മഴക്കാലസന്ധ്യയിലാകണം, എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ നായിക ഓർമകളിലേക്ക് മടങ്ങിവന്നത്. ഞെട്ടറ്റുവീണൊരു ത്രിസന്ധ്യതൻ നോവുപോൽ അവളെന്റെ നെഞ്ചിൽ മെല്ലെ ചാഞ്ഞു. ദഹിച്ചുപൊള്ളുന്നൊരുൾച്ചൂട്. പൂത്ത കുങ്കുമപ്പാടംപോലെ തപ്തദീപ്തമാം ഉൾത്തടം. കന്നിമഴതൻ കുളിരാർന്നവളെൻ മിഴികളിലേക്ക് നോക്കി. എനിക്ക് പാടാതിരിക്കാനായില്ല. ഞാൻ പാടി.
പാട്ടു കേട്ടിട്ടാകണം എന്നോ ഒഴുകാൻ മറന്നുപോയൊരു പുഴ ഞങ്ങളെ വലംചുറ്റിയൊഴുകുന്നതു കണ്ടു. ആ ഒഴുക്കിൽ എന്റെ ഉഷ്ണഖനികളിലാകെ മൺകൂനകളായി. നൊന്തടർന്നുപോയ എന്റെ കരൾ കൊത്തിത്തിന്നാൻ പറന്നിറങ്ങും കഴുകനോട് ഞാൻ പറഞ്ഞു: “ഞാനീ ചന്ദനമരത്തിനു ചാരെയിരുന്നല്പം ഇളവേൽക്കട്ടെ. അവൾ വിട്ടുതരുന്നെങ്കിൽ മാത്രം നീയെന്റെ കരളെടുക്കുക.’’ പ്രചണ്ഡമാം ചിറകുകൾ വിടർത്തി കനൽകെടും മറ്റൊരു സന്ധ്യയിലേക്കത് പറന്നുമറഞ്ഞു.
എത്ര തീക്ഷ്ണമായിരുന്നു ആ നിമിഷങ്ങൾ. ഇതെഴുതിത്തീർത്തതും കരഞ്ഞതും ഒന്നിച്ചായിരുന്നു. അത്രമേലാഴത്തിൽ എരിഞ്ഞടർന്നു ഉള്ളിലെ സൂര്യൻ. ഞാൻ വീണ്ടും സിൽവിയയെ വായിക്കാനെടുത്തു. കണ്ണീരാൽ നനഞ്ഞ വായന. ആ വായനയിൽ, കാർത്തികരാവിൽ ആരോ കൊളുത്തിയ മൺചെരാതുപോലെ അവൾ; സിൽവിയ. സിൽവിയ പ്ലാത്ത്. എനിക്കിഷ്ടം അവളോടായിരുന്നു. അവളുടെ കവിതകളോടായിരുന്നില്ല. കോളജ് ലൈബ്രറിയിലെ ചിതൽ കനത്ത ഷെൽഫുകളൊന്നിൽനിന്ന് പാതിവെന്ത അവളുടെ ജീവിതം നിവർത്തി വായിച്ചപ്പോൾ എനിക്കാദ്യം സങ്കടം തോന്നിയില്ല. പക്ഷേ, അവളുടെ വിഷാദമിഴികളിൽ ഒന്നു പാളിനോക്കവേ, സാന്ധ്യപ്രകാശം മെല്ലെ ഇരുളിൽ അലിയുന്നതുപോലെ തോന്നി. എത്ര തീക്ഷ്ണമായിരുന്നു ആ പകൽ.
മുറ്റത്തെ വെയിൽനാഗങ്ങൾ ഇഴഞ്ഞിഴഞ്ഞ് അകത്തേക്ക് കയറിവരുന്നുണ്ടായിരുന്നു. അതെന്റെ ശിരസിലും നെഞ്ചിലും പഴുത്ത നാവിനാൽ ദംശിച്ചു. ഉൽക്കടമായ ദാഹം. ഒറ്റയിരുപ്പിന് ഞാനവളെ വായിച്ചുതീർത്തു. എനിക്ക് സങ്കടം തോന്നിയില്ല, പക്ഷേ, മിഴി നിറഞ്ഞു. വല്ലാത്ത വീർപ്പുമുട്ടൽ. സംഭ്രമം. പക്ഷേ, പറന്നുപോം പക്ഷിയോടും അരുമയാം പുൽക്കൊടിയോടും അനന്തമാം നോവിനോടും കുശലം പറയുന്ന അവളെ എനിക്കിഷ്ടമായിരുന്നു. പതിയെ പതിയെ ഞാനവളിൽ അനുരക്തനായി.
കവിതകളിലൊരിടത്ത് സിൽവിയ എഴുതിയത് പിൽക്കാലത്ത് ഞാൻ ഓർമിക്കുകയുണ്ടായി. എത്ര നിശബ്ദമായിരുന്നു ആ വരികൾ. വിദൂരനീലിമയിൽ പുതഞ്ഞുപോയൊരു നക്ഷത്രം. ശൂന്യമാകുമ്പോഴെല്ലാം പൂർണതയിലേക്കുള്ള ഉയിർപ്പ്. നിത്യഗ്രീഷ്മത്തിന്റെ ഉരുക്കം. അവളെ ഓർത്തു സങ്കടപ്പെടാനുള്ള യോഗ്യത എനിക്കുണ്ടോ എന്നറിയില്ല. പക്ഷേ, ഘനീഭവിച്ച ഈ പയോദങ്ങളെല്ലാം എന്നെപ്പോലെ അവളെ ഓർത്തു വിതുമ്പിനിൽക്കുന്നതായി തോന്നി. ഞാനവളുടെ പർണശാലയിലേക്ക് നടന്നു. മണൽത്തരികളിൽ തൊടുമ്പോൾ വല്ലാത്ത വേവ്.
പക്ഷികളും പഥികരും ഉപേക്ഷിച്ചുപോയ വഴിത്താര. കാട്ടുപൊന്തകളിൽനിന്ന് ഒരു മൃഗവും ഒച്ചവച്ചില്ല. ആ നട്ടുച്ചനേരത്തും അവൾ തണുത്തുകിടുങ്ങുകയായിരുന്നു. ഒരു ഉരുക്കുപക്ഷിയെപ്പോലെ പറന്നുചെന്ന് അവളെ ചിറകിനടിയിൽ ഒളിപ്പിക്കണമെന്ന് എനിക്കു തോന്നി. എന്നാൽ, എനിക്കത് അസാധ്യമായിരുന്നു. അവളുടെ കടുത്ത പാപബോധം എന്റെ പ്രണയത്തിനുമേൽ മറ്റൊരാകാശം സൃഷ്ടിച്ചിരുന്നു. അവളവിടെ കുരിശുമരണവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എനിക്കവളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നുണ്ടായിരുന്നു. ഒന്നും നടന്നില്ല. നടക്കാനാകാത്തവിധം അവൾ രക്തവും കണ്ണീരുംകൊണ്ട് ബാക്കി ജീവിതത്തെ അലിയിച്ചുകളയുകയായിരുന്നു.
സമാന്തര വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന കാലത്ത് കവിതാക്ലാസുകളിൽ ഞാൻ സിൽവിയാ പ്ലാത്തിനെക്കുറിച്ച് പറയാറുണ്ടായിരുന്നു. അത് പലപ്പോഴും ബോധപൂർവമായിരുന്നു. അവളിൽ അനുരാഗദംശനമേറ്റ എന്റെ ഹൃദയം അപ്പോഴെല്ലാം പൊന്തിവരാറുണ്ടായിരുന്നു. ഒരിക്കൽ സിൽവിയയെക്കുറിച്ച് നോവോടെ പറഞ്ഞുകൊണ്ട് നിൽക്കേ, ഒരുവൾ മെല്ലെ എഴുന്നേറ്റ് എന്നോടു ചോദിച്ചു “സർ, സിൽവിയയെ മറന്നിട്ട് എന്നെ സ്നേഹിച്ചൂടേ.’’ ആ വാക്കുകൾ ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ക്ലാസ്സിൽ കൂട്ടച്ചിരിയുടെ മാലപ്പടക്കം ചിതറി. ഒരൊറ്റനിമിഷംകൊണ്ട് ഞാൻ പറുദീസയിൽനിന്ന് പുറത്താക്കപ്പെട്ടു.
അവൾ ഒരു കൂസലുമില്ലാതെ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ പല്ലു ഞെരിച്ചിട്ടുണ്ടാവില്ല. ക്ഷോഭത്താൽ കണ്ണു ചുവന്നിട്ടുണ്ടാവില്ല. പകരം, ഞാനവളുടെ അടുത്തേക്കു ചെന്നു ശിരസിൽ തലോടി. വിചിത്രമായ കിറുക്കുകളുടെ ആവാസഭൂമിയിൽ എന്റെ വിരലുകൾ മെല്ലെ നൊന്തുനീങ്ങി. അവൾ ഒരു കുഞ്ഞിനെപ്പോലെ ചിരിച്ചു.
എന്റെ കണ്ണുകളിലേക്ക് അവളുടെ പ്രക്ഷുബ്ധമായ കണ്ണുകൾ ഇറങ്ങിവന്നിട്ടു ചോദിച്ചു: “സർ, സൂര്യപ്രകാശത്തിന്റെ നിറമെന്താണ്?’’ ഞാൻ പുറത്തേക്ക് നോക്കി. ഇരുണ്ട കാർമേഘങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങിയ പ്രകാശത്തിന്റെ ഒരു ചെറുതരി മുറ്റത്തു വീണുകിടപ്പുണ്ടായിരുന്നു. അതെടുത്ത് ഞാനവളുടെ നെറുകയിൽ വച്ചുകൊടുത്തു. അത് പൊടുന്നനെയൊരു ശലഭമായി. പിന്നെ മാരിവില്ലായി, വർഷമയൂരമായി, ആകാശമായി, അങ്ങനെയങ്ങനെ.
കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഞാൻ വീണ്ടും സിൽവിയയെ വായിക്കാനെടുത്തു. ദൈവമാകാൻ മോഹിച്ച ഒരു പെൺകുട്ടി എഴുതിയ കത്തുകളുടെ സമാഹാരം. എനിക്കത് പൂർണമായും വായിക്കാനായില്ല. അതിൽ നിറയെ ഘടികാരത്തിന്റെ ശബ്ദമായിരുന്നു. ചിലേടങ്ങളിൽ അത് പടുതിരി കത്തി നിൽപ്പുണ്ടായിരുന്നു. ചിലേടങ്ങളിൽ അത് അണകെട്ടിനിർത്തിയ മഹാജലാശയംപോലെ വിതുമ്പിനിന്നു. ഞാൻ പുസ്തകമടച്ച് എങ്ങോട്ടേക്കെന്നില്ലാതെ ഇറങ്ങിപ്പോയി; എന്റെ കരച്ചിലിന്റെ അഴിമുഖം ആരും കാണരുതേയെന്ന് പ്രാർഥിച്ചുകൊണ്ട്.