നെടുമങ്ങാട്: സുഹൃത്തുക്കളോടൊപ്പം വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചു. നെടുമങ്ങാട് വേട്ടംപള്ളി പത്രംകോട് കിഴക്കുംകര വീട്ടിൽ അഖിൽ (33) ആണ് മരിച്ചത്.
ചെല്ലഞ്ചി ഭാഗത്ത് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. അഞ്ചംഗ സംഘമായാണ് അഖിലും സുഹൃത്തുക്കളും ചെല്ലഞ്ചിൽ എത്തിയത്. സുഹൃത്തുക്കൾക്കൊപ്പം നദിയിൽ കുളിക്കാൻ ഇറങ്ങിയ അഖിൽ അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു.
സുഹൃത്തുക്കൾ തെരച്ചിൽ നടത്താൻ ശ്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിൽ അഖിലിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം നിലവിൽ പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. അച്ഛൻ: ഉദയകുമാർ.അമ്മ: ജലജ. സഹോദരൻ: രാഹുൽ.