പത്തനംതിട്ട: ജില്ലയെ പരിപൂര്‍ണ സാക്ഷരതയിലേക്ക് നയിക്കുന്നതിനായി ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷരപൂര്ണിമ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ കര്‍മപദ്ധതി ആസൂത്രണ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. അക്ഷരപൂര്ണിമയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു.
2011ലെ സെന്‍സസ് പ്രകാരം പത്തനംതിട്ട ജില്ലയിലെ സാക്ഷരതാ നിരക്ക് 96.93 ശതമാനമായിരുന്നു. 2023-24ലെ കേന്ദ്രസര്‍ക്കാര്‍ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം ഇത് 97.44 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
25നകം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ സംഘാടകസമിതികള്‍ രൂപീകരിക്കും. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ 30നകം പൂര്‍ത്തിയാക്കും. ഡിസംബര്‍ ഒന്നിന് ജില്ലാതല, പഞ്ചായത്ത്, നഗരസഭാ തല പരിപൂര്‍ണ സാക്ഷരതാ പ്രഖ്യാപനം മാര്‍ച്ച് അഞ്ചിനും 15നും ഇടയിലും ബ്ലോക്ക് തല പ്രഖ്യാപനം മാര്‍ച്ച് 16നും 20നും ഇടയിലും ജില്ലാതല പ്രഖ്യാപനം മാര്‍ച്ച് 25നും നടത്താനാണ് തീരുമാനം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ ലേഖ എസ്., പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, സാക്ഷരതാ മിഷന് ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സിംല ആര്. എന്നിവര്‍ പ്രസംഗിച്ചു.