ദീപാങ്കുരനെയും സുമിത്രയെയും വളരെ യാദൃച്ഛികമായിട്ടാണ് ഞാന്‍ കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടല്‍ ഏറെ സൗമ്യമാധുര്യമാര്ന്നൊരു ഓര്‍മയാണ്. അതിനെ ഞാന്‍ കൃപാവരം എന്നുതന്നെ വിശേഷിപ്പിക്കുന്നു. ഞാനൊരു നദിക്കരയില്‍ നില്‍ക്കുകയായിരുന്നു. തലക്കാവേരിയുടെ ഒരറ്റത്ത്. പൂര്ണപ്രകൃതിയുടെ ഒരാരവം എനിക്കു ചുറ്റുമുണ്ടായിരുന്നു. പൊടുന്നനെ മഴ പെയ്തു. ഞാന്‍ നിന്ന ഒറ്റമരച്ചുവട്ടിലേക്ക് ജിജ്ഞാസകള്കൊണ്ട് മഷിക്കണ്ണെഴുതിയ ഒരുവള്‍ ഓടിവന്നു. അവളുടെ ഉടല് ഏറെ നനഞ്ഞിരുന്നു.
മൂക്കിന്റെ തുമ്പിലൂടെ ഒരു മഴത്തുള്ളി ചുണ്ടില്‍ തടഞ്ഞ് കഴുത്തോളം ഒഴുകിമറയുന്നത് ഞാന്‍ ശരിക്കും കണ്ടു. അപ്പോള്‍ ഞാന്‍ ചെറുപ്പമായിരുന്നു. മന്മഥാസ്ത്രമേറ്റു പിടയാന്‍ പാകത്തില്‍ ഒരു ഹൃദയം എനിക്കുണ്ടായിരുന്നു. പക്ഷേ, അവളില്‍ ഞാനൊരു അനിയത്തിക്കുട്ടിയെ കണ്ടു. തോരാമഴയത്തോടിവന്ന് എന്നരികില്‍ നിന്ന അവളോടെനിക്ക് വാത്സല്യം തോന്നി. ഞാനും അവളും ഒരേ ഗര്ഭപാത്രത്തിന്നിരുളില് കിടന്നതല്ലേ എന്നു തോന്നി. ഇടിമിന്നല്പ്പേടിയാല് അവള് കണ്ണടച്ചുനിന്നപ്പോള്‍ അവളുടെ നെറുകയിലൊന്നു തൊടണമെന്നു തോന്നി. എല്ലാ തോന്നലും മന്ദ്രസ്ഥായിയില്‍ ഉള്ളിലേക്ക് പടര്‍ന്നുകയറുന്ന ഭ്രാന്തല്ലേ? അറിയില്ല.
അവളെന്നോടൊന്നും പറഞ്ഞില്ല. ഒന്നു ചിരിക്കുകപോലും ചെയ്തില്ല. പക്ഷേ, തീത്തുമ്പുപോലൊരുള്ളം അവളില്‍ വെന്തുനില്ക്കുന്നതായി എനിക്കു തോന്നി. അവളുടെ കൂട്ടുകാര്‍ മറ്റു വൃക്ഷച്ചോടുകളില് അഭയം തേടിയതായി ഞാന്‍ കണ്ടു. അവരില്‍നിന്നകന്ന് അവള് മാത്രമെന്തേ എന്റെ അരികിലേക്ക് ഓടിവന്നുവെന്ന് ഇന്നും എനിക്കറിയില്ല. ഈ ചോദ്യം എന്നോടുതന്നെ ഞാൻ പലതവണ ചോദിച്ചിരുന്നു. ഒരുത്തരവും ഇതുവരെ കിട്ടിയില്ല. സാന്ദ്രധന്യമായൊരു നിമിഷമായിരുന്നു അത്. അവളുടെ ശരിക്കുള്ള പേര് എനിക്കറിയില്ല. പക്ഷേ, അവളെ ഞാനന്നേ സുമിത്ര എന്നു വിളിച്ചു. മഴ തോര്‍ന്ന് മാനം തെളിഞ്ഞപ്പോള്‍ അവള് പോയി. പക്ഷേ, മഴ നനഞ്ഞ് ഏറെക്കാലം അവളെന്റെ ഉള്ളിലുണ്ടായിരുന്നു. എന്റെ സങ്കല്പങ്ങളില് അവള് പാദസരമണിഞ്ഞ് നടന്നു. ദാവണിയുടുത്തു. ചന്ദ്രകാന്തമാലയണിഞ്ഞു.
ദീപാങ്കുരനെ കാണുന്നത് പിന്നെയും നാളുകള്‍ കഴിഞ്ഞാണ്. കൊല്ലത്തു നടന്ന യുവജനോത്സവ വേദിയില്‍വച്ച്. കാവ്യപാരായണ മത്സരം നടക്കുന്നു. മെലിഞ്ഞുനീണ്ട് ചോദ്യചിഹ്നംപോലൊരു ചെറുപ്പക്കാരന് കവിത ചൊല്ലാന്‍ വന്നു. എന്‍.എന്‍. കക്കാടിന്റെ ‘നന്ദി, തിരുവോണമേ നന്ദി’യാണ് ചൊല്ലിയത്. അവന് പാടിനിര്‍ത്തിയ വരികള്‍ ഇപ്പോഴും കേള്‍വിയില്‍ ചിതറുന്നു. ‘ഒരു തുള്ളി വെണ്മയായ്, നിന് വെളിച്ചക്കടലില്‍ ഞാനലിയാം.’ ചെറിയൊരു വെളിച്ചം പിടഞ്ഞുകെടുന്നതുപോലെ അവന് കവിത ചൊല്ലി വേദിയില്‍നിന്നിറങ്ങിപ്പോയി.
ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഞാനിറങ്ങി അവന്റെ പിന്നാലെ ചെന്നു. മണ്ണില്നിന്നൂര്ന്ന് പുറത്തേക്കുന്തിയ നിറയെ വേരുകളുള്ള ഒരു മരച്ചുവട്ടില്‍ അവന് ചെന്നിരുന്നു. “ചൊല്ലല്‍ നന്നായി. അഭിനന്ദനങ്ങള്‍” -ഞാന്‍ പറഞ്ഞു. അവനെന്നെ നിസംഗതയോടെ നോക്കി. പെരുവഴിയില്‍, കുഴങ്ങിനില്ക്കുന്ന പഥികന്റെ അതേ മുഖം. “ക്ഷമിക്കണം, എനിക്ക് ചിരിക്കാനറിയില്ല” -അവന് പറഞ്ഞു.
എനിക്കതു കേട്ടപ്പോള്‍ ചിരിയാണു വന്നത്. ചിരിക്കാനറിയാത്ത ഒരാളെ ഞാനാദ്യമായി കാണുകയായിരുന്നു. “അതു മറന്നുപോയതോ, ജന്മപ്രകൃതിയോ?” -ഞാന്‍ ചോദിച്ചു. “മറന്നുപോയത്” -അവന് പറഞ്ഞു. പിന്നെന്തൊക്കെയോ അവന് പറയാതെ പറഞ്ഞു. പറഞ്ഞതിലെല്ലാം കനലുണ്ടായിരുന്നു. നീര്‍ക്കുമിളപോല്‍ മിനുമിനുപ്പാര്‍ന്ന വാക്കുകള്‍. പുതുവെള്ളംപോലെ പശപ്പുള്ള ഓര്‍മകള്‍. “ഒരിടിമിന്നലിനുവേണ്ടിയാണ് എന്റെയീ തപസ്” എന്നുപറഞ്ഞുകൊണ്ട് അവന് നടന്നുപോയി. കളിപ്പാട്ടങ്ങള്‍ വലിച്ചെറിഞ്ഞ് പിണങ്ങിപ്പോകുന്ന ഒരു കുട്ടിയെയാണ് എനിക്കപ്പോള്‍ ഓര്മ വന്നത്. അവനെ ഞാന്‍ ദീപാങ്കുരന് എന്നു വിളിച്ചു. ഞാനുള്ളില്‍ തൊട്ടു വിളിക്കുമ്പോഴെല്ലാം അവനെന്നെ കാരുണ്യത്തോടെ നോക്കാറുണ്ടായിരുന്നു. ആ നോട്ടത്തില്‍ അവനും ഞാനും ഒരുപോലെ പൂത്തുലഞ്ഞിരുന്നു.
സുമിത്രയെയും ദീപാങ്കുരനെയും ഒന്നിച്ച് ഒരുവഴിയേ നടത്തണമെന്നൊരു മോഹം എന്നിൽ കലശലായി. അതൊരു എഴുത്തുകാരന്റെ അന്തർദാഹംകൂടിയായിരുന്നു. അതിനായി വേനലിനു കുറുകെ ഞാനൊരു പാലം പണിതു കാത്തിരുന്നു. കാവു തീണ്ടിയവരും മദപ്പാടുള്ളവരും സംഭ്രമജ്വാലകള് പുറത്തു കാണിക്കാതെ അതിലൂടെ തലങ്ങും വിലങ്ങും നടന്നു. എന്നിട്ടും ഞാന്‍ കാത്തിരുന്ന രണ്ടുപേര്‍ അതിലൂടെ നടന്നില്ല. പൊള്ളിയടര്‍ന്ന ഒരുച്ചനേരത്ത് ഞാനെഴുതാന്‍ തുടങ്ങി. വല്ലാത്ത കയ്പ് എനിക്കനുഭവപ്പെട്ടു. എങ്കിലും ഞാനെഴുതി. ചിറകുവെന്ത് താഴ്ന്നുപറന്ന ഒരു പക്ഷിയുടെ മനസോടെ. എഴുതിത്തീര്‍ന്നപ്പോള്‍ ആരോ ഉള്ളിലിരുന്നു പറഞ്ഞു, “എന്തോ മണക്കുന്നു. പാതി വെന്ത മണം.”
അതെന്റെ ഹൃദയംതന്നെയെന്ന് വിളിച്ചുപറയണമെന്നുണ്ടായിരുന്നു. എന്നെന്നും അടുക്കുവാനാകാതെ എന്നാല്‍, അകലാനാകാത്ത അനാദ്യന്ത ദുഃഖങ്ങളായിരുന്നു ഞാന്‍ പകര്‍ത്തിവച്ചത്. അതിലൊരിടിമിന്നലുണ്ട്. ഒരു മഴയുടെ ഊന്നിപ്പെയ്ത്തുണ്ട്. ഒരു കാഞ്ഞിരച്ചോടുണ്ട്. കൊഴുത്ത ചവര്‍പ്പുണ്ട്. എല്ലാമുണ്ട്. എഴുതിയതത്രയും മടക്കി ബാഗില്‍ വച്ച് ഞാനിറങ്ങി. വല്ലാത്ത വിങ്ങല്‍. അതെന്റെ മാത്രമല്ല എന്ന് കാരുണ്യത്തോടെ ഞാനോര്‍ത്തു. രണ്ടാത്മാക്കള് വാക്കുകള്‍ക്കുള്ളില്‍ തീപിടിച്ചിരിപ്പുണ്ട്. പാതിയോളം പതിരായിപ്പോയ ജീവിതത്തിന്റെ ആധിവ്യാധികളുണ്ട്. നിമജ്ജനം ചെയ്യാനാകാത്ത മണ്‍കുടങ്ങള്‍ ഉറഞ്ഞിരിപ്പുണ്ട്.
എന്തിനാണ് ഞാനവരെ സൃഷ്ടിച്ചത്? അവര്‍ക്കു കാണാന്‍ മാത്രമായി ചെറിയൊരാകാശം ഒരുക്കിയത്? അവരുടെ പ്രണയത്തെ അളന്നെടുക്കാന്‍ തുനിഞ്ഞത്? അവരുടെ കാമമോഹിതങ്ങളെ കുളിര്‍ത്ത നീരുറവയാല്‍ സ്നാനപ്പെടുത്തിയത്? ഇരുവരെയും മടിയില്‍ കിടത്തി താലോലിച്ചത്? ഒന്നും എനിക്കറിയില്ല. ഒന്നുമാത്രം ഞാന്‍ തിരിച്ചറിയുന്നുണ്ട്. അവരെക്കുറിച്ച് എഴുതിയില്ലായിരുന്നെങ്കില്‍ എനിക്ക് മോക്ഷം കിട്ടുമായിരുന്നു എന്ന്. അതിനെനിക്ക് അവകാശമില്ലയെന്ന് സങ്കടങ്ങളുടെ ചിലന്തിവലയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ തോന്നുന്നു. സുമിത്രയും ദീപാങ്കുരനും എനിക്കു മുന്നേ നടക്കുകയാണിപ്പോള്‍. അവര്‍ പട്ടാമ്പിയില്‍നിന്നു മംഗലാപുരത്തേക്ക് വണ്ടി കയറുന്നത് ഞാന്‍ കാണുന്നുണ്ട്. പട്ടാമ്പിയില്‍നിന്ന് കൊല്ലത്തേക്കു മടങ്ങുമ്പോള്‍ ഞാനോര്‍ത്തത്, സങ്കടങ്ങളുടെ മണ്‍ചിറ പൊട്ടിപ്പോകുമോ എന്നായിരുന്നു. എല്ലാം നാം നോക്കിനില്‍ക്കേ ഒലിച്ചുപോകുമെന്ന് കാലത്തിന്റെ പെരുത്ത കന്മതില് പൊളിഞ്ഞുവീഴുമ്പോള്‍ ഞാനറിയുന്നു.
Tags : Coincidence Kadarsis