മെതിക്കുമ്പോൾ ചവിട്ടേറ്റ നെന്മണി ഒരാത്മകഥ എഴുതിയിരുന്നെങ്കിൽ അതായിരിക്കും ഭൂമിയിലേക്കുംവച്ച് ഏറ്റവും വേദനാജനകമായ ജീവിതപുസ്തകം. അതിനോളം പോന്ന വേദന ഭൂമിയിലൊന്നും അനുഭവിച്ചിട്ടുണ്ടാകില്ല. ഈ ലോകത്തിന്റെ നന്മതിന്മകളറിയുംമുൻപേ, ഹരിത പീതാംബരം കലർന്ന ഉടയാടകളണിഞ്ഞു കൊതിതീരുംമുൻപേ, നെഞ്ചുഞരമ്പിൽ തങ്ങിയ ചെഞ്ചോര അമ്മിഞ്ഞത്തൂവമൃതാകും മുൻപേ ആരുടെയൊക്കെയോ അന്ത്യത്താഴത്തിലേക്ക് നീ എത്തപ്പെടുമ്പോൾ ഞാൻ എവിടേക്കെന്നില്ലാതെ ഇറങ്ങിപ്പോകുന്നു.
ഉറുമ്പുകൾ നിന്റെ ശവം ചുമന്നുകൊണ്ടുപോകുമ്പോൾ ഞാൻ പത്തായപ്പുരയ്ക്കു താഴെ സമുദ്രത്തിലെന്നോ ആഴ്ന്നുപോയൊരു പ്രേതനഗരം നെഞ്ചിൽ പച്ച കുത്തുകയായിരുന്നു. ആ നഗരത്തിനുള്ളിൽ ഒരൾത്താരയുണ്ടായിരുന്നു. ഒരു ജീവതാരകം എല്ലാ വെളിച്ചങ്ങൾക്കും മീതെ പ്രകാശിച്ചു നിന്നിരുന്നു. ഞാനതിൻമുന്നിൽ മുട്ടുകുത്തി. എന്റെ ശിഥിലമാനസം ചവിട്ടേറ്റ നെന്മണിപോൽ പിടഞ്ഞു. ക്രൂരമൃതിയെ ദഹിപ്പിക്കുന്ന സ്നേഹത്തിന്റെ അഗാധത നിന്നെപ്പോലെ ഞാനും തിരഞ്ഞു; പക്ഷേ കണ്ടെത്താനായില്ല.
അന്വേഷിക്കുംതോറും കണ്ടെത്താനാകാത്ത ഒന്ന്; പൂർണത്തിൽനിന്ന് പൂർണമെടുത്താൽ ശേഷിക്കുന്ന ഒന്ന് എല്ലാ ജീവിതപുസ്തകത്തിലുമുണ്ട്. ആയുസിന്റെ അമ്പതാണ്ട് കഴിഞ്ഞപ്പോൾ ഞാനുമൊന്ന് കൂട്ടിക്കിഴിച്ചെഴുതി; “ജീവിച്ചിരിക്കെ കാലഹരണപ്പെട്ടുപോയ ഒരാളുടെ ആത്മകഥ’’. ആ കഥ ഞാനെന്റെ നെഞ്ചിലേക്കുതന്നെ വെടിയുതിർത്ത പുസ്തകമായിരുന്നു. ഒരുതരം സംഭ്രമം. നൈരാശ്യം. പക. എന്നാൽ, ഇലകളിൽനിന്നിറ്റുവീണ നീർത്തുള്ളിയുടെ സ്നിഗ്ധത ഞാൻ വാക്കുകളിൽ ഒളിപ്പിച്ചുവച്ചിരുന്നു. നിരക്ഷരർപോലും എന്റെ സമുദ്രത്തിലേക്കിറങ്ങിനിന്ന് ഒരിറ്റ് കണ്ണീരു കുടിച്ചു. അവരെനിക്കു പുണ്യവാളന്മാർക്കായി കരുതിവച്ചിരുന്ന സ്ത്രോത്രങ്ങൾ ചൊല്ലിത്തന്നു. കൊടുങ്കാറ്റിന്റെ ജാതകം വായിക്കാൻ തന്നു. എന്റെ കൈകളിൽനിന്നു തോക്ക് വാങ്ങി അവർ കടലിലേക്ക് എറിഞ്ഞുകളഞ്ഞു. അങ്ങനെ ഞാൻ എന്നന്നേക്കുമായി നിരായുധനായി. എല്ലാ ആത്മകഥകളിലും വിഷം കുടിച്ചു മരിച്ച ഒരായിരം ആത്മാക്കൾ അലഞ്ഞുനടപ്പുണ്ടെന്ന് മനസിലായി. നെഞ്ചിലാഴ്ന്ന വെടിയുണ്ടകൾ തിരികെ തോക്കിലേക്കെത്തുംവരെ ഇനിയൊരാത്മകഥയും വായിക്കില്ലെന്ന് ഞാൻ ശപഥം ചെയ്തു.
എങ്കിലും ഉള്ളുഴിഞ്ഞുണർത്തിയ മൂന്ന് ആത്മകഥകൾ മനസിലുണ്ട്. ഒരേ വേദനയോടെ, ഒരേ നിസംഗതയോടെ, ഒരേ ആത്മഹർഷത്തോടെ. മഹാത്മാഗാന്ധിയുടെ ആത്മകഥ അതിലെ സത്യസന്ധതകൊണ്ടു മാത്രമല്ല എനിക്കിഷ്ടമായത്. കാലത്തിന്റെ പെരുംനുണകൾക്കു നടുവിലും പതറാതെനിന്ന ഒരു മനുഷ്യന്റെ ആർജിത വ്യക്തിത്വത്തെയാണ് ഞാനാ ആത്മകഥയിൽ അനുഭവിച്ചറിഞ്ഞത്. അതൊരു ചെറിയ കാര്യമല്ല. ആത്മകഥയെഴുതാൻ ഒരിക്കൽപോലും ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നില്ല ഗാന്ധിജി. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങ’ളിൽ 1921 വരെയുള്ള അനുഭവങ്ങളുടെ പൊരുളടക്കമാണുള്ളത്. അതും സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഗാന്ധിജി എഴുതിയത്. 1921നു ശേഷം നീണ്ട ഇരുപത്തിയേഴു വർഷം അദ്ദേഹം ജീവിച്ചിരുന്നു. അക്കാലത്താണ് ഗാന്ധിജി ചരിത്രത്തിനൊപ്പമോ ചരിത്രം ഗാന്ധിജിക്കൊപ്പമോ സഞ്ചരിച്ചത്. അക്കാലങ്ങൾ സംഭവബഹുലങ്ങളായിരുന്നു. എന്നിട്ടും അദ്ദേഹം ആ അനുഭവങ്ങൾ സ്വന്തം ലിപിയിൽ പകർത്തിവച്ചില്ല. ഒരിക്കൽ ഒരാൾ ഗാന്ധിജിയോട് ഇക്കാര്യം ചോദിക്കുന്നുണ്ട്. “1921നു ശേഷമുള്ള എന്റെ പരസ്യജീവിതം പകർത്തിവയ്ക്കേണ്ടതില്ല” എന്നാണ് ഗാന്ധിജി മറുപടിയായി പറഞ്ഞത്. ഗാന്ധിജിക്കൊരു രഹസ്യജീവിതമില്ലായിരുന്നു. അതുകൊണ്ടാണ് ഒരൊറ്റ നിമിഷംകൊണ്ട് അദ്ദേഹത്തെ വരയ്ക്കാനും വധിക്കാനും കഴിഞ്ഞത്. നമ്മുടെ കാഴ്ചകൾക്കപ്പുറം നിൽക്കുന്ന ഒരാളല്ല ഇന്നും ഗാന്ധിജി. അതൊരു പ്രകാശമായിരുന്നു. അതാണ് ഒരു നിമിഷംകൊണ്ട് പൊലിഞ്ഞുപോയത്.
ഗാന്ധിജിയുടെ അപൂർണമായ ആത്മകഥ വായിച്ച കാലത്താണ് ‘മൈൻ കാംഫ്’ വായിക്കുന്നത്. അത് വായിക്കാൻ എന്നോടാവശ്യപ്പെട്ടത് കൂടെ പഠിച്ച ഒരു പെൺകുട്ടിയാണ്. അവൾക്ക് ഹിറ്റ്ലറെ ഒരുപാടിഷ്ടമായിരുന്നു. ഹിറ്റ്ലറുടെ കാമുകിയും പിന്നീട് ഭാര്യയുമായിത്തീർന്ന ഇാവാ ബ്രൗണിന്റെ പ്രേതം അവളിൽ കൂടിയിട്ടുണ്ടോയെന്ന് എനിക്കു പലപ്പോഴും സംശയം തോന്നിയിരുന്നു. “There is no fun in kissing a man without a moustache” എന്ന് അവൾ ഇടയ്ക്കിടെ പറയുമായിരുന്നു. നരാധമനായ ഹിറ്റ്ലറുടെ കടുംചെയ്തികളെക്കുറിച്ചോ ജൂതവെറിയെക്കുറിച്ചോ ചരിത്രവിദ്യാർഥിയായ അവൾക്ക് ഒരു ചുക്കും അറിയില്ലായിരുന്നു. അവളുടെ അറിവും ആരാധനയും ഹിറ്റ്ലറുടെ മുറിമീശയിൽ ഒതുങ്ങിനിന്നു. ‘മൈൻ കാംഫ്’ വായിച്ചു തുടങ്ങിയപ്പോഴേ എനിക്കൊരു കാര്യം വ്യക്തമായിരുന്നു. അതു പെരുംനുണകളുടെ പുസ്തകമാണെന്ന്. അത് ഹിറ്റ്ലർക്കുവേണ്ടി ഗീബെൽസ് എഴുതിയതാണോ എന്ന് എനിക്കിന്നും സംശയമാണ്. താൻ വിശ്വസിച്ച ആശയലോകത്തെ ഏതു മാർഗത്തിൽക്കൂടിയും കീഴടക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു ഏകാധിപതിയുടെ ആശയ രൂപരേഖയാണിത്. അതൊരിക്കലും ഒരാത്മരേഖയല്ല.
ഏറെനാൾ ‘നരകത്തിന്റെ ഈ ആത്മകഥ’ എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. കണ്ണടച്ചാൽ ഭയത്തിന്റെ ഒരു തവിട്ടുമേഘം വന്ന് ദുഃസ്വപ്നങ്ങൾ കാണാൻ ക്ഷണിക്കും. മാംസം മണക്കുന്ന ഇടുങ്ങിയ തടവറകൾ കാട്ടിത്തരും. മെലിഞ്ഞുണങ്ങി വിറകുകൊള്ളികളായി തീർന്ന നിലവിളികൾ കേൾപ്പിക്കും. പിന്നീടെപ്പോഴോ ആ ഭൂതബാധ ഒഴിഞ്ഞുപോയി. ജർമനിയിലെ നാസി കോൺസൻട്രേഷൻ ക്യാമ്പ് കണ്ടുവന്ന ഒരു സുഹൃത്ത് ഒരിക്കൽ അവിടത്തെ ചില ഫോട്ടോഗ്രാഫുകൾ എന്നെ കാണിക്കാൻ താത്പര്യപ്പെട്ടു. ഞാനത് കാണാതെ ഒഴിഞ്ഞുമാറി. ‘മൈൻ കാംഫ്’ വായിച്ചതിനേക്കാൾ ഭീകരമായതൊന്നും ആ ഫോട്ടോകളിൽ ഉണ്ടാകില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
കടൽ കണ്ടിരുന്നാണ് ഞാൻ ഓഷോയുടെ ‘ആത്മകഥ’ വായിച്ചത്. അത് യാദൃച്ഛികമായിരുന്നില്ല. ചിലേടങ്ങൾ ചില പുസ്തകങ്ങൾ വായിക്കാനുള്ള അത്താണികളായി ഞാൻ കാലേക്കൂട്ടി തീരുമാനിച്ചുവയ്ക്കാറുണ്ടായിരുന്നു. സി. വി.യുടെ ‘മാർത്താണ്ഡവർമ്മ’ പത്മനാഭപുരം കൊട്ടാരമുറ്റത്തുവച്ചാണ് വായിച്ചത്. കടൽ കണ്ടിരുന്ന് ഓഷോയെ വായിക്കുമ്പോൾ രണ്ടു കടലുകളുടെ നനവും ഘനവും സമ്മോഹനങ്ങളായി എനിക്കനുഭവപ്പെട്ടു. ‘ഓഷ്യാനിക്’ എന്ന വിപുലബോധ്യത്തിൽനിന്നാണ് ഓഷോ എന്ന പേര് വരുന്നത്. ആ സാർഥകസ്മരണ ഓഷോയുടെ ആത്മകഥയിൽ ഒരു രാഗവിസ്താരംപോലെ ഒഴുകിക്കിടപ്പുണ്ട്. വായിക്കുംതോറും ഉള്ളിൽ ഉറവകൾ സൃഷ്ടിക്കപ്പെടുന്ന എന്തോ ഒന്ന് അതിലുണ്ട്. ഒരിടത്തുപോലും അതൊരു മൗനമുഹൂർത്തം സൃഷ്ടിക്കുന്നില്ല. തിരമാലകൾ പൊന്തിവരുംപോലെ സ്വരാരോഹണങ്ങൾ ഉള്ളിലേക്ക് കയറിവരികയാണ്. അതിന് മാർഗഭ്രംശങ്ങളില്ല, ഒരൊഴുക്കാണ്.
ആത്മകഥയുടെ തുടക്കത്തിൽ “അങ്ങ് ആരാണ്?” എന്നൊരു ചോദ്യമുണ്ട്. ആ ചോദ്യം ഓഷോയോടാണ്. അതു ചോദിച്ചയാൾ റോബർട്ട് ഗ്രീനാണ്. എന്നാൽ ആ ചോദ്യം ഓഷോ ഓഷയോടുതന്നെ ചോദിക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. “ഞാൻ കേവലം ഞാൻ തന്നെയാകുന്നു” എന്നാണ് ഉത്തരം. ഇത്ര ലളിതമായൊരുത്തരം ഞാനിതിനുമുമ്പ് കേട്ടിട്ടില്ല. ഭൂമിയിലെ ഏറ്റവും ഹ്രസ്വവും ലളിതവുമായ പ്രാർഥന “ഹല്ലേലൂയ” എന്ന് പറയുംപോലെയായിരുന്നു ആ ഉത്തരം. എന്നാൽ, ഈ ലാളിത്യത്തിൽനിന്ന് നവമനുഷ്യന്റെ അസ്തിത്വത്തിലേക്കുള്ള ഒഴുക്കായി ഓഷോയുടെ ആത്മകഥ മാറുന്നു എന്നിടത്താണ് അത് സാഹസികമായ ഒരനുഭവമായി മാറുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യരും വായിക്കേണ്ട ജീവിതപുസ്തകമാണിത്. എന്നാൽ, ഈ ആത്മകഥയ്ക്ക് ഒരു പർവതത്തിന്റെ സൗന്ദര്യമുണ്ടെങ്കിലും ശക്തിയില്ല. ഒരു റോസാപ്പൂവിന്റെ കനം മാത്രമേ ഇതിനുള്ളൂ. ഓഷോ പറയും പോലെ, ഇത് ധ്യാനത്തിന്റെ ജപം കൂടിയാണ്.
Tags : Kadarsis