ദിനദീർഘമാം യാത്രയ്ക്കൊടുവിൽ ഞാൻ കന്യാകുമാരിയിലെത്തി. അടിവേരുകൾ ദാഹിച്ചലഞ്ഞു തപിക്കുന്നിടം. ത്രികാലങ്ങൾപോൽ മുന്നിൽ കടലുകൾ. കടലിന്റെ ശബ്ദതാരാവലി. മറ്റൊരു കുരുക്ഷേത്രം. മേഘങ്ങളിൽനിന്നൂർന്ന ബാഷ്പകണങ്ങൾ പവിഴങ്ങളായി പിറക്കാൻ തപം ചെയ്യുന്നു.
കടലിലേക്കിറങ്ങി നിൽക്കുമ്പോൾ അസ്തമയം കഴിഞ്ഞതിന്റെ വേവ്. ദൂരെ കാർത്തികരാവിൽ തെളിയും മൺചിരാതുകൾപോൽ ഒറ്റപ്പെട്ട നക്ഷത്രങ്ങൾ. മുന്നിൽ ഇനി വഴിയില്ല. കടലുമാത്രം. എന്റെകൂടി കണ്ണീരു വീണാണ് കടലിത്ര നിറഞ്ഞത്. കടലിലേക്ക് ഇറങ്ങുംതോറും മുകളിൽ സൂര്യൻ എരിഞ്ഞുനിൽക്കുംപോലെ. എത്ര നേരം നിന്നു എന്നറിയില്ല. ഒരു പെരുംതിരയാകണം അർധരാത്രിയിൽ എന്നെ ചുമന്ന് കരയ്ക്കെത്തിച്ചത്. പാതിമയങ്ങിയ ബോധത്തിൽ അനാദിയായ തണുപ്പ്. അടർന്നുപോകാനാകാത്തവിധം സർവാശ്ലേഷിയായ കടലിന്റെ സ്നേഹം.
കടൽത്തീരത്തായിരുന്നു എന്റെ വിദ്യാലയം. ക്ലാസിലിരുന്നാൽ കടലിന്റെ ഹുങ്കാരം കേൾക്കാം. ജനലിലൂടെ പതംപറഞ്ഞ് വരുന്ന കാറ്റിന്റെ ഞാണൊലി കേട്ടിരിക്കാൻ എനിക്കിഷ്ടമായിരുന്നു. അതിൽനിന്ന് കടലിന്റെ തേങ്ങൽ ഞാൻ പ്രത്യേകം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, കടൽ കാണാൻ ഞങ്ങൾ കുട്ടികൾക്ക് അനുവാദമുണ്ടായിരുന്നില്ല. അതിനാൽ ഞാൻ എന്റെയുള്ളിൽ ഒരു കടൽ സങ്കൽപ്പിച്ച് സംരക്ഷിച്ചിരുന്നു. അതൊരു ചെറിയ വൃത്തത്തിനുള്ളിൽ തുളുമ്പിക്കിടന്നിരുന്ന ജലരാശിയായിരുന്നു. അതിന്റെ അപാരതയൊക്കെ അനുഭവിച്ചത് പിന്നെയും കാലങ്ങൾ കഴിഞ്ഞാണ്.
അക്കാലത്ത് കടലിനെക്കുറിച്ച് ഞാനൊരു കവിത എഴുതിയിരുന്നു. ആ കവിത നിറയെ തോണികളായിരുന്നു. ആ തോണികളെ വിഴുങ്ങുന്ന കടൽഭൂതം. ഭൂതത്തിന്റെ കിരീടത്തിൽ നിറയെ പവിഴപ്പുറ്റുകൾ. അങ്ങനെയൊക്കെയായിരുന്നു ആ കവിത തളംകെട്ടിക്കിടന്നത്. കവിത വായിച്ച് മേഴ്സി ടീച്ചർ നല്ലതു പറഞ്ഞപ്പോൾ കരയിൽ പിടിച്ചിട്ട മീനിനെപ്പോലെയായി ഞാൻ. പിന്നീടെപ്പൊഴൊക്കെയോ കടൽ കണ്ടിരുന്നപ്പോൾ ആ വരികൾ തികട്ടിവന്നിരുന്നു. പക്ഷേ, അപ്പോഴേക്കും ഞാൻ പുറപ്പെട്ടുപോന്ന അഴിമുഖം ഏറെ ദൂരെയായിക്കഴിഞ്ഞിരുന്നു.
കായിക്കരയിലെ കടൽ ഓർമ വരുന്നു. കണ്ടതിൽവച്ചേറ്റം വിഷാദമൂകമാം ഒരിടം. കണ്ണീരു വീണു കുതിർന്ന ജലധി. കായിക്കരയിലെ കടൽ കണ്ടിരിക്കുമ്പോൾ, പോയ ജന്മങ്ങളിലെ വാസനകളെല്ലാം ഓർമവരും. ഒരു പാപിയുടെ മലിനതയോടെ കടലിലേക്കിറങ്ങിനിന്ന് എല്ലാം മെഴുക്കിയെടുക്കണമെന്നു തോന്നും. സന്ധ്യ കഴിഞ്ഞ നേരത്താണ് ഞാനവിടെ ചെന്നത്. മനോജും സാംബശിവൻ മുത്താനയും ചായം ധർമരാജനും അവിടുണ്ടായിരുന്നു. അവർ മൂവരും ചേർന്ന് ആ നനഞ്ഞ മണ്ണിൽ ഒറ്റശ്ലോകങ്ങൾ എഴുതി തിമിർക്കുകയായിരുന്നു. പകൽപ്പൂരം കഴിഞ്ഞുള്ള എഴുന്നെള്ളത്തായിരുന്നു അത്. ഞങ്ങൾ വെളുക്കുവോളം തിരയെണ്ണിയിരുന്നു. ഉദിച്ചസ്തമിക്കാത്ത അനന്തമൂകതയെക്കുറിച്ച് പറഞ്ഞു. വൈരക്കല്ലുകൾപോൽ തിളങ്ങുന്ന സഹസ്രകോടി കണ്ണുകളുമായി കടൽ അതെല്ലാം കെട്ടിരുന്നു. നോക്കിനിൽക്കേ, ഏഴാം ഇന്ദ്രിയമെന്നപോൽ കുമാരകവി തിരച്ചാർത്തിനുള്ളിൽനിന്ന് പൊന്തിവന്നു.
അതുകണ്ട് ചായം സീതാകാവ്യം ചൊല്ലി. മുല്ലയും ഇലഞ്ഞിയും തേന്മാവും അശോകവും പൂത്തുലഞ്ഞതുപോലെ മനോജ് ചൊല്ലി. ഞാനും സാംബനും കടലിൽ കുളിച്ചുകയറി ചമ്രം പടിഞ്ഞ് പഴയ പിള്ളേരായി. എന്തൊരു കാലമായിരുന്നു അത്. ഒരു കടൽച്ചുഴിയിലുംപെടാതെ പോകുന്ന എത്രയെത്ര കപ്പലുകളാണ് ഉള്ളിൽ ഉണ്ടായിരുന്നത്. ഞങ്ങൾക്ക് വടക്കുനോക്കികളോ ദിശാസൂചികളോ ഇല്ലായിരുന്നു. ഞങ്ങൾ ഒരു തീരത്തും നങ്കൂരമിട്ടില്ല. എന്നാൽ ഇന്ന് കപ്പൽചേതത്തിൽപ്പെട്ട് അവരോരുത്തരും ഒഴുകിമറഞ്ഞിരിക്കുന്നു. കടൽച്ചൊരുക്കിൽപ്പെട്ട് ഞാനും കരിനീലക്കടലിന്റെ അഴിമുഖത്തെങ്ങോ നീന്തിക്കയറുന്നു.
ഞാൻ വായിച്ച കടൽപ്പുസ്തകങ്ങളിലൊന്ന് ഹെർമൻ മെൽവിലിന്റെ ‘മോബിഡിക്’ ആണ്. എന്തൊരു പൗരുഷമാണാ കടലിന്. അതിൽ ഒഴുകിനടക്കും ദ്വീപുപോലെ മോബിഡിക് എന്ന വെള്ളത്തിമിംഗലം. അതിനെ കൊല്ലാൻ സ്വജീവിതം സമർപ്പിച്ച ക്യാപ്റ്റൻ അഹാബ്. ഇവർക്കിടയിലാണ് വരണ്ട കടൽ. ആ കടലിന് കറുപ്പുനിറമായിരുന്നു. അകത്തുള്ളതൊന്നും കാണാൻ കഴിയാത്തത്ര ഇരുട്ട്. ആ ഇരുട്ടിന്റെ പെരുക്കങ്ങളെയാണ് തിമിംഗലാസ്ഥികൊണ്ടുള്ള ഒറ്റക്കാലുമായി നേരിടാൻ അഹാബ് ഇറങ്ങിപ്പുറപ്പെടുന്നത്.
അയാൾ പ്രതികാരദാഹിയാണ്. കടലിലെ കൊടുങ്കാറ്റിനെ അയാൾ ഭയക്കുന്നില്ല. ഭുജംഗങ്ങൾപോൽ ആഞ്ഞുകൊത്താനായുന്ന തിരമാലകളെ അയാൾ ഭയക്കുന്നില്ല. അയാൾ കടലിനെയാണ് ആദ്യം മെരുക്കുന്നത്. തുടർന്ന് കടലും അഹാബും ചേർന്ന് നടത്തുന്ന ഗൂഢാലോചനയിൽ മോബിഡിക് കീഴടങ്ങുന്നു. ആ കീഴടങ്ങൽ കൊടുങ്കാറ്റിനെ തളയ്ക്കുംപോലായിരുന്നു. ‘മോബിഡിക്’ വായിക്കുമ്പോഴെല്ലാം കൊടുങ്കാറ്റുകൾ ഒന്നൊന്നായി തളർന്നുവീഴുന്നത് കാണാം. ആ വീഴ്ചകൾ ഇപ്പോഴോർക്കുമ്പോൾ വല്ലാത്ത ഭയസംഭ്രമങ്ങളാണ്.
ഇപ്പോഴും കടൽ കണ്ടാൽ തുളുമ്പുന്നൊരു മനസുണ്ടെനിക്ക്. അതിപ്പോഴും കൈമോശം വന്നിട്ടില്ല. സങ്കടത്താൽ മനസ് വല്ലാതെ തൂവിപ്പോകുമ്പോഴെല്ലാം ഞാൻ പാഞ്ഞെത്തുന്നത് കടൽതീരത്തേക്കാണ്. വീട്ടിൽനിന്ന് ഓടിയെത്താവുന്ന ദൂരം. കടലിലേക്കിറങ്ങിനിന്ന് തിരനൊന്തു കരഞ്ഞാൽ, ഒരു കുമ്പിൾ കണ്ണീരെടുത്തൊന്ന് മിഴി തുടച്ചാൽ തപ്തദീർഘമാം ഉഷ്ണക്കാറ്റിനപ്പുറം ചെമ്പട്ടുടുത്തൊരു സൂര്യൻ ഉദിക്കുന്നത് കാണാം. ആ സൂര്യൻ എന്റേതു മാത്രമാണ്. എല്ലാം നഷ്ടപ്പെടുമ്പോഴും എന്റേതു മാത്രമായി ഉദിക്കുന്ന സൂര്യൻ. ഇതെഴുതിനിർത്തുമ്പോൾ ഓരോർമ വന്ന് തിര ചവിട്ടി നിൽക്കുന്നു. ഏതോ ഒരു പ്രാക്തന സന്ധ്യയിൽ, പക്ഷികളെല്ലാം കൂടണഞ്ഞ് തിരിയണഞ്ഞ നേരത്ത് കടലിന്റെ പാട്ടു കേൾക്കാൻ പോയത്.
കടൽ പാടുകയാണ്. സന്തൂറിൽനിന്നോ ഷെഹ്നായിൽനിന്നോ സിതാറിൽനിന്നോ സാരംഗിയിൽനിന്നോ പെയ്തിറങ്ങുന്ന വിധുരരാഗത്തിൻ ചിതറിയ ശ്രുതിയിൽ കടൽ പാടുകയാണ്. കൂടെപ്പാടുമ്പോൾ കടൽ വന്നെന്നെ തൊടും. നെറുകയിലൊന്നുമ്മവച്ചു വീണ്ടും പാടിത്തുടങ്ങും. “സുൽമത് കദെ മേം മേരെ ശബ്-ഇ-ഗം കാ ജോഷ് ഹെ...” ദുഃഖം തളം കെട്ടിക്കിടക്കുന്ന ഈ കറുത്ത രാത്രി നിന്നിൽനിന്ന് ഒഴിഞ്ഞുപോകട്ടെ എന്ന്.