ജലത്തിൽ മത്സ്യങ്ങൾ സുരക്ഷിതരാകുംപോലെയാണ് വീട്ടിലാകുമ്പോൾ ഞാൻ. എവിടേക്ക് എത്ര ദൂരം പോയാലും കാത്തിരിക്കുന്ന, അകമേ എന്നെ പിന്തുടരുന്നൊരു വിളി വീടിനുണ്ട്. ഒരില അതിന്റെ വൃക്ഷത്തിലേക്കു പോകുംപോലെ. ഒരു മേഘം അതിന്റെ ചിദാകാശത്തിലേക്ക് ഒഴുകിയെത്തുംപോലെ. ഒരു തൂവൽ അതിന്റെ സ്വാതന്ത്ര്യത്തിലേക്കണയുംപോലെ വീട്ടിലേക്കെത്തുമ്പോൾ ഞാനെന്റെ ഉത്സവമുറ്റത്തേക്ക് എത്തുകയാണ്.
എല്ലാം കളപറിച്ച് തുവർത്തി എന്റെ നെന്മണികൾ കിളിർക്കാൻ പാകത്തിൽ ഉഴുതിട്ട വയൽ. ഒരു കുന്നോളം സ്വപ്നങ്ങൾ ഒരൊറ്റ ഭാണ്ഡത്തിലാക്കി ഇറക്കിവയ്ക്കാൻ പാകത്തിൽ പണിത ഒരത്താണി. അവിടെയിരുന്നാണ് ഞാനാദ്യമായി ക്ലേശകരമായ ഒരു സാധനയിൽ ഏർപ്പെടുന്നത്; കവിതയെഴുത്ത്. അനുഭവസ്മൃതികളില്ല. കവിസദസുകളിൽനിന്നു രൂപംകൊണ്ട ബഹുസ്വരതയില്ല. എന്നെ നോക്കിയെഴുതാനെനിക്ക് ചെറുത്രാണിപോലുമില്ല. എന്നിട്ടും ഞാനെന്നിൽ തിളച്ചുപൊങ്ങാൻ തുടങ്ങി. എന്റെ മേശപ്പുറത്ത് കൊഞ്ചും ചിലങ്കയണിഞ്ഞൊരു കാവ്യനർത്തകിയിരിപ്പുണ്ട്; ചങ്ങമ്പുഴയുടെ. അതിനുമപ്പുറം ഒരു പുസ്തകമിരിപ്പുണ്ട്. ഞാനതെടുത്തു.
മഞ്ഞവെയിൽ തട്ടി വെണ്മുകിൽപോലെ നിറംമാറി തിളങ്ങുന്ന യമുനാനദിയെയാണ് ആദ്യം കാണുന്നത്. അതിന്റെ തീരത്ത് പാഴ്ച്ചെടികളും കരിമ്പനക്കൂട്ടവും നിറഞ്ഞ പറമ്പ്. തൊലിയുരിഞ്ഞ് തടമുഴകളുമായി ചീർത്ത് ഒരാൽമരം. അതിനു താഴെ പൊളിഞ്ഞ കൽത്തറയുടെ പിളർപ്പുകളിൽനിന്നു പുറത്തേക്ക് നാഗങ്ങളെപ്പോൽ വേരുകൾ ഇഴഞ്ഞുനിൽക്കുന്നു. ചുറ്റും ചിതകളെരിയുന്നു. കഴുകന്മാർ പാതിവെന്ത ശവങ്ങളിൽ നഖങ്ങൾ താഴ്ത്തുന്നു. മലങ്കാക്കകളുടെ ആരവം. അതിനിടയിൽ ഒരു ദീനസ്വരം. കണ്ണീർ വാർത്ത് ചേലച്ചീന്തിനാൽ പാതിമറച്ച് രൂപവിധുരമായ ഒരു പിണ്ഡം. അതൊരു സ്ത്രീയായിരുന്നുവെന്ന് അറിയുന്നത് ഏറെനേരം കഴിഞ്ഞാണ്.
ഞാനാദ്യം വായിച്ചറിഞ്ഞ സ്ത്രീ വാസവദത്തയാണ്. വാസവദത്തയ്ക്കു പിന്നാലെ ഒരുപാട് സ്ത്രീകളെ ഞാൻ പരിചയപ്പെടുന്നത് വീട്ടിൽവച്ചാണ്. ഇന്ന് പാതിയിലേറെ പൊളിച്ചുകളഞ്ഞ ആ പഴയ വീടിന്റെ ജനലഴികളിൽപ്പിടിച്ച് പുറത്തേക്കു നോക്കുമ്പോൾ എനിക്ക് അവരെയെല്ലാം കാണാനാകുന്നുണ്ട്. അന്നയും സുഭദ്രയും സുഹ്റയും മൈമുനയും തുടങ്ങി എത്രയോ പേർ. അവർ ആ വീട് വിട്ട് എങ്ങോട്ടും പോയിട്ടില്ല. പക്ഷേ, ഞാൻ മാത്രം പുറപ്പെട്ടുപോയിരിക്കുന്നു.
ജനിച്ചുവളർന്ന വീട്ടിൽനിന്നിറങ്ങുമ്പോൾ ഓരോ മനസിലും ഒരായിരം വേദനകളുണ്ടാകും എന്നതു തീർച്ചയാണ്. ആ വേദന മറ്റു വേദനയേക്കാൾ ആഴമുള്ളതാകും. അപ്പോൾ നമ്മൾ ചുവടുപിഴച്ച നിഴലുകളാകും. നമുക്ക് അമ്മയുടെ മണമില്ലാതാകും. അച്ഛന്റെ ചൂടും പെങ്ങളുടെ തണുപ്പും അമ്മൂമ്മയുടെ രുചിയും ഇല്ലാതാകും. വീട്ടിൽ നമ്മൾ ഒളിച്ചുവച്ച പലരും വാതിൽപ്പുറത്തേക്കുവന്ന് വാവിട്ട് നിലവിളിക്കും. ഒരായിരം യുദ്ധക്കപ്പലുകൾ നമ്മുടെ സങ്കടത്തിന്റെ അഴിമുഖത്തുവന്ന് നങ്കൂരമിടും. വേലിപ്പത്തലിനപ്പുറം മിഴിനീട്ടിയ പ്രണയസിന്ദൂരങ്ങൾ പൊടുന്നനെ മാഞ്ഞുപോകും. നിലയറ്റ നിരാശയിലേക്ക് നമ്മൾ വഴുതിവീഴും.
വീടു മാറുമ്പോൾ ഇല്ലാതാകുന്നത് കൂട്ടുകാർ കൂടിയാണ്. കനത്ത നഷ്ടം അതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എത്രയോ നാൾ മിണ്ടിയും കേട്ടും ഇണങ്ങിയും പിണങ്ങിയും കൂട്ടുചേർന്നു നടന്ന കരുതൽ പെട്ടെന്ന് ഇല്ലാതാകുകയാണ്. അങ്ങനെ നഷ്ടപ്പെട്ട കൂട്ടുകാർ ഒത്തിരിയുണ്ടാകും. എണ്ണിയെടുക്കുമ്പോൾ സങ്കടം പെരുകിവരും. പറഞ്ഞു പാതി നിർത്തിയിടത്തുനിന്ന് ഒരിക്കലും തുടരാനാകാത്തവിധം അകന്നുപോയവർ. ഏതെങ്കിലുമൊരു മഹാനഗര ചത്വരത്തിൽ കണ്ടുമുട്ടുമ്പോൾ ഒന്നും പറയാനാകാതെ നിന്നവർ. അഴുകിപ്പോയ കൃഷ്ണമണികളിൽ കുടുങ്ങിപ്പോയവർ. ആശുപത്രി വരാന്തകളിൽവച്ചു കണ്ട് തിരിച്ചറിയാനാകാതെ പോയവർ. ശരണാലയങ്ങളിൽ അഭയം പ്രാപിച്ചവർ. ആരെയും ഇപ്പോൾ ഓർത്തെടുക്കാനാകുന്നില്ല. വീടു വിടുമ്പോൾ മണ്ണും മനുഷ്യരും മാത്രമല്ല നഷ്ടമാകുന്നത്. ഒരായിരം സ്നേഹംകൂടിയാണ്. ചേർത്തുപിടിച്ചിരുന്ന ഒരായിരം കൈകളാണ് ഇല്ലാതാകുന്നത്.
നഷ്ടങ്ങൾ ഓർത്തിരിക്കുമ്പോഴാണ് കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാർഥനെ ഓർമ വരുന്നത്. ഒരു നിമിഷത്തിന്റെ നിരാശയിൽനിന്നായിരുന്നു ആ ഇറങ്ങിപ്പോക്ക്. ഒരർധരാത്രിയിൽ. അന്ന് പൗർണമിയായിരുന്നു. നഭസിലാകെ പത്മാസനത്തിൽ മേഘങ്ങൾ. താഴെ അഴലാറുന്നതിനായി ഇറങ്ങിപ്പുറപ്പെട്ട ദീനബന്ധു. ഏറെ ദൂരം നടന്നു നൊന്തുകീറിയ തളിർപാദങ്ങളുടെ നോവാറ്റിയിരിക്കവേ ഉള്ളിലെ ജ്ഞാനി ചോദിച്ചു “കുമാരാ, നീ ചെറുപ്പമാണ്. നിനക്ക് കൊട്ടാരത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമില്ലേ? കൊട്ടാരത്തിലേക്ക് മടങ്ങിപ്പോകാൻ നിനക്ക് അധികദൂരം നടക്കേണ്ടതില്ല. പോകാൻ ആഗ്രഹമില്ലേ?” ചോദ്യം സിദ്ധാർഥനെ ഒന്നുലച്ചു. അകത്തുനിന്നു കേട്ടത് തേനുൾച്ചുരന്ന മൊഴിയല്ല. പാതി വെന്ത ചോദ്യം. അതിന്റെ രൂക്ഷഗന്ധം സിദ്ധാർഥനെ അസ്വസ്ഥനാക്കി. സിദ്ധാർഥൻ നടന്നുവന്ന വഴി നോക്കി. ഇത്രദൂരം നടന്നെങ്കിലും ആദ്യമായാണൊന്നു തിരിഞ്ഞുനോക്കുന്നത്. പക്ഷേ, വഴി കാണുന്നില്ല. കാണുന്നത് ഇരുട്ട് മാത്രം.സൂര്യനസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. ജടാധാരികളായ ദിക്കുകൾ.
“ഗുരോ, അങ്ങെന്തിനാണ് ഇരുളിലേക്കു നോക്കുന്നത്?” ശിഷ്യന്മാർ ചോദിച്ചു. ബുദ്ധൻ പറഞ്ഞു: “നടന്നുവന്ന വഴിയിൽ എന്റെ പാദമുദ്രകൾ പതിഞ്ഞിട്ടുണ്ടോ എന്നു നോക്കുകയായിരുന്നു. ഒന്നും പതിഞ്ഞിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ എനിക്ക് ആ പാദങ്ങൾക്കുമേൽ പാദങ്ങൾ എടുത്തുവച്ച് മടങ്ങിപ്പോകാമായിരുന്നു.” അതെ, വീടു വിട്ടിറങ്ങുമ്പോൾ നഷ്ടമാകുന്നത് ആ പാദമുദ്രകൾകൂടിയാണ്.