മുണ്ടക്കയം: അപൂർവരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനി അക്ഷയ സന്തോഷിന്റെ ചികിത്സയ്ക്കായി നാട് ഒരുമിക്കുന്നു. 23, 24 തീയതികളിൽ ഇതിനായി ധനസമാഹരണം നടത്തുമെന്ന് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചോറ്റി വെട്ടിക്കാട്ടിൽ വി.ആർ. സന്തോഷിന്റെ മകളും ഇഞ്ചിയാനി ഹോളിഫാമിലി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ അക്ഷയയ്ക്ക് തലച്ചോറിനെ ബാധിക്കുന്ന ഫയേഴ്സ് എന്ന അപൂർവരോഗമാണ് പിടിപെട്ടത്. രോഗം മൂർച്ഛിച്ചതോടെ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി ഏകദേശം 40 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. നിർധന കുടുംബത്തിന് ചികിത്സാച്ചെലവ് താങ്ങാനാകാതെ വന്നതോടെയാണ് നാടൊരുമിക്കാൻ തീരുമാനിച്ചത്.
നാളെ മുണ്ടക്കയം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും യാത്രക്കാരിൽനിന്നും ധനസമാഹരണം നടത്തും. 24നു രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ മുണ്ടക്കയം പഞ്ചായത്തിന്റെ 19 മുതൽ 22 വരെയുള്ള വാർഡുകളിലും പാറത്തോട് പഞ്ചായത്തിന്റെ ഒന്ന്, നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളിലും വീടുകൾ സന്ദർശിച്ച് ധനസമാഹരണം നടത്തും.
പത്രസമ്മേളനത്തിൽ പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് മാത്യു, ചോറ്റി മഹാദേവ ക്ഷേത്രം സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.