവും ആവശ്യപ്പെട്ട് മർദിച്ചിരുന്നുവെന്നും പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്.
അഞ്ച് മാസങ്ങൾക്ക് മുൻപാണ് സന്തോഷ് പണ്ഡിറ്റ് എന്നയാളുമായി നേഹയുടെ വിവാഹം നടന്നത്. വിവാഹത്തിന് തൊട്ട് പിന്നാലെ തന്നെ ഭർത്താവും ഭർതൃമാതാവും സഹോദരിമാരും പണവും സ്വർണവും ആവശ്യപ്പെട്ട് മർദിച്ചിരുന്നതായി യുവതി കുറിപ്പിൽ ആരോപിക്കുന്നു.
മർദനത്തിൽ മനംനൊന്ത് വിഷം കഴിച്ചാണ് നേഹ ജീവനൊടുക്കിയത്. ആത്മഹത്യക്കുറിപ്പിന്റെ പകർപ്പ് നേഹ സഹോദരന് വാട്സ്ആപ്പിലൂടെ അയച്ച് നൽകിയിരുന്നു.
സംഭവം അറിഞ്ഞയുടൻ തന്നെ സഹോദരൻ വീട്ടിലെത്തിയെങ്കിലും യുവതി മരിച്ചിരുന്നു. നേഹയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ടും മരണത്തിന് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടും പഞ്ചവടി പോലീസ് സ്റ്റേഷന് പുറത്ത് ബന്ധുക്കൾ തടിച്ചുകൂടി.
നേഹയുടെ ഭർത്താവ്, ഭർതൃമാതാവ് ജിജാബായി പവാർ, ഭർതൃസഹോദരിമാരായ ശീതൾ അശോക് അഹിരെ, മീനാക്ഷി ശീതൾ അഹിരെ, ഭാരതി ദത്താറാം പവാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.