Leader Page
പതിനഞ്ചാം വയസിലാണ് ഞാൻ വിക്ടർ ഹ്യൂഗോയുടെ ‘നോത്രദാമിലെ കൂനൻ’ വായിക്കുന്നത്. ആ പുസ്തകമാണ് എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. മഞ്ഞുകാലത്തിൻ മധ്യത്തിലും തന്റെ മുകളിൽ തോൽപ്പിക്കാനാകാത്തൊരു വേനൽക്കാലമുണ്ടെന്ന് ഓർമപ്പെടുത്തിയ പുസ്തകംകൂടിയായിരുന്നു അത്. ഞാൻ പഠിച്ച സ്കൂളിനോടു ചേർന്ന് സ്നാപക യോഹന്നാന്റെ നാമത്തിൽ ഒരു വലിയ ദേവാലയം ഉണ്ടായിരുന്നു. അതിനു മുന്നിൽ ജരാനര ബാധിക്കാത്ത ഒരു മാവുണ്ട്. അതിന്റെ ശിഖരങ്ങൾ ക്രിസ്തുവിന്റെ പവിത്ര കരങ്ങൾ പോലെ ആകാശത്തേക്ക് ഉയർന്നു നിന്നിരുന്നു. അതിനു ചുവട്ടിലെ ഒരൊഴിഞ്ഞ തണലിടത്തിരുന്നാണ് ഞാൻ ഹ്യൂഗോയെ വായിച്ചത്. അതൊരു പകലറുതിയിലായിരുന്നു.
പടിഞ്ഞാറൻ കടൽക്കാറ്റ് ആവുംവിധം എന്റെ വായനയെ തടസപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു ഭൂതപ്പട ഇളകി വരുംപോലെ ആയിരുന്നു ആ കാറ്റ് വീശിയിരുന്നത്. ഞാൻ ഉറങ്ങിപ്പോയി. ഉറക്കത്തിൽ ഞാനൊരു വിചിത്രസ്വപ്നം കണ്ടു. സ്വപ്നസൗധത്തിൽ ഞാനും കന്യകയായ ഒരു ജിപ്സി പെൺകുട്ടിയും മാത്രം. അവളെ അല്പം മുമ്പ് വായനയ്ക്കിടയിൽ പരിചയപ്പെട്ടതാണ്; എസ്മെറാൽദാ. അവളോടൊത്ത് ഞാൻ നൃത്തം ചെയ്തു. വീഞ്ഞിൽ വീണുന്മത്തനായി. നിഗൂഢമാം അവൾ തൻ കരം വന്നന്നെച്ചേർത്തമർത്തി. എനിക്ക് ശ്വാസം മുട്ടി. ജഡത്തിൽനിന്നെന്നപോലെ ഞാൻ എഴുന്നേറ്റിരുന്നു.
ഞാൻ പാരീസിലല്ല എന്നും ഞാനിരിക്കുന്നത് നോത്രദാം ദേവാലയത്തിനു മുന്നിലല്ല എന്നും എന്റെ പിന്നിലൊഴുകുന്നത് സെൻ നദിയല്ല എന്നും ശരിക്കും എനിക്ക് ബോധ്യപ്പെട്ടു. പക്ഷേ മനസ് ആ സങ്കല്പങ്ങളിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. കണ്ണുമിഴിച്ച് ഞാൻ ദേവാലയത്തിലേക്കു നോക്കി. അപ്പോൾ മണിമുഴങ്ങി. ഖഡ്ഗമൂർച്ചയുടെ നിനദം. അതിൻ മുഴക്കം ഓരോ കോശത്തിലും വന്നു മുട്ടിവിളിക്കുംപോലെ. ഞാൻ നോക്കിനിൽക്കേ ഉയരം കുറഞ്ഞ്, പാന്റ്സ് മുകളിലേക്ക് തെറുത്തുകയറ്റിയ ചപ്രത്തലമുടിയുള്ള ഒരാൾ മണിയുടെ ഇങ്ങേ തലപ്പിലെ കയർ ദേവാലയത്തിന്റെ ഒരു ഭാഗത്ത് വലിച്ചു കെട്ടി എന്റെ അടുക്കലേക്ക് നടന്നുവന്നു. അപ്പോൾ കാറ്റിന് പഴയ ഹുങ്കാരമുണ്ടായിരുന്നില്ല. അത് സവിശേഷമായൊരു വ്യഥിതശ്രുതിയിൽ പാടിക്കൊണ്ടിരുന്നു. ആ ചെറിയ മനുഷ്യന്റെ കണ്ണുകളിൽ പീള കെട്ടിയിരുന്നു.
നഖങ്ങളിൽ അഴുക്കു കുമിഞ്ഞുകൂടിയിരുന്നു. കോളർബട്ടൻ തൊണ്ടക്കുഴലിനെ ശ്വാസംമുട്ടിക്കുംവിധമിട്ടിരുന്നു. അയാളെന്റെ അരികിലിരുന്നു. ഞാനയാളെ സൂക്ഷിച്ചു നോക്കി. ആറാം ക്ലാസിൽ പഠിക്കുമ്പോഴേ എനിക്കയാളെ അറിയാമായിരുന്നു. അയാൾ ദേവാലയത്തിലെ കപ്യാരായിരുന്നു. എല്ലാവരും അയാളെ സായ്പ് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, അയാൾ നോത്രദാം ദേവാലയത്തിലെ കപ്യാരായ ക്വസിമോദേയെപ്പോലെ വിരൂപനും ശക്തിമാനുമായിരുന്നില്ല. പക്ഷേ, സായ്പും ക്വസിമോദെയെപ്പോലെ അനാഥനായിരുന്നു. പള്ളിമണിയുടെ മുഴക്കം നിരന്തരം കേട്ടുകേട്ട് ക്വസിമോദെയെപ്പോലെ സായ്പിനും ബാധിര്യം സംഭവിച്ചിരുന്നു. ദേവാലയത്തിനുള്ളിലേക്ക് സായ്പ് നടന്നുപോയപ്പോൾ ഞാൻ വീണ്ടും സങ്കല്പത്തിലായിരുന്നു. നേർത്ത തിരശീലയ്ക്കപ്പുറം മറ്റൊരു ഛന്ദസിൽ ഒരു കാവ്യനാടകം നടക്കുന്നതുപോലെ എനിക്കു തോന്നി.
ഒരുപക്ഷേ ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്ന ചില കൃതികളുടെ സ്ഥലകാല സംഭവങ്ങൾ എനിക്കു മുന്നിൽ ആരോ ഒരുക്കിത്തരുന്നതുപോലെ തോന്നിയിട്ടുണ്ട്. നിരന്തരം എന്നിൽ വേട്ടയാടുന്ന ആസക്തിയോ പൊന്തുന്ന ദാഹമോ ആകാം അതിനു കാരണം. ചിലയിടങ്ങളിലെത്തുമ്പോൾ എന്നെ അവിടെ നിർത്തിയിട്ട് മനസ് ഓരോന്ന് സങ്കൽപ്പിക്കാൻ തുടങ്ങും. ആ സങ്കല്പങ്ങൾക്ക് നക്ഷത്രമണ്ഡലത്തിന്റെ ഭംഗിയുണ്ടായിരിക്കും. കരകവിയുന്ന ആനന്ദാതിരേകമുണ്ടായിരിക്കും. ക്ലാസിക് കൃതികൾ വായിക്കുമ്പോഴെല്ലാം എനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കൃതിയിലെ സൂക്ഷ്മസ്വനങ്ങൾപോലും എനിക്ക് കേൾക്കാവുന്ന ദൂരത്താകും. കഥാപാത്രങ്ങളും അവരുടെ ഒച്ചയും പതിഞ്ഞ മട്ടിലുള്ള നിസംഗതയും എന്നെ വല്ലാതെ പിന്തുടരും. പട്ടാമ്പിപ്പുഴയുടെ തീരത്തെ നാട്ടിടവഴികളിലൂടെ ഒരിക്കൽ നടന്നപ്പോൾ വളരെ പഴകിയ വിശാലമായ മുറ്റമൊക്കെയുള്ള ഒരു വീടു കണ്ടു. അതിന്റെ കുറച്ചുഭാഗം പുഴയുടെ പ്രളയപ്രവാഹത്താൽ നഷ്ടപ്പെട്ടതുപോലെ തോന്നി. ഞാൻ മുറ്റത്തേക്ക് നടന്നു. അതിന്റെ വരാന്തയിൽ ആരോ ഇരിക്കുന്നതുപോലെ തോന്നി. ഞാൻ ഉറപ്പിച്ചു, അത് ജീവൻമശായി ആണെന്ന്. താരാശങ്കർ ബാനർജിയുടെ ‘ആരോ
ഗ്യനികേതനം’ ഞാൻ ഓർമിക്കുകയായിരുന്നു. ഒരു ഭാവഗാനം പോലെ എന്നിലേക്കത് അലതല്ലി വന്നു. എന്റെ സങ്കല്പങ്ങളിൽ ആ കൃതി സ്ഥലങ്ങളിലൂടെ പുനർജനിക്കുകയായിരുന്നു. പുഴയോരത്തെ ആ മാന്തളിർ മണക്കുന്ന ഗ്രാമം ദേവിപുരം ഗ്രാമമായി മാറി. ദീനബന്ധു മശായിയും ജഗദ്ബന്ധു മശായിയും ആ വീട്ടിൽ ഉള്ളതുപോലെ തോന്നി. അവിടെവിടെയോ മഞ്ജരിയുടെ വളകിലുക്കം കേട്ടു. ചവിട്ടിനിൽക്കുന്ന മൺതരികൾക്കുള്ളിൽ ജനിയിൽനിന്ന് മൃതിയിലേക്ക് ഒഴുകിയ വേരുകളുടെ കടച്ചിൽ എനിക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങൾ ഓർമകളിൽനിന്ന് എത്രമേൽ ചിതലരിച്ചു പോയാലും ഒരു നിമിഷംകൊണ്ട് വീണ്ടും സൃഷ്ടിക്കപ്പെടുന്നു. അത് അഴുകിപ്പോകാത്ത എന്തോ എന്റെ സങ്കല്പങ്ങളിൽ ബാക്കിയാക്കുന്നു. അതൊരുതരം ഓർമപ്പെടുത്തലാകാം.അല്ലെങ്കിൽ ഉള്ളിലെങ്ങോ തപിച്ചൊഴുകുന്ന ഏതോ ഒരു ഗുപ്തസരസ്വതിയുടെ നനവാകാം, അറിയില്ല.
വൈലോപ്പിള്ളിയുടെ ‘കണ്ണീർപ്പാടം’ എന്റെ സങ്കല്പങ്ങളിൽ ജാഗരം കൊള്ളുന്ന കാവ്യമാണ്. എത്രയോ തവണ ഞാനത് എന്നിലും മുന്നിലും കണ്ടിട്ടുണ്ട്. ആ വരിഷപ്പാടവും കഴുത്തോളം വെള്ളത്തിൽ മുങ്ങിനിൽക്കുന്ന കൈതകളും കാർ മൂടിയ കണ്ണീർപ്പാടവും നൂറു നൂറിഴ കൂട്ടിപ്പിരിച്ച കയർ പോലുള്ള നീരൊഴുക്കും എല്ലാം നിത്യേന കാണുന്നു. ആ നിർദയലോകം എനിക്കുകൂടി അവകാശപ്പെട്ടതാണ്. തമ്മിൽ കണ്ടുമുട്ടാതിരിക്കാൻ ആവുംവിധം ശ്രമിക്കുമ്പോഴും പിന്നെയും കണ്ടുമുട്ടുന്നു.
അപ്പോഴെല്ലാം ഓരോ വേഷമെടുത്തണിയുന്നു. ഉള്ളിലിരുന്ന് ആരോ പറയുന്നു, അഭിനയം നന്നായെന്ന്. അഭിനന്ദനത്തിന്റെ വയൽവരമ്പിലൂടെ നടന്ന് മറുകരയെത്തി വിവസ്ത്രനാകുമ്പോൾ ആ വരിഷപ്പാടം വീണ്ടും മുന്നിൽ തെളിയുന്നു. എന്തൊരാവർത്തനമാണിത്. ജഗദ്ഭക്ഷകനായ കാലം കൂർത്ത നാവിനാൽ ഈ വരിഷപ്പാടംകൂടി കുടിച്ചുവറ്റിക്കാത്തതെന്തേ? അറിയില്ല.
ഇത് എഴുതിക്കഴിഞ്ഞു ‘കണ്ണീർപ്പാടം’ കേൾക്കാനിരുന്നു. ഇന്നോളം ഞാനിത് ഒരു രാത്രിയിലും മുടക്കിയിട്ടില്ല. ഭക്തർ ഹരിവരാസനം കേട്ടുറങ്ങുന്നതുപോലെ ഞാനിതു കേട്ടാണ് ഉറങ്ങുന്നതും ഉറങ്ങാതിരിക്കുന്നതും. എന്റെ അധ്യാപകൻ ഡൊമിനിക് ജെ. കാട്ടൂർസാറിന്റെ ആലാപനം. ഇരിക്കുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ആ ശബ്ദം. ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയതുപോലെ, ജീവന്റെ ദയാവൃക്ഷമാകെ നിൻ ശീതാമൃതധാരയിൽ തളിർപ്പിക്കുന്ന ആലാപനം. ചമയങ്ങളെല്ലാം അഴിച്ചുവച്ച് ഞാനിതു കേട്ടിരിക്കുന്നു.
Leader Page
ജലത്തിൽ മത്സ്യങ്ങൾ സുരക്ഷിതരാകുംപോലെയാണ് വീട്ടിലാകുമ്പോൾ ഞാൻ. എവിടേക്ക് എത്ര ദൂരം പോയാലും കാത്തിരിക്കുന്ന, അകമേ എന്നെ പിന്തുടരുന്നൊരു വിളി വീടിനുണ്ട്. ഒരില അതിന്റെ വൃക്ഷത്തിലേക്കു പോകുംപോലെ. ഒരു മേഘം അതിന്റെ ചിദാകാശത്തിലേക്ക് ഒഴുകിയെത്തുംപോലെ. ഒരു തൂവൽ അതിന്റെ സ്വാതന്ത്ര്യത്തിലേക്കണയുംപോലെ വീട്ടിലേക്കെത്തുമ്പോൾ ഞാനെന്റെ ഉത്സവമുറ്റത്തേക്ക് എത്തുകയാണ്.
എല്ലാം കളപറിച്ച് തുവർത്തി എന്റെ നെന്മണികൾ കിളിർക്കാൻ പാകത്തിൽ ഉഴുതിട്ട വയൽ. ഒരു കുന്നോളം സ്വപ്നങ്ങൾ ഒരൊറ്റ ഭാണ്ഡത്തിലാക്കി ഇറക്കിവയ്ക്കാൻ പാകത്തിൽ പണിത ഒരത്താണി. അവിടെയിരുന്നാണ് ഞാനാദ്യമായി ക്ലേശകരമായ ഒരു സാധനയിൽ ഏർപ്പെടുന്നത്; കവിതയെഴുത്ത്. അനുഭവസ്മൃതികളില്ല. കവിസദസുകളിൽനിന്നു രൂപംകൊണ്ട ബഹുസ്വരതയില്ല. എന്നെ നോക്കിയെഴുതാനെനിക്ക് ചെറുത്രാണിപോലുമില്ല. എന്നിട്ടും ഞാനെന്നിൽ തിളച്ചുപൊങ്ങാൻ തുടങ്ങി. എന്റെ മേശപ്പുറത്ത് കൊഞ്ചും ചിലങ്കയണിഞ്ഞൊരു കാവ്യനർത്തകിയിരിപ്പുണ്ട്; ചങ്ങമ്പുഴയുടെ. അതിനുമപ്പുറം ഒരു പുസ്തകമിരിപ്പുണ്ട്. ഞാനതെടുത്തു.
മഞ്ഞവെയിൽ തട്ടി വെണ്മുകിൽപോലെ നിറംമാറി തിളങ്ങുന്ന യമുനാനദിയെയാണ് ആദ്യം കാണുന്നത്. അതിന്റെ തീരത്ത് പാഴ്ച്ചെടികളും കരിമ്പനക്കൂട്ടവും നിറഞ്ഞ പറമ്പ്. തൊലിയുരിഞ്ഞ് തടമുഴകളുമായി ചീർത്ത് ഒരാൽമരം. അതിനു താഴെ പൊളിഞ്ഞ കൽത്തറയുടെ പിളർപ്പുകളിൽനിന്നു പുറത്തേക്ക് നാഗങ്ങളെപ്പോൽ വേരുകൾ ഇഴഞ്ഞുനിൽക്കുന്നു. ചുറ്റും ചിതകളെരിയുന്നു. കഴുകന്മാർ പാതിവെന്ത ശവങ്ങളിൽ നഖങ്ങൾ താഴ്ത്തുന്നു. മലങ്കാക്കകളുടെ ആരവം. അതിനിടയിൽ ഒരു ദീനസ്വരം. കണ്ണീർ വാർത്ത് ചേലച്ചീന്തിനാൽ പാതിമറച്ച് രൂപവിധുരമായ ഒരു പിണ്ഡം. അതൊരു സ്ത്രീയായിരുന്നുവെന്ന് അറിയുന്നത് ഏറെനേരം കഴിഞ്ഞാണ്.
ഞാനാദ്യം വായിച്ചറിഞ്ഞ സ്ത്രീ വാസവദത്തയാണ്. വാസവദത്തയ്ക്കു പിന്നാലെ ഒരുപാട് സ്ത്രീകളെ ഞാൻ പരിചയപ്പെടുന്നത് വീട്ടിൽവച്ചാണ്. ഇന്ന് പാതിയിലേറെ പൊളിച്ചുകളഞ്ഞ ആ പഴയ വീടിന്റെ ജനലഴികളിൽപ്പിടിച്ച് പുറത്തേക്കു നോക്കുമ്പോൾ എനിക്ക് അവരെയെല്ലാം കാണാനാകുന്നുണ്ട്. അന്നയും സുഭദ്രയും സുഹ്റയും മൈമുനയും തുടങ്ങി എത്രയോ പേർ. അവർ ആ വീട് വിട്ട് എങ്ങോട്ടും പോയിട്ടില്ല. പക്ഷേ, ഞാൻ മാത്രം പുറപ്പെട്ടുപോയിരിക്കുന്നു.
ജനിച്ചുവളർന്ന വീട്ടിൽനിന്നിറങ്ങുമ്പോൾ ഓരോ മനസിലും ഒരായിരം വേദനകളുണ്ടാകും എന്നതു തീർച്ചയാണ്. ആ വേദന മറ്റു വേദനയേക്കാൾ ആഴമുള്ളതാകും. അപ്പോൾ നമ്മൾ ചുവടുപിഴച്ച നിഴലുകളാകും. നമുക്ക് അമ്മയുടെ മണമില്ലാതാകും. അച്ഛന്റെ ചൂടും പെങ്ങളുടെ തണുപ്പും അമ്മൂമ്മയുടെ രുചിയും ഇല്ലാതാകും. വീട്ടിൽ നമ്മൾ ഒളിച്ചുവച്ച പലരും വാതിൽപ്പുറത്തേക്കുവന്ന് വാവിട്ട് നിലവിളിക്കും. ഒരായിരം യുദ്ധക്കപ്പലുകൾ നമ്മുടെ സങ്കടത്തിന്റെ അഴിമുഖത്തുവന്ന് നങ്കൂരമിടും. വേലിപ്പത്തലിനപ്പുറം മിഴിനീട്ടിയ പ്രണയസിന്ദൂരങ്ങൾ പൊടുന്നനെ മാഞ്ഞുപോകും. നിലയറ്റ നിരാശയിലേക്ക് നമ്മൾ വഴുതിവീഴും.
വീടു മാറുമ്പോൾ ഇല്ലാതാകുന്നത് കൂട്ടുകാർ കൂടിയാണ്. കനത്ത നഷ്ടം അതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എത്രയോ നാൾ മിണ്ടിയും കേട്ടും ഇണങ്ങിയും പിണങ്ങിയും കൂട്ടുചേർന്നു നടന്ന കരുതൽ പെട്ടെന്ന് ഇല്ലാതാകുകയാണ്. അങ്ങനെ നഷ്ടപ്പെട്ട കൂട്ടുകാർ ഒത്തിരിയുണ്ടാകും. എണ്ണിയെടുക്കുമ്പോൾ സങ്കടം പെരുകിവരും. പറഞ്ഞു പാതി നിർത്തിയിടത്തുനിന്ന് ഒരിക്കലും തുടരാനാകാത്തവിധം അകന്നുപോയവർ. ഏതെങ്കിലുമൊരു മഹാനഗര ചത്വരത്തിൽ കണ്ടുമുട്ടുമ്പോൾ ഒന്നും പറയാനാകാതെ നിന്നവർ. അഴുകിപ്പോയ കൃഷ്ണമണികളിൽ കുടുങ്ങിപ്പോയവർ. ആശുപത്രി വരാന്തകളിൽവച്ചു കണ്ട് തിരിച്ചറിയാനാകാതെ പോയവർ. ശരണാലയങ്ങളിൽ അഭയം പ്രാപിച്ചവർ. ആരെയും ഇപ്പോൾ ഓർത്തെടുക്കാനാകുന്നില്ല. വീടു വിടുമ്പോൾ മണ്ണും മനുഷ്യരും മാത്രമല്ല നഷ്ടമാകുന്നത്. ഒരായിരം സ്നേഹംകൂടിയാണ്. ചേർത്തുപിടിച്ചിരുന്ന ഒരായിരം കൈകളാണ് ഇല്ലാതാകുന്നത്.
നഷ്ടങ്ങൾ ഓർത്തിരിക്കുമ്പോഴാണ് കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാർഥനെ ഓർമ വരുന്നത്. ഒരു നിമിഷത്തിന്റെ നിരാശയിൽനിന്നായിരുന്നു ആ ഇറങ്ങിപ്പോക്ക്. ഒരർധരാത്രിയിൽ. അന്ന് പൗർണമിയായിരുന്നു. നഭസിലാകെ പത്മാസനത്തിൽ മേഘങ്ങൾ. താഴെ അഴലാറുന്നതിനായി ഇറങ്ങിപ്പുറപ്പെട്ട ദീനബന്ധു. ഏറെ ദൂരം നടന്നു നൊന്തുകീറിയ തളിർപാദങ്ങളുടെ നോവാറ്റിയിരിക്കവേ ഉള്ളിലെ ജ്ഞാനി ചോദിച്ചു “കുമാരാ, നീ ചെറുപ്പമാണ്. നിനക്ക് കൊട്ടാരത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമില്ലേ? കൊട്ടാരത്തിലേക്ക് മടങ്ങിപ്പോകാൻ നിനക്ക് അധികദൂരം നടക്കേണ്ടതില്ല. പോകാൻ ആഗ്രഹമില്ലേ?” ചോദ്യം സിദ്ധാർഥനെ ഒന്നുലച്ചു. അകത്തുനിന്നു കേട്ടത് തേനുൾച്ചുരന്ന മൊഴിയല്ല. പാതി വെന്ത ചോദ്യം. അതിന്റെ രൂക്ഷഗന്ധം സിദ്ധാർഥനെ അസ്വസ്ഥനാക്കി. സിദ്ധാർഥൻ നടന്നുവന്ന വഴി നോക്കി. ഇത്രദൂരം നടന്നെങ്കിലും ആദ്യമായാണൊന്നു തിരിഞ്ഞുനോക്കുന്നത്. പക്ഷേ, വഴി കാണുന്നില്ല. കാണുന്നത് ഇരുട്ട് മാത്രം.സൂര്യനസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. ജടാധാരികളായ ദിക്കുകൾ.
“ഗുരോ, അങ്ങെന്തിനാണ് ഇരുളിലേക്കു നോക്കുന്നത്?” ശിഷ്യന്മാർ ചോദിച്ചു. ബുദ്ധൻ പറഞ്ഞു: “നടന്നുവന്ന വഴിയിൽ എന്റെ പാദമുദ്രകൾ പതിഞ്ഞിട്ടുണ്ടോ എന്നു നോക്കുകയായിരുന്നു. ഒന്നും പതിഞ്ഞിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ എനിക്ക് ആ പാദങ്ങൾക്കുമേൽ പാദങ്ങൾ എടുത്തുവച്ച് മടങ്ങിപ്പോകാമായിരുന്നു.” അതെ, വീടു വിട്ടിറങ്ങുമ്പോൾ നഷ്ടമാകുന്നത് ആ പാദമുദ്രകൾകൂടിയാണ്.
Leader Page
ഒരെഴുത്തുകാരന്റെ പേര് പലപ്രാവശ്യം ചൊല്ലിപ്പഠിച്ചിട്ടാണ് ഒന്നു പറയാനായത്. ഷ്വകീങ്മറീയമഷാറൂദീ അസീസ്. ഒറ്റശ്വാസത്തിൽ പറഞ്ഞില്ലെങ്കിൽ ചില വാക്കുകൾ തൊണ്ടയിൽ കുടുങ്ങും. ബ്രസീലിയൻ നോവലിസ്റ്റാണ്. പേരുപോലെതന്നെ സങ്കീർണമാണ് അദ്ദേഹത്തിന്റെ കഥാപ്രപഞ്ചവും. അത് ഒറ്റ വായനയിൽ പൂർണമാക്കാവുന്ന ഒന്നല്ല. ഒന്നിലധികം അടരുകൾകൊണ്ട് തുന്നിച്ചേർത്ത സവിശേഷസൃഷ്ടികളാണ് അദ്ദേഹത്തിന്റെ നോവലുകൾ. സഹസ്രദളപത്മം എന്ന് ഒറ്റവാക്കിൽ അതിനെ വിശേഷിപ്പിക്കാം.
അസീസിന്റെ നോവലുകൾക്ക് മുൻവാതിലുകളില്ല. പിൻവാതിലിലൂടെ വേണം അകത്തേക്കു പ്രവേശിക്കാൻ. ഒരു ജീവിതത്തിന്റെ പിൻവാതിൽ മരണമാണ്. അതിലൂടെയാണ് അസീസ് വായനക്കാരെ അകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നത്. അവിടുന്ന് തുടങ്ങി പിറവിയിൽ എത്തുമ്പോഴേക്കും ഒരു ജീവിതം പറഞ്ഞുതീരുന്നു. ആ അർഥത്തിൽ അതൊരു ജിജ്ഞാസാത്മകമായൊരു അനുഭൂതിയാണ്. തുടക്കവും ഒടുക്കവും അറിയാത്ത അവസ്ഥ. വായനക്കാരന്റെ അന്വേഷണം എന്നെന്നേക്കുമായി തളച്ചിട്ട് അവനു മുന്നിൽ കണ്ടറിയലിന്റെ ഒരു മഹാപ്രപഞ്ചം നോവലിസ്റ്റ് തുറന്നുകൊടുക്കുന്നു. അങ്ങനെ വരുമ്പോൾ ജീവിതം ഒരു പൂർണവിരാമം അല്ല എന്നു വരുന്നു. അത് ഗാഢമായ ചേർച്ചയും വിരാഗമായ അകൽച്ചയുമായ എന്തോ ഒന്ന് എന്ന തോന്നൽ ഉണ്ടാക്കുന്നു. ഈ തോന്നലിനെയാണ് അസീസ് യാഥാർഥ്യം എന്ന് വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നത്.
അസീസിന്റെ നോവൽപോലെയാണ് ചിലരുടെ ജീവിതങ്ങൾ. അവർ അന്ത്യത്തിൽനിന്ന് ആരംഭത്തിലേക്ക് ഒഴുകുന്നവരാണ്. അഴിമുഖത്തുനിന്നു വൃഷ്ടി പ്രദേശത്തേക്ക് ഒഴുകുന്ന ഒരു പുഴയെ സങ്കല്പിച്ചാൽ ഇത് ബോധ്യമാകും. അങ്ങനെ സങ്കൽപ്പിക്കുന്നത് ഒരാളെ ഉന്മാദിയാക്കുമെന്ന് സാർത്ര് പറയുന്നുണ്ട്. അവർ അവസാന വഴിയമ്പലത്തിൽനിന്ന് ആരംഭത്തിലേക്ക് ഒഴുകുന്നവരാണ്. അവരെ ലളിതമായി നിർവചിക്കാനാവില്ല. കുഞ്ഞിരാമൻനായരുടെ ഭാഷയിൽ പറഞ്ഞാൽ "അനന്ത ഗോളചലനചക്ര നിഷ്പന്ദബിന്ദു'. വിൻസെന്റ് വാൻഗോഗ് അങ്ങനെയൊരു നിഷ്പന്ദ ബിന്ദുവായിരുന്നു. വാൻഗോഗിന്റെ ജീവിതം തുടങ്ങുന്നത് ഗോതമ്പുപാടത്തുനിന്നാണ്. അവിടെവച്ചാണ് മരിക്കണമേ എന്ന നിശബ്ദ പ്രാർഥനയോടെ വാൻഗോഗ് സ്വയം നിറയൊഴിച്ചത്. എന്നാൽ, ആ വെടിയുണ്ട ഹൃദയത്തിൽ സ്പർശിക്കാതെ കടന്നുപോയി. പിന്നീടുള്ള ആറുനാൾ വാൻഗോഗ് ഉത്തരായനവും കാത്ത് ശരശയ്യയിൽ കിടന്നു. അപ്പോഴും അസ്ഥിയുടെയും മാംസത്തിന്റെയും മധ്യേ ആ ശരീരത്തിൽനിന്ന് പീതരക്തം പശിമരാശിയുള്ള ഗോതമ്പുപാടത്തേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. ആ രക്തത്തിൽ പേന മുക്കിയാണ് ഇർവിങ്സ്റ്റോൺ "ജീവിതാസക്തി' എഴുതിയത്. അത് മൃത്യുവിൽനിന്ന് പിറവിയിലേക്കു നീണ്ട ഒരു ഭ്രാന്തൻ ജീവിതത്തിന്റെ മരണമൊഴി കൂടിയായിരുന്നു.
സാൽവദോർദാലിയെ ഓർമവരുന്നു. ദാലിയുടെ കിറുക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങളേക്കാൾ സുന്ദരമായിരുന്നു. ആകാശത്തെ തൊടാനെന്നവണ്ണം ആയുന്ന മെഴുവാർന്ന മീശയും തുറിച്ച കണ്ണുകളും എന്നെ ആദ്യം ഭയപ്പെടുത്തിയിരുന്നു. വിചിത്രമായ ആ നോട്ടം ഒരു കലാകാരന്റേതായിരുന്നില്ല. ഭൂമിയെ വിഴുങ്ങാൻ തയാറായി നിൽക്കുന്ന ഒരു നിഗൂഢ ജീവിയുടെ ഭാവമായിരുന്നു അത്. എങ്കിലും അകമേ എനിക്ക് ദാലിയോടൊരിഷ്ടം തോന്നിയിരുന്നു. ദാലിയുടെ പ്രിയപ്പെട്ട ഗാലയെയാണ് ഞാനാദ്യം വായിച്ചത്. ഗാലയുടെ ദാലി കുറിപ്പുകൾ പലതും ദുരൂഹമായിരുന്നു. ദാലിയുടെ വിചിത്രമായ സ്വഭാവരീതികൾ, ലൈംഗിക തൃഷ്ണകൾ, ചിത്രമെഴുത്തുകൾ എല്ലാം ആ കുറിപ്പുകളിലുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഒരൊത്തിരി ദൂരം ഞാൻ ദാലിയുടെ പിന്നാലെ നടന്നിട്ടുണ്ടാകണം. ആ യാത്രയുടെ കുമ്പസാരങ്ങൾ പിൽക്കാലത്ത് ഞാനൊരു പുസ്തക രൂപത്തിലെഴുതി പൂർത്തിയാക്കിയിരുന്നു.
ദാലിയുടെ ഉന്മാദം നട്ടുച്ചയ്ക്ക് തീപിടിക്കുന്നതുപോലെയായിരുന്നു. ചില നേരങ്ങളിൽ അത് പുകഞ്ഞും അണഞ്ഞും കിടക്കും. ചില നേരങ്ങളിൽ മിന്നൽപ്പിണർപോലെ അത് മേഘശലാകകൾക്കു മീതെ പായും. ചിലപ്പോൾ ഒരു ഹുങ്കാരം മാത്രം. മരുഭൂമിയിൽ എന്നോ വറ്റിപ്പോയ ഒരു നീരുറവ തേടും പോലെയായിരുന്നു ദാലിയുടെ ഭ്രാന്ത്. അതൊരിക്കലും കണ്ടെത്താനാകില്ല. ചക്രവാളങ്ങളിൽ മേഞ്ഞുനടക്കുന്ന സ്വച്ഛമേഘങ്ങൾ പോലെയാണത്. ഛേദിക്കപ്പെട്ട കൃഷ്ണമണികൾക്കിടയിലൂടെയാണ് ദാലി ലോകത്തെ കണ്ടത്. അതുകൊണ്ടുതന്നെ ദാലിയുടെ മനുഷ്യർ പുഴുക്കളായിരുന്നു. അതൊരിക്കലും പ്രലോഭനങ്ങൾക്ക് വഴങ്ങുന്ന ഒന്നായിരുന്നില്ല. ഗാല വിട്ടുപോയപ്പോൾ ദാലിയുടെ മുറിയിൽനിന്ന് ഒരു നിലവിളി കേട്ടു എന്ന് പരിചാരിക രേഖപ്പെടുത്തിയിട്ടുണ്ട്. ഉന്മാദത്തിന്റെ ആ നിലവിളിയൊച്ച തന്റെ രഹസ്യജീവിതത്തിൽനിന്നുള്ള മുക്തിമന്ത്രം കൂടിയായിരുന്നു.
വാൻഗോഗിനെപ്പോലെ, ദാലിയെപ്പോലെ ഒരാൾകൂടി എന്റെ മനസിലുണ്ട്.
അവനൊരു മഹാഗണി വൃക്ഷത്തൈ കൊണ്ടുവന്ന് എന്റെയുള്ളിനെ വനനിബിഡമാക്കിയവനാണ്. അവൻ ചോര ചിന്താതെ ഈ ഭൂമി വിട്ടുപോകണേ എന്നായിരുന്നു എന്റെ പ്രാർഥന. പക്ഷേ, അവൻ തഴമ്പുറ്റ കൈകൾകൊണ്ട് ഒരു ഖഡ്ഗം വയറ്റിലേക്കു മൃദുവായി അമർത്തി. ധീരസാഹസികമായിരുന്നു ആ മരണം. ആ മരണത്തിന്റെ പേരാണ് യുകിയോ മിഷിമ. ആ ജീവിതം നിറയെ ഉന്മാദമായിരുന്നു. അത് കുട്ടിക്കാലം മുതലേ മിഷിമയിലുണ്ടായിരുന്നു. അതൊരു രജത സർപ്പമായി അവന്റെ പ്രക്ഷുബ്ധജീവിതത്തെ വലിച്ചുമുറുക്കി. അവന്റെ ആധിബാധകൾ ഒരിക്കലും ശമിച്ചിരുന്നില്ല. അത് കൊടിപിടിച്ച് ഉന്മാദത്തിന്റെ കൊടുംവേനലിനു മുന്നേ നടന്നു
സ്വന്തം ശരീരത്തിൽ ഇത്രയേറെ അഭിരമിച്ച മിഷമയെപ്പോലെ മറ്റൊരാൾ ഉണ്ടോ എന്നു സംശയമാണ്. ഒരുതരം ആത്മരതി. വാർധക്യം ശരീരത്തിൽ ചുളിവുകൾ വീഴ്ത്തും മുന്‍പ് ഈ ഭൂമിയിൽനിന്നു രക്ഷപ്പെടണമെന്ന് മിഷിമ കാലേകൂട്ടി തീരുമാനിച്ചിരുന്നു. അതുവരെയും ശരീരം ഒരു പ്രദർശന വസ്തുവായി എല്ലാവരും കണ്ടുകൊതിക്കണമെന്ന ശാഠ്യം മിഷിമയ്ക്കുണ്ടായിരുന്നു. അതിനായി മിഷിമ ബോഡി ബിൽഡിംഗ്, കരാട്ടെ, കെൻഡോ തുടങ്ങിയ ആയോധനമുറകളും അഭ്യസിച്ചു. അക്കാലത്താണ് ഇരുപതാം നൂറ്റാണ്ട് കണ്ട മികച്ച കൃതികളിലൊന്ന് മിഷിമ എഴുതുന്നത്; "കൺഫെഷൻ ഓഫ് മാസ്ക്'. ആത്മകഥാപരമായ നോവലായിരുന്നു അത്. അതിൽ മിഷിമയുടെ ജീവിതവും ഉന്മാദവും മരണവുമുണ്ട്. അതൊരു തുറന്ന പുസ്തകമായിരുന്നു.
ജീവിതത്തിന്റെ ഉത്സവകാലങ്ങളെക്കുറിച്ചുള്ള നെടുങ്കൻ വിവരണങ്ങൾ അതിലുണ്ട്. ഒടുവിൽ പരാജിതനും നിരാശനും നഷ്ടസർവസ്വനുമായ മിഷിമ ഹരാ-കിരി അനുഷ്ഠിച്ചു. അത് തോൽവിക്കു മുന്നിൽ ഓടിയെത്താൻ കഴിയാതെ വരുമ്പോൾ ഒരാൾ ചെയ്യുന്ന ഹീന മാർഗങ്ങളിലൊന്നായിരുന്നു. ആ മാർഗം മിഷിമയുടെ ഉന്മാദമെടുത്ത തീരുമാനമായിരുന്നു. വയറു പിളർന്ന് മരിക്കുമ്പോൾ അവന്റെ മുഖത്തേക്ക് ദൈവം നോക്കിയിട്ടുണ്ടാകണം. ആ ഖഡ്ഗം അവന്റെ വയറ്റിൽനിന്ന് വലിച്ചൂരി എടുക്കുമ്പോൾ ദൈവം പ്രാർഥിച്ചിട്ടുണ്ടാകണം. ഭൂമിയിൽ ഇനിമേൽ ആരെയും ഉന്മാദികളാക്കില്ല എന്ന് നിശബ്ദം പ്രതിജ്ഞ ചൊല്ലിയിട്ടുണ്ടാകണം.
Leader Page
ഒരു പുസ്തകം ഓർമ വരുന്നു. വളരെ മുമ്പു വായിച്ചതാണ്. അമേരിക്കയിലെ ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ജോർജ് സോണ്ടേഴ്സിന്റെ നോവലാണത്. ‘ലിങ്കൺ ഇൻ ദ ബാർഡോ’ (Lincoln in the Bardo). പൂനയിലെ ഓഷോ ആശ്രമത്തിനു പുറത്തുള്ള ഒരു തെരുവുപുസ്തകക്കച്ചവടക്കാരന്റെ ശേഖരത്തിൽനിന്നു വാങ്ങിയതാണത്. ഒന്നുരണ്ടു താളുകൾ മറിച്ചുനോക്കിയപ്പോൾ ഏറെ കൗതുകം തോന്നി. സോണ്ടേഴ്സിന്റെ കഥകളൊന്നും അതിനുമുമ്പ് വായിച്ചിരുന്നില്ല. അതിനാൽത്തന്നെ ഈ എഴുത്തുകാരനിലേക്ക് കടക്കാൻ ഒരു ‘മുൻവിധി’ എന്നെ അനുവദിച്ചതുമില്ല. എങ്കിലും രണ്ടും കല്പിച്ച് ഞാനത് വാങ്ങിച്ചു; ആ രാത്രിതന്നെ വായിച്ചു.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതവുമായി ബന്ധപ്പെട്ട നോവലാണ് ‘ലിങ്കൺ ഇൻ ദ ബാർഡോ’. അദ്ദേഹത്തിന്റെ പതിനൊന്നു വയസുള്ള മൂന്നാമത്തെ മകൻ വില്ലി ലിങ്കൺ 1862ൽ ടൈഫോയ്ഡ് പിടിച്ച് ദാരുണമായി മരിക്കുന്നു. ജോർജ് ടൗണിലെ ഓക്ഹിൽ സെമിത്തേരിയിൽവച്ചായിരുന്നു മരണാനന്തര ചടങ്ങുകൾ നടന്നത്. എന്നാൽ, ചടങ്ങുകൾക്കുശേഷം എല്ലാവരും മടങ്ങിപ്പോയിട്ടും ലിങ്കൺ അവിടെനിന്നു പോയില്ല. ശവപ്പെട്ടി പല പ്രാവശ്യം തുറന്ന് മകന്റെ ശരീരം ആ പിതാവ് വീണ്ടും വീണ്ടും ചുംബിച്ചുകൊണ്ടിരുന്നു. തീവ്ര വൈകാരികതയോടെയാണ് സോണ്ടേഴ്സ് ആ രംഗം അവതരിപ്പിക്കുന്നത്. പിതൃ-പുത്ര ബന്ധത്തിന്റെ ആഴം വായനക്കാരുടെ ഹൃദയത്തെക്കൂടി വല്ലാതെ മുറിപ്പെടുത്തുന്നുണ്ട്. അതു വായിച്ച് ഞാൻ കരഞ്ഞുപോയി. പുസ്തകം വായിച്ചു കരയുന്ന സന്ദർഭങ്ങൾ എന്റെ വായനയിൽ കുറവാണ്. എങ്കിലും കരഞ്ഞു.
നോവൽ പിന്നെയും ഏറെദൂരം സഞ്ചരിക്കുന്നുണ്ട്. ടിബറ്റൻ മതവിശ്വാസപ്രകാരം, മരിച്ചവരുടെ ആത്മാക്കൾ എത്തിച്ചേരുന്ന ‘ബാർഡോ’ എന്ന ഇടത്താവളത്തെക്കുറിച്ചും അവിടെ തന്റെ പ്രിയപ്പെട്ട മകനെ കാണാനെത്തുന്ന ലിങ്കണെക്കുറിച്ചും പിതാവിനെ കാത്തിരിക്കുന്ന വില്ലിയെക്കുറിച്ചുമെല്ലാം സോണ്ടേഴ്സ് സങ്കടഭാഷയിലാണ് എഴുതുന്നത്. അതുകൊണ്ടുതന്നെ ഒരുടഞ്ഞ ശംഖിന്റെ തേങ്ങൽ വായനയിലുടനീളം ഉയർന്നുകേൾക്കാനാകും.
മഴ മണക്കുന്ന ഒരു സന്ധ്യക്കാണ് ജാപ്പനീസ് എഴുത്തുകാരൻ കവാബാത്തയുടെ ‘ബ്യൂട്ടി ആൻഡ് സാഡ്നെസ്’ (Beauty and Sadness) വായിച്ചുതുടങ്ങുന്നത്. പ്രക്ഷുബ്ധമായിരുന്നു ആ രാവ്. തുവർത്തി തീരാത്തത്ര മഴ. അലറി വീശുന്ന കാറ്റിൽ മേഘദുന്ദുഭിയുടെ മുഴക്കം. ഭയം തോന്നാതിരുന്നില്ല. വായിക്കുന്നത് കവാബാത്തയെയാണ്. അപകടകാരിയായ ഒരെഴുത്തുകാരൻ. എഴുതിയതത്രയും വന്യമായ ചരമരേഖകൾപോലെയാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. നോവലിലെ നായകൻ ‘ഒക്കി’ ഒരെഴുത്തുകാരനാണ്. അയാൾ ഭഗ്നപ്രണയത്തിന്റെ മുറിവുകളും പേറി കിയോട്ട എന്ന സ്ഥലത്തെത്തുന്നു. പതിനഞ്ചു വയസുണ്ടായിരുന്ന ‘ഒട്ടോക്കി’ എന്ന പെൺകുട്ടിയെ പ്രണയിച്ചു നശിപ്പിച്ച ഓർമകളും പേറിയാണ് അയാൾ അവിടേക്കെത്തുന്നത്. ഓട്ടോക്കിയെ അയാൾക്കു വീണ്ടും കാണണം.
എല്ലാം തുറന്നുപറഞ്ഞ് അവൾക്കു മുമ്പിൽ കുമ്പസാരിക്കണം. അവൾക്കൊപ്പം ശിഷ്ടകാലം ജീവിക്കണം. അതാണ് ഒക്കിയുടെ ആഗ്രഹം. അയാൾ കിയോട്ടയിലെ ഒരു ഹോട്ടലിൽ താമസിച്ച് ഒട്ടേക്കിയെ ടെലിഫോണിൽ ബന്ധപ്പെടുന്നു. അവളുടെ ശബ്ദം ദുഃസ്വപ്നങ്ങൾ തുടരെ കാണുന്ന ഒരാളുടെ നരച്ച ശബ്ദം പോലെ വിവർണമായിരുന്നു. വാക്കുകൾക്കൊന്നും വ്യക്തതയുണ്ടായിരുന്നില്ല. അവളുടെ ശബ്ദം പതിയെ ഗദ്ഗദമായി മാറുന്നത് ഒക്കി അറിയുന്നു.
താൻ നശിപ്പിച്ച അവളുടെ ജീവിതം അവളെ കടുത്ത മനോവിഭ്രാന്തിയിൽ എത്തിച്ചുവെന്നും അവളിൽ പിറന്ന തന്റെ കുഞ്ഞ് അകാലത്തിൽ മരിച്ചുവെന്നും അവളിപ്പോൾ പ്രശസ്തയായൊരു ചിത്രകാരിയാണെന്നും ഒക്കി പിന്നീട് അന്വേഷിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിൽ ‘കീക്കോ’ എന്നൊരു പെൺകുട്ടി, ഒട്ടോക്കിയുടെ ചിത്രമെഴുത്തിലുള്ള ആരാധന മൂത്ത് അവൾക്കൊപ്പം താമസിക്കാനെത്തുന്നു. ഒട്ടോക്കിക്കൊപ്പം പാർപ്പുറപ്പിച്ച അവൾ പതിയെ ഒട്ടോക്കിയുടെ ജീവിതത്തിലേക്കും അതുവഴി അവളുടെ ജീവിതം എന്നെന്നേക്കുമായി നശിപ്പിച്ച ഒക്കിയിലേക്കുമെത്തുന്നു. അതവളെ കടുത്ത ഭയസംഭ്രമങ്ങളിലേക്കും പകയിലേക്കുമെത്തിക്കുന്നു. ഒക്കിയെയും അയാളുടെ കുടുംബത്തെയും നശിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഒട്ടോക്കിയോട് അവൾ പറയുന്നു.
പക്ഷേ, അതിൽനിന്നു പിന്മാറണമെന്ന് ഒട്ടോക്കി അവളോട് അഭ്യർഥിക്കുന്നുണ്ടെങ്കിലും അവളതു കേട്ട മട്ട് കാണിക്കുന്നില്ല. അവൾ ഒട്ടോക്കി വരച്ച ചിത്രങ്ങളുമായി ആദ്യം ഒക്കിയിലേക്കും പിന്നീട് അയാളുടെ മകനിലേക്കുമെത്തുന്നു. കീക്കോയുടെ സാന്നിധ്യം ഒക്കിയിൽ ആശ്വാസവും മകനിൽ പ്രണയവുമായി മാറുന്നു. അതവൾ പതിയെ മുതലെടുക്കുന്നു. നോവലിന്റെ ഒന്നാംഘട്ടം അങ്ങനെ പര്യവസാനിക്കുകയാണ്. രണ്ടാം ഘട്ടത്തിലാണ് കവാബാത്തയുടെ പ്രതിഭ നിറഞ്ഞാടുന്നത്. വിസ്താരഭയത്താൽ ഞാനതിലേക്ക് കടക്കുന്നില്ല. ചിലത് നിരന്നുനിവർന്ന് അലറുന്നത് വായനക്കാർ അതേ നോവോടെ അനുഭവിക്കേണ്ടതാണ്.
പകൽവെട്ടത്തിൽ റാന്തൽവിളക്ക് കത്തിച്ചുപിടിച്ച് ആളുകളുടെ മുഖത്തേക്ക് ഡയോജനിസ് നോക്കുംപോലെയാണ് ചില എഴുത്തുകാർ വായനക്കാരുടെ ഹൃദയത്തിലേക്കു നോക്കുന്നത്. എനിക്കകമേ അവരോട് വല്ലാത്തൊരിഷ്ടമാണ്. എനിക്കിന്നും പൊരുത്തപ്പെടാനാകാത്ത ഒരു നോവൽരംഗമുണ്ട്. ഫ്രാൻസ് കാഫ്കയുടെ ‘മെറ്റമോർഫോസിസി’ൽ. ആർക്കും വേണ്ടാത്തവനെപ്പോലെ, എല്ലാവരാലും വെറുക്കപ്പെട്ട്, പട്ടിണികിടന്ന് മരിക്കുന്ന ഗ്രഗർ സാംസയെന്ന കീടത്തെ ഉപേക്ഷിച്ച് സാംസയുടെ കുടുംബം മറ്റൊരു ഗ്രാമത്തിലേക്ക് ഉല്ലാസയാത്ര പോകുന്ന രംഗത്തോടെയാണ് നോവൽ അവസാനിക്കുന്നത്. ഒരു പ്രാണൻ പിടഞ്ഞുതീരുന്നത് കണ്ടുകൊണ്ട് രക്തബന്ധമുള്ളവർക്ക് എങ്ങനെ ഉല്ലാസയാത്രയ്ക്കു പോകാൻ കഴിയുന്നു എന്നതാണ് എന്നെ ഏറെ അസ്വസ്ഥപ്പെടുത്തുന്നത്. അതെന്നെ ഇന്നും വേദനിപ്പിക്കുന്ന ഒരു രംഗമാണ്. കാലമിത്ര കഴിഞ്ഞിട്ടും ഉള്ളിൽ നൊന്തുനൊന്തിരിക്കുന്ന വേദനയാണ് സാഹിത്യം എന്നുപറഞ്ഞത് ബോദ്ലയർ അല്ലേ?
Leader Page
ദീപാങ്കുരനെയും സുമിത്രയെയും വളരെ യാദൃച്ഛികമായിട്ടാണ് ഞാന്‍ കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടല്‍ ഏറെ സൗമ്യമാധുര്യമാര്ന്നൊരു ഓര്‍മയാണ്. അതിനെ ഞാന്‍ കൃപാവരം എന്നുതന്നെ വിശേഷിപ്പിക്കുന്നു. ഞാനൊരു നദിക്കരയില്‍ നില്‍ക്കുകയായിരുന്നു. തലക്കാവേരിയുടെ ഒരറ്റത്ത്. പൂര്ണപ്രകൃതിയുടെ ഒരാരവം എനിക്കു ചുറ്റുമുണ്ടായിരുന്നു. പൊടുന്നനെ മഴ പെയ്തു. ഞാന്‍ നിന്ന ഒറ്റമരച്ചുവട്ടിലേക്ക് ജിജ്ഞാസകള്കൊണ്ട് മഷിക്കണ്ണെഴുതിയ ഒരുവള്‍ ഓടിവന്നു. അവളുടെ ഉടല് ഏറെ നനഞ്ഞിരുന്നു.
മൂക്കിന്റെ തുമ്പിലൂടെ ഒരു മഴത്തുള്ളി ചുണ്ടില്‍ തടഞ്ഞ് കഴുത്തോളം ഒഴുകിമറയുന്നത് ഞാന്‍ ശരിക്കും കണ്ടു. അപ്പോള്‍ ഞാന്‍ ചെറുപ്പമായിരുന്നു. മന്മഥാസ്ത്രമേറ്റു പിടയാന്‍ പാകത്തില്‍ ഒരു ഹൃദയം എനിക്കുണ്ടായിരുന്നു. പക്ഷേ, അവളില്‍ ഞാനൊരു അനിയത്തിക്കുട്ടിയെ കണ്ടു. തോരാമഴയത്തോടിവന്ന് എന്നരികില്‍ നിന്ന അവളോടെനിക്ക് വാത്സല്യം തോന്നി. ഞാനും അവളും ഒരേ ഗര്ഭപാത്രത്തിന്നിരുളില് കിടന്നതല്ലേ എന്നു തോന്നി. ഇടിമിന്നല്പ്പേടിയാല് അവള് കണ്ണടച്ചുനിന്നപ്പോള്‍ അവളുടെ നെറുകയിലൊന്നു തൊടണമെന്നു തോന്നി. എല്ലാ തോന്നലും മന്ദ്രസ്ഥായിയില്‍ ഉള്ളിലേക്ക് പടര്‍ന്നുകയറുന്ന ഭ്രാന്തല്ലേ? അറിയില്ല.
അവളെന്നോടൊന്നും പറഞ്ഞില്ല. ഒന്നു ചിരിക്കുകപോലും ചെയ്തില്ല. പക്ഷേ, തീത്തുമ്പുപോലൊരുള്ളം അവളില്‍ വെന്തുനില്ക്കുന്നതായി എനിക്കു തോന്നി. അവളുടെ കൂട്ടുകാര്‍ മറ്റു വൃക്ഷച്ചോടുകളില് അഭയം തേടിയതായി ഞാന്‍ കണ്ടു. അവരില്‍നിന്നകന്ന് അവള് മാത്രമെന്തേ എന്റെ അരികിലേക്ക് ഓടിവന്നുവെന്ന് ഇന്നും എനിക്കറിയില്ല. ഈ ചോദ്യം എന്നോടുതന്നെ ഞാൻ പലതവണ ചോദിച്ചിരുന്നു. ഒരുത്തരവും ഇതുവരെ കിട്ടിയില്ല. സാന്ദ്രധന്യമായൊരു നിമിഷമായിരുന്നു അത്. അവളുടെ ശരിക്കുള്ള പേര് എനിക്കറിയില്ല. പക്ഷേ, അവളെ ഞാനന്നേ സുമിത്ര എന്നു വിളിച്ചു. മഴ തോര്‍ന്ന് മാനം തെളിഞ്ഞപ്പോള്‍ അവള് പോയി. പക്ഷേ, മഴ നനഞ്ഞ് ഏറെക്കാലം അവളെന്റെ ഉള്ളിലുണ്ടായിരുന്നു. എന്റെ സങ്കല്പങ്ങളില് അവള് പാദസരമണിഞ്ഞ് നടന്നു. ദാവണിയുടുത്തു. ചന്ദ്രകാന്തമാലയണിഞ്ഞു.
ദീപാങ്കുരനെ കാണുന്നത് പിന്നെയും നാളുകള്‍ കഴിഞ്ഞാണ്. കൊല്ലത്തു നടന്ന യുവജനോത്സവ വേദിയില്‍വച്ച്. കാവ്യപാരായണ മത്സരം നടക്കുന്നു. മെലിഞ്ഞുനീണ്ട് ചോദ്യചിഹ്നംപോലൊരു ചെറുപ്പക്കാരന് കവിത ചൊല്ലാന്‍ വന്നു. എന്‍.എന്‍. കക്കാടിന്റെ ‘നന്ദി, തിരുവോണമേ നന്ദി’യാണ് ചൊല്ലിയത്. അവന് പാടിനിര്‍ത്തിയ വരികള്‍ ഇപ്പോഴും കേള്‍വിയില്‍ ചിതറുന്നു. ‘ഒരു തുള്ളി വെണ്മയായ്, നിന് വെളിച്ചക്കടലില്‍ ഞാനലിയാം.’ ചെറിയൊരു വെളിച്ചം പിടഞ്ഞുകെടുന്നതുപോലെ അവന് കവിത ചൊല്ലി വേദിയില്‍നിന്നിറങ്ങിപ്പോയി.
ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഞാനിറങ്ങി അവന്റെ പിന്നാലെ ചെന്നു. മണ്ണില്നിന്നൂര്ന്ന് പുറത്തേക്കുന്തിയ നിറയെ വേരുകളുള്ള ഒരു മരച്ചുവട്ടില്‍ അവന് ചെന്നിരുന്നു. “ചൊല്ലല്‍ നന്നായി. അഭിനന്ദനങ്ങള്‍” -ഞാന്‍ പറഞ്ഞു. അവനെന്നെ നിസംഗതയോടെ നോക്കി. പെരുവഴിയില്‍, കുഴങ്ങിനില്ക്കുന്ന പഥികന്റെ അതേ മുഖം. “ക്ഷമിക്കണം, എനിക്ക് ചിരിക്കാനറിയില്ല” -അവന് പറഞ്ഞു.
എനിക്കതു കേട്ടപ്പോള്‍ ചിരിയാണു വന്നത്. ചിരിക്കാനറിയാത്ത ഒരാളെ ഞാനാദ്യമായി കാണുകയായിരുന്നു. “അതു മറന്നുപോയതോ, ജന്മപ്രകൃതിയോ?” -ഞാന്‍ ചോദിച്ചു. “മറന്നുപോയത്” -അവന് പറഞ്ഞു. പിന്നെന്തൊക്കെയോ അവന് പറയാതെ പറഞ്ഞു. പറഞ്ഞതിലെല്ലാം കനലുണ്ടായിരുന്നു. നീര്‍ക്കുമിളപോല്‍ മിനുമിനുപ്പാര്‍ന്ന വാക്കുകള്‍. പുതുവെള്ളംപോലെ പശപ്പുള്ള ഓര്‍മകള്‍. “ഒരിടിമിന്നലിനുവേണ്ടിയാണ് എന്റെയീ തപസ്” എന്നുപറഞ്ഞുകൊണ്ട് അവന് നടന്നുപോയി. കളിപ്പാട്ടങ്ങള്‍ വലിച്ചെറിഞ്ഞ് പിണങ്ങിപ്പോകുന്ന ഒരു കുട്ടിയെയാണ് എനിക്കപ്പോള്‍ ഓര്മ വന്നത്. അവനെ ഞാന്‍ ദീപാങ്കുരന് എന്നു വിളിച്ചു. ഞാനുള്ളില്‍ തൊട്ടു വിളിക്കുമ്പോഴെല്ലാം അവനെന്നെ കാരുണ്യത്തോടെ നോക്കാറുണ്ടായിരുന്നു. ആ നോട്ടത്തില്‍ അവനും ഞാനും ഒരുപോലെ പൂത്തുലഞ്ഞിരുന്നു.
സുമിത്രയെയും ദീപാങ്കുരനെയും ഒന്നിച്ച് ഒരുവഴിയേ നടത്തണമെന്നൊരു മോഹം എന്നിൽ കലശലായി. അതൊരു എഴുത്തുകാരന്റെ അന്തർദാഹംകൂടിയായിരുന്നു. അതിനായി വേനലിനു കുറുകെ ഞാനൊരു പാലം പണിതു കാത്തിരുന്നു. കാവു തീണ്ടിയവരും മദപ്പാടുള്ളവരും സംഭ്രമജ്വാലകള് പുറത്തു കാണിക്കാതെ അതിലൂടെ തലങ്ങും വിലങ്ങും നടന്നു. എന്നിട്ടും ഞാന്‍ കാത്തിരുന്ന രണ്ടുപേര്‍ അതിലൂടെ നടന്നില്ല. പൊള്ളിയടര്‍ന്ന ഒരുച്ചനേരത്ത് ഞാനെഴുതാന്‍ തുടങ്ങി. വല്ലാത്ത കയ്പ് എനിക്കനുഭവപ്പെട്ടു. എങ്കിലും ഞാനെഴുതി. ചിറകുവെന്ത് താഴ്ന്നുപറന്ന ഒരു പക്ഷിയുടെ മനസോടെ. എഴുതിത്തീര്‍ന്നപ്പോള്‍ ആരോ ഉള്ളിലിരുന്നു പറഞ്ഞു, “എന്തോ മണക്കുന്നു. പാതി വെന്ത മണം.”
അതെന്റെ ഹൃദയംതന്നെയെന്ന് വിളിച്ചുപറയണമെന്നുണ്ടായിരുന്നു. എന്നെന്നും അടുക്കുവാനാകാതെ എന്നാല്‍, അകലാനാകാത്ത അനാദ്യന്ത ദുഃഖങ്ങളായിരുന്നു ഞാന്‍ പകര്‍ത്തിവച്ചത്. അതിലൊരിടിമിന്നലുണ്ട്. ഒരു മഴയുടെ ഊന്നിപ്പെയ്ത്തുണ്ട്. ഒരു കാഞ്ഞിരച്ചോടുണ്ട്. കൊഴുത്ത ചവര്‍പ്പുണ്ട്. എല്ലാമുണ്ട്. എഴുതിയതത്രയും മടക്കി ബാഗില്‍ വച്ച് ഞാനിറങ്ങി. വല്ലാത്ത വിങ്ങല്‍. അതെന്റെ മാത്രമല്ല എന്ന് കാരുണ്യത്തോടെ ഞാനോര്‍ത്തു. രണ്ടാത്മാക്കള് വാക്കുകള്‍ക്കുള്ളില്‍ തീപിടിച്ചിരിപ്പുണ്ട്. പാതിയോളം പതിരായിപ്പോയ ജീവിതത്തിന്റെ ആധിവ്യാധികളുണ്ട്. നിമജ്ജനം ചെയ്യാനാകാത്ത മണ്‍കുടങ്ങള്‍ ഉറഞ്ഞിരിപ്പുണ്ട്.
എന്തിനാണ് ഞാനവരെ സൃഷ്ടിച്ചത്? അവര്‍ക്കു കാണാന്‍ മാത്രമായി ചെറിയൊരാകാശം ഒരുക്കിയത്? അവരുടെ പ്രണയത്തെ അളന്നെടുക്കാന്‍ തുനിഞ്ഞത്? അവരുടെ കാമമോഹിതങ്ങളെ കുളിര്‍ത്ത നീരുറവയാല്‍ സ്നാനപ്പെടുത്തിയത്? ഇരുവരെയും മടിയില്‍ കിടത്തി താലോലിച്ചത്? ഒന്നും എനിക്കറിയില്ല. ഒന്നുമാത്രം ഞാന്‍ തിരിച്ചറിയുന്നുണ്ട്. അവരെക്കുറിച്ച് എഴുതിയില്ലായിരുന്നെങ്കില്‍ എനിക്ക് മോക്ഷം കിട്ടുമായിരുന്നു എന്ന്. അതിനെനിക്ക് അവകാശമില്ലയെന്ന് സങ്കടങ്ങളുടെ ചിലന്തിവലയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ തോന്നുന്നു. സുമിത്രയും ദീപാങ്കുരനും എനിക്കു മുന്നേ നടക്കുകയാണിപ്പോള്‍. അവര്‍ പട്ടാമ്പിയില്‍നിന്നു മംഗലാപുരത്തേക്ക് വണ്ടി കയറുന്നത് ഞാന്‍ കാണുന്നുണ്ട്. പട്ടാമ്പിയില്‍നിന്ന് കൊല്ലത്തേക്കു മടങ്ങുമ്പോള്‍ ഞാനോര്‍ത്തത്, സങ്കടങ്ങളുടെ മണ്‍ചിറ പൊട്ടിപ്പോകുമോ എന്നായിരുന്നു. എല്ലാം നാം നോക്കിനില്‍ക്കേ ഒലിച്ചുപോകുമെന്ന് കാലത്തിന്റെ പെരുത്ത കന്മതില് പൊളിഞ്ഞുവീഴുമ്പോള്‍ ഞാനറിയുന്നു.
Leader Page
ഒരു പത്തിരുപത്തിയഞ്ച് കൊല്ലം മുൻപാകണം, ഞാനൊരപൂർവ പുസ്തകം വായിച്ചിരുന്നു. ആ പുസ്തകത്തെ ഒരപൂർവ പുസ്തകം എന്നുതന്നെ വീണ്ടും വിശേഷിപ്പിക്കാമെന്നു തോന്നിപ്പോകുന്നു. ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകത്തിന്റെ പേര് ‘അപൂർവ വൈദ്യന്മാർ’ എന്നാണ്. നൃത്തം ചെയ്യുന്ന ഒരു പുസ്തകം.
നൃത്തത്തെ ധ്യാനം എന്നു വിശേഷിപ്പിക്കാമെന്ന് സ്വാമി ചിന്മയാനന്ദൻ പറഞ്ഞത് ഇപ്പോൾ ഓർമവരുന്നു. അതു ധ്യാനത്തിന്റെ പുസ്തകംകൂടിയായിരുന്നു. എന്തൊരു പ്രകാശമായിരുന്നു ആ പുസ്തകത്തിന്. “നീ ചിരിക്കുന്പോളെങ്ങും വെളിച്ചം പരക്കുന്നു” എന്ന് ആർ. രാമചന്ദ്രൻ എഴുതിയത് ഈ പുസ്തകത്തെ നോക്കിയാണോ എന്നു തോന്നിപ്പോകുന്നു. അത്രയേറെ എന്നെ അകമേ ആശ്ലേഷിച്ച ഒന്നായിരുന്നു അത്. കുറേക്കാലം എന്റെ യാത്രകളിലെല്ലാം ഇതൊപ്പമുണ്ടായിരുന്നു. എന്നാലൊരിക്കൽ എനിക്കീ പുസ്തകം നഷ്ടപ്പെട്ടു. എന്റെ കൂട്ടുകാരികളിൽ ഒരുവൾ ഈ പുസ്തകം കടം വാങ്ങിക്കൊണ്ടുപോയി. ഒരു കിനാവായ് പോലും ഉയിർകൊള്ളാതെ പോയ അവൾ പിന്നീടൊരിക്കലും അതു മടക്കിത്തന്നില്ല.
നാലഞ്ചുവർഷം മുൻപ്, കൃത്യം പറഞ്ഞാൽ കോവിഡനന്തര നാളുകളൊന്നിൽ ഒരു വിവാഹസത്കാര സന്ധ്യയിൽവച്ച് ഞാനവളെ കണ്ടുമുട്ടി. ഒരു മാറ്റവുമില്ല. പഴയ പ്രസരിപ്പും വാക്ധോരണിയും ഇത്തിരി കൂടിയിട്ടുണ്ടെന്നു മാത്രം. പിന്നാലെ ചെന്ന് പതിഞ്ഞ മട്ടിൽ ഞാൻ പറഞ്ഞു. “അപൂർവ വൈദ്യന്മാർ...” അവൾ തിരിഞ്ഞുനോക്കി. ആ മുഖത്ത് മായിച്ചുകളയാനാകാത്തൊരു ചമ്മൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. ചമ്മൽ പോയിട്ട്, ഒരു പരവേശം പോലുമില്ല. “എടാ, നീയിപ്പോഴും ജീവിച്ചിരിപ്പുണ്ടോ?” എന്നുള്ള നീട്ടിപ്പറച്ചിലിൽ ലോകംതന്നെ സംഭ്രമിച്ചു പോയിട്ടുണ്ടാകണം.
എന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് ഒരൊറ്റ ശ്വാസത്തിൽ ഒരു കുന്നോളം വിശേഷങ്ങൾ അവൾ പരത്തിപ്പറഞ്ഞു. ആ വളകിലുക്കത്തിൽ ‘അപൂർവ വൈദ്യന്മാർ’ ഞാൻ മറന്നു. പോകാൻനേരം അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: “നിന്റെ ഓർമയ്ക്ക്, അല്ല സ്നേഹത്തിന് ഞാനൊന്നു സൂക്ഷിച്ചുവച്ചിട്ടുണ്ട്, അപൂർവ വൈദ്യന്മാർ.” എന്റെ കണ്ണുനിറഞ്ഞു. കിനാവായ് ഉയിർകൊണ്ടില്ലെങ്കിലും അവളിപ്പോഴും എന്റെ സ്നേഹത്തെ താലോലിക്കുന്നല്ലോ എന്നോർത്തപ്പോൾ എനിക്ക് വാക്കുകൾ ഇടറി. എന്റെ കൈകൾക്കകമേ ഒന്നമർത്തിനുള്ളി അവൾ ആൾക്കൂട്ടത്തിലേക്ക് നടന്നു മറയുന്പോൾ ‘അപൂർവ വൈദ്യന്മാർ’ എന്നെ അകമേ ചികിത്സിക്കുന്ന പുസ്തകംകൂടിയാണെന്ന് തരിച്ചറിയുകയായിരുന്നു.
കടം വാങ്ങി മടക്കിത്തരാത്ത പുസ്തകങ്ങൾ നമ്മുടെ ഓർമയ്ക്കും സ്നേഹത്തിനുമായി ചിലർ സൂക്ഷിച്ചുവയ്ക്കുന്നതായിരിക്കുമെന്ന് ഞാനന്നുമുതൽ കരുതി. അവരെപ്പോലെ ആ പുസ്തകങ്ങളും നമ്മളെ ഓർമിക്കുന്നുണ്ടാകുമോ? കൂടെപ്പോരാൻ കൊതിക്കുമോ? ഒർക്കുന്പോൾ ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ വന്ന് വാതിൽക്കൽ മുട്ടുന്നു. മടക്കിക്കിട്ടാത്ത പുസ്തകങ്ങളുടെ ചാർട്ട് ഞാനെഴുതി സൂക്ഷിച്ചിരുന്നു. ഇതെഴുതിവന്നപ്പോൾ വെറുതെ ഞാനതൊന്ന് നോക്കി.
കുറച്ചു പുസ്തകങ്ങളും അതിനു നേരേ പുസ്തകങ്ങൾ തിരികെ തരാത്തവരുടെ പേരുമുണ്ട്. അതിൽ ഒന്നുരണ്ടുപേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അതിലൊരാളെ ഞാൻ പ്രത്യേകം ഓർക്കുന്നു. അയാൾ ഇളനീരുപോലെ മിണ്ടിപ്പറയുന്ന ആളും നല്ല വായനക്കാരനുമായിരുന്നു. ഒരിക്കലയാൾ എന്റെ കൈയിൽനിന്നൊരു പുസ്തകം കടം വാങ്ങിക്കൊണ്ടുപോയി. എവുസ്താക്കിയൂസ് ബെനഡിക്ട് ഡിലനോയിയുടെ ജീവചരിത്രപുസ്തകം. ഞാനത് മറ്റൊരാളിൽനിന്ന് കടം വാങ്ങിയതായിരുന്നു. വാങ്ങിക്കൊണ്ടുപോയ ആൾ യഥാസമയം മടക്കിത്തന്നില്ല. എനിക്കാ പുസ്തകം വായിക്കാൻ തന്ന ആൾ നിരന്തരം ചോദിച്ചുകൊണ്ടുമിരുന്നു. പല പ്രാവശ്യം വാങ്ങിക്കൊണ്ടുപോയ ആളെ ഞാൻ ബന്ധപ്പെട്ടു. അവധികൾ പലതു പറഞ്ഞെങ്കിലും മടക്കിക്കിട്ടിയില്ല.
പുസ്തകം തന്നയാൾ എന്നന്നേക്കുമായി പിണങ്ങി. ആലുവാ മണപ്പുറത്തുവച്ചു കണ്ട പരിചയം പോലും അയാൾ എന്നോടു കാണിക്കാതായി. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. എന്റെ കൈയിൽനിന്ന് പുസ്തകം വാങ്ങിക്കൊണ്ടുപോയ ആളും എന്നോട് പതിയെ പതിയെ മിണ്ടാതായി. വിളിച്ചാൽ ഫോൺ എടുക്കാതായി. അന്വേഷിച്ചു ചെന്നാൽ കാണാതായി. ഞാനെന്നെ ഒത്തിരിവട്ടം ശപിച്ചു. കുളച്ചൽ യുദ്ധത്തിൽ തോറ്റു തുന്നംപാടി ഒടുവിൽ തടവുകാരനായ ഡിലനോയിയെപ്പോലെയായി ഞാൻ. എങ്കിലും വിദ്വേഷത്തിന്റെ ഒരു തോക്ക് ഞാൻ ഉള്ളിൽ സൂക്ഷിച്ചുവച്ചിരുന്നു. ഉന്നം പിടിച്ച് ഒരവസരത്തിനായി കാത്തിരുന്നു.
ഒരു ദിവസം അതിരാവിലെ ദുഃഖകരമായ ഒരു വാർത്ത എന്നെ തേടിയെത്തി. പുസ്തകം കടം വാങ്ങിക്കൊണ്ടുപോയ ആൾ മരണപ്പെട്ടു. എന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഉള്ളിൽ സൂക്ഷിച്ചിരുന്ന തോക്ക് കാണാനില്ലായിരുന്നു. ഉച്ചകഴിഞ്ഞ നേരത്ത് ഞാനയാളെ കാണാൻ ചെന്നു. ഒന്നുമറിയാത്ത മട്ടിൽ അയാൾ കണ്ണടച്ചു കിടക്കുകയാണ്. ‘മനുഷ്യൻ ജന്മനാ ക്രൂരനാണ്’ എന്ന കാഫ്കയുടെ വചനം ഉള്ളിൽ തികട്ടിവന്നു. ഉള്ളിൽനിന്ന് സാക്ഷയിട്ട കതകുകളുമായി ആയാൾ അടുത്ത യാത്രയ്ക്ക് തയാറാകാൻ തുടങ്ങി. ‘ഭഗവത്ഗീത’യിൽ ഭഗവാൻ അർജുനനോട് പറഞ്ഞതു ഞാനോർത്തു: “നിനക്കൊന്നും ഓർമിക്കാനാകുന്നില്ല. ഞാനോ എല്ലാം ഓർമിക്കുന്നു.” ഒന്നും പറയാതെ അയാൾ എന്റെ മുന്നിലൂടെ കടന്നുപോയി. ഞാൻ നോക്കിനിൽക്കേ അവൻ പതിയെ എരിഞ്ഞടങ്ങി.
ചടങ്ങുകൾ കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ അയാളുടെ മകൻ എന്റെ അടുത്തേക്ക് ഒരു പൊതിയുമായി വന്നു. “ഇതച്ഛൻ സാറിനു തരാനായി ഏൽപ്പിച്ചതാണ്; ഏൽപ്പിച്ചിട്ട് ഒരു മാസമായി. തരാൻ കഴിഞ്ഞില്ല.” ഞാനതു തുറന്നു നോക്കി. ‘ഡിലനോയി’. എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ചുരുട്ടിയ കൈയിൽ മഞ്ചാടി വച്ച് ഒറ്റയും ഇരട്ടയും കളിക്കുന്ന ഒരു കുട്ടിയെപ്പോലെയായി ഞാൻ. ഞാനിത്രയും നാൾ വളരെ ക്രൂരമായി അയാളുടെ മനസ് വായിക്കുകയായിരുന്നു എന്നോർത്തപ്പോൾ വല്ലാത്ത ആത്മനിന്ദ തോന്നി. ശിരസ് താഴ്ത്തി ഞാനിറങ്ങി.
ഒരുപാട് ചോദ്യങ്ങൾ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു. എന്തിനായിരുന്നു പുസ്തകം മടക്കിത്തരാൻ ഇത്ര വൈകിയത്? അതിന്റെ കാരണമെന്തായിരിക്കും അയാൾ മനസിൽ കുറിച്ചുവച്ചിട്ടുണ്ടാവുക? ഒന്നുമറിയില്ല. ഒരാൾ ഭൂമി വിട്ടുപോകുന്പോൾ ഒരുപാട് ഉത്തരങ്ങൾ കൂടിയാണ് ഇല്ലാതാകുന്നത്. നിരത്തിലേക്കിറങ്ങുന്പോൾ മഴ കനത്തിരുന്നു. അതു ഞാൻ അറിഞ്ഞിരുന്നില്ല.