പ്രതീകാത്മക ചിത്രം
ഞാനെന്റെ ജീവിതമെഴുതുന്നതിനേക്കാൾ മെച്ചം എന്നിലെ കാത്തിരിപ്പുകാരനെക്കുറിച്ചെഴുതുന്നതാണ്. ഞാൻ കാത്തിരുന്നതിനോളം ദൈർഘ്യം ഭൂമിയിൽ ആരും ആരെയും കാത്തിരുന്നിട്ടില്ല. തീവണ്ടിയാപ്പീസിൽ ചൂളംവിളി കാതോർത്തിരിക്കും പോലെയല്ല ചില മനുഷ്യരെ കാത്തിരിക്കുന്നത്. അവർ നുണ പറയും. “ദാ, നിന്റെ പിന്നിലുണ്ട്” എന്നു പറഞ്ഞ് നമ്മുടെ ഉത്സാഹങ്ങളെ കെടുത്തിക്കളയും. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം ജീവിതത്തിൽ എപ്പോഴും ഒരു ഏകാകിയുടെ നിഴലിനെ ഞാൻ കൂടെ കൂട്ടിയത്.
കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഓഷോ പറയുന്നുണ്ട്. സുഖമുള്ള നോവ് എന്ന് ഞാനതിനെ ലളിതമായി വ്യാഖ്യാനിക്കുന്നു. ആദ്യം ആരെയാണ് ഞാൻ കാത്തിരുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അച്ഛനെ ആയിരിക്കണം എന്ന് മറവിയിൽ മുങ്ങിത്തപ്പി ഓർമയുടെ ഒരു വെള്ളാരംകല്ലെടുത്തുകൊണ്ട് ഞാൻ പറയുന്നു. അത് അച്ഛൻ പറഞ്ഞു നിർത്തിയ ഒരു കഥയുടെ ബാക്കി കേൾക്കാനുള്ള കൊതികൊണ്ടല്ല.
വണ്ടുകൾ തുളച്ച പുൽത്തണ്ടുകളിലൂടെ കാറ്റ് മൂളുന്നതിൻ പൊരുളറിയാനുമായിരുന്നില്ല. ഭൂപടത്തിലാരാണ് പെൻസിൽകൊണ്ട് ഇത്രയേറെ കുത്തിവരച്ചത് എന്നു ചോദിക്കാനായിരുന്നു അത്. അമ്മയോടതു ചോദിച്ചപ്പോൾ ഒരു ചിരിയാണ് എനിക്കുത്തരമായി കിട്ടിയത്. അച്ഛൻ വരുമ്പോൾ ചോദിക്കൂ എന്നു പറഞ്ഞ് അടുക്കളയിലെ ഇരുളിൽ അമ്മ മറഞ്ഞു. പിന്നെ വഴിക്കണ്ണുമായി അച്ഛനെ കാത്തിരുന്നു.
പിന്നത്തെ കാത്തിരിപ്പ് ഒരു കൂട്ടുകാരിക്കുവേണ്ടിയായിരുന്നു. ഞങ്ങളൊരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്. പഠിക്കാൻ അവൾക്കൊട്ടും ഇഷ്ടമല്ലായിരുന്നു. എന്നാൽ, അവൾ മണ്ടിയായിരുന്നില്ല. അവളുടെ മെലിഞ്ഞ് നേർത്ത നീൾവിരൽത്തുമ്പിലിറ്റുവീഴും അക്ഷരങ്ങൾക്ക് വല്ലാത്ത ഭംഗിയായിരുന്നു. എന്നുമൊരു അരളിപ്പൂവ് അവൾ മുടിയിൽ ചൂടിയിരുന്നു. അടരാത്തൊരു മിഴിനീർക്കണം കണ്ണുകളിലെന്നുമുണ്ടായിരുന്നു. നിറവെയിലുപോലെ ചിരിക്കും. പക്ഷേ, ഒന്നും പഠിക്കില്ല.
ക്ലാസ് കഴിഞ്ഞ് കുട്ടികൾ പോയിക്കഴിഞ്ഞാലും അവൾ ഇമ്പോസിഷൻ എഴുതിത്തീർന്നിട്ടുണ്ടാവില്ല. അവളെ കാത്ത് കാറ്റാടിമരത്തിനു താഴെ ഞാനിരിക്കും. അവളൊരിക്കൽ വീട്ടിലേക്കു മടങ്ങുംവഴി എന്നോട് പറഞ്ഞു: “എന്നെ നീയിനി കാത്തിരിക്കേണ്ട. നമ്മൾ ഇഷ്ടത്തിലാണെന്ന് പിള്ളേര് പറയുന്നു.” എല്ലാ കാത്തിരിപ്പും ഒരു വേദനയാണന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അന്നാണ്. പിന്നെയും ഞങ്ങൾ ഒരേ ക്ലാസിൽ പഠിച്ചു. ഒരേ വരമ്പിലൂടെ നടന്നു. ഒരേ തോട്ടിലിറങ്ങി കാൽ നനച്ചു. ഒരേ കുയിലിന്റെ കൂടെ പാടി. പിന്നീടെപ്പൊഴോ ഞങ്ങളാ വിദൂരസ്വപ്നത്തിൽനിന്ന് എന്നേക്കുമായി കുടിയൊഴിക്കപ്പെട്ടു.
ഒരു കഥയുണ്ട്. പണ്ടെങ്ങോ വായിച്ചതാണ്. കഥ പാദാദികേശം ഓർക്കുവാനാകുന്നില്ല. എങ്കിലും ചില അടരുകൾ ഓർക്കാം. നൊബേൽ സമ്മാന ജേതാവ് ഹെൻറിക് ബോയ്ലിന്റെ കഥയാണ്. ഒരു റേഡിയോ സ്റ്റേഷനിൽ ജോലിയുള്ള ആളാണ് കഥാനായകൻ. അയാളാണ് അവിടെ പ്രഭാഷണങ്ങളും നാടകങ്ങളും മറ്റും ശബ്ദലേഖനം ചെയ്യുന്നത്. അയാളാ ജോലി കൃത്യമായി ചെയ്യുന്നതിനോടൊപ്പം പ്രഭാഷകരുടെ നിശബ്ദതകൂടി കൗതുകത്തിന് രഹസ്യമായി ആലേഖനം ചെയ്യും.
ഒരു വാക്യമോ സംഭാഷണമോ പറഞ്ഞുതീർന്ന് അടുത്തതിലേക്ക് എത്തുന്നതിന് ഇടയ്ക്കുള്ള മാത്രകളിലെ നിശബ്ദതയാണ് അയാൾ ആലേഖനം ചെയ്യുന്നത്. ഇങ്ങനെ ശേഖരിക്കുന്ന നിശബ്ദതകൾക്കുള്ളിൽ നെടുവീർപ്പുകളും കൊടിയ മൗനങ്ങളും ശ്വാസവേഗങ്ങളും ഉണ്ടാകും. ഇതെല്ലാം ചേർത്തുവച്ച് അയാളൊരു അപൂർവ ശബ്ദപ്രപഞ്ചം സൃഷ്ടിക്കും. അതിലയാൾ വളരെ രഹസ്യമായി അഭിരമിക്കും. അതാണയാളുടെ ലോകം. ആ ലോകം സൃഷ്ടിക്കാൻവേണ്ടിയുള്ള അയാളുടെ കാത്തിരിപ്പ് നമ്മെ വല്ലാതെ ഭയപ്പെടുത്തുന്ന ഒന്നാണ്. ബോയ്ലിന്റെ സുന്ദരമായൊരു കഥയാണ്. പക്ഷേ, ആ സൗന്ദര്യത്തിൽ കാത്തിരിപ്പ് ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നു.
ഒരിറ്റു പ്രണയത്തിനുവേണ്ടികാത്തിരുന്ന കവിയായിരുന്നു ഇടപ്പള്ളി രാഘവൻപിള്ള. “പ്രവർത്തിക്കാനും സ്നേഹിക്കാനും ആശിക്കുവാനും എന്തെങ്കിലും ഉണ്ടായിരിക്കുക. ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം” എന്ന് എഴുതിവച്ച് ഏക രക്ഷാമാർഗമായ മരണത്തെ സ്വീകരിക്കുമ്പോൾ കവി കാത്തിരുന്നത് പ്രണയത്തെയാണോ മൃത്യുവിനെയാണോ എന്നൊരു നേരിയ സന്ദേഹമുണ്ടാകും. തകർന്ന മുരളിയിൽ കവി ആദ്യംമുതലേ പാടിയതെല്ലാം നിരാശയുടെ ഗീതങ്ങളായിരുന്നു. ഹൃദയമില്ലാത്തൊരു ലോകത്തിനോടായിരുന്നല്ലോ കവി എന്നും കലഹപ്പെട്ടുകൊണ്ടിരുന്നത്.
ആ ലോകത്തെ ഏക പ്രണയപ്രതീക്ഷ ഏതോ ഒരു ചന്ദ്രികയായിരിക്കണം. പക്ഷേ, ആ ചന്ദ്രിക കൊമ്പുകുത്തി കളിക്കുന്ന മേഘങ്ങൾക്കുള്ളിലെങ്ങോ മറിഞ്ഞതോടെ പ്രതീക്ഷ മങ്ങി. കാത്തിരിപ്പിനന്ത്യമായി. ഒരു നിശീഥിനിയിൽ വരണമാല്യം സ്വയമണിഞ്ഞ് അനുനയിക്കാനെത്തുന്ന കൂട്ടുകാരോട് യാത്രാമൊഴി പറഞ്ഞ് കവി ഒരു മുഴം കയറിലൊരു ചോദ്യചിഹ്നമായി മാറി.
പ്രതീക്ഷ അവസാനിക്കുന്ന അഴിമുഖത്താണ് കാത്തിരിപ്പും അവസാനിക്കുന്നത്. പിന്നെയും അന്ധകാരത്തിലേക്കുറ്റുനോക്കി ഒരുതുള്ളി വെട്ടം കാത്തിരിക്കുന്നവരുണ്ടാകാം. അത്തരം വിസ്മിതനേത്രങ്ങളെ ഞാൻ വായനയിലുടനീളം കണ്ടിട്ടുണ്ട്.
അവർ “തട്ടിത്തടഞ്ഞുഷ്ണനിശ്വാസമായി സ്വയം തർപ്പണം ചെയ്തു ചെയ്തു ചെയ്താഴങ്ങൾ താണ്ടുന്ന”വരാണ്. അവരുടെ പിന്നീടുള്ള ജീവിതം ക്ഷണവേഗത്തിൽ വെന്തുവെണ്ണീറാകുമെന്നാണ് എന്നിലെ കാല്പനികൻ ചിന്തിച്ചുറപ്പിക്കുന്നത്. എന്നാൽ, അങ്ങനെയല്ലാത്ത എത്രയോ കഥാപാത്രങ്ങളെ പിൽക്കാല വായനകളിൽ കണ്ടുമുട്ടിയിട്ടുണ്ട്. ‘മഞ്ഞി’ലെ വിമലയെ മാത്രം ഞാൻ ഓർക്കുന്നു. എന്തൊരു കാത്തിരിപ്പാണത്. കഴിഞ്ഞ ജന്മത്തിന്റെ ബാക്കിയായ ഒരാളെ അവൾ ഈ ജന്മത്തിലും കാത്തിരിക്കുകയാണ്. ദീർഘദീർഘമാം നക്ഷത്രരജനികൾ പിന്നിട്ടും വർഷ ഹേമന്ത വസന്ത ഗ്രീഷ്മങ്ങൾ പിന്നിട്ടും ആ കാത്തിരിപ്പ് തുടരും. ആ തുടർച്ചയുടെ മറ്റൊരു പേരാണ് ജീവിതം. നിർദയ ലോകത്തിൽ ഒറ്റപ്പെട്ടു പോകുമ്പോഴെല്ലാം ആരെയോ കാത്തിരിക്കുന്ന ജീവിതം.
Tags : Pratheekshanam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Kadarsis