ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്നും മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്നതായിരിക്കണം നയമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യോത്പാദനത്തിന് അനുമതി നല്‍കരുത്. മദ്യത്തിന്റെ വീര്യം ഘട്ടംഘട്ടമായി കുറച്ച് സമ്പൂര്‍ണ മദ്യനിരോധനമെന്ന യുഡിഎഫിന്റെ മാനിഫെസ്റ്റോയോടും എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ മദ്യനയത്തോടും കൂറുപുലര്‍ത്തുന്നതാകണം പുതിയ മദ്യനയം. മാരക ലഹരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമ്പോഴും മദ്യവും ലഹരിവസ്തുവാണെന്നുള്ള കാര്യം വിസ്മരിക്കരുത്.
തൂഫാന് വാറിയർമാരെ നിശ്ചയിക്കുന്നതില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തകരോട് അയിത്തം കല്പിക്കുന്നത് വിരോധാഭാസമാണ്. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ റിസോഴ്സ് ടീമിനെ കൂട്ടിച്ചേര്‍ക്കണം. ലഹരിക്കെതിരേയുള്ള നീക്കത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ഗുണ്ടകളെയും മദ്യപരെയും മദ്യം വിളമ്പുന്ന സംഘടനകളെയും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പാലാരിവട്ടം പിഒസിയിൽ നടന്ന യോഗത്തിൽ, മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫാ. തോമസ് ഷൈജു അധ്യക്ഷത വഹിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ആന്റണി അറയ്ക്കല്‍, സി.എക്സ്. ബോണി, എ.ജെ. ഡിക്രൂസ്, വി.ഡി. രാജു, ആന്റണി ജേക്കബ്, അന്തോണിക്കുട്ടി ചെതലന്‍, കെ.പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Tags : KCBC LiquorPolicy Announced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash