വാഷിംഗ്ടൺ ഡിസി: വ്യോമയാന മേഖലയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താൻ അൽ ക്വയ്ദ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്യുന്നതായി അമേരിക്കൻ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. സെപ്റ്റംബർ 30ന് ദുബായിൽനിന്നു ടെൽ അവീവിലേക്കുള്ള വിമാനം റാഞ്ചാൻ നടത്തിയ ശ്രമത്തിനു സമാനമായ ആക്രമണങ്ങൾ ആവർത്തിക്കാൻ ഭീകരസംഘടനകൾ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ട്.
വിമാനക്കമ്പനികൾ, വിമാനത്താവളങ്ങൾ, എയർ കാർഗോ ഓപ്പറേറ്റർമാർ എന്നിവർക്കാണ് യുഎസ് ഫെഡറൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതാനിർദേശം നൽകിയത്.
എഫ്ബിഐ , ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ എന്നിവർ സംയുക്തമായാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അമേരിക്കൻ, ഇസ്രയേലി, ജൂത താത്പര്യങ്ങൾക്കുനേരേ സമാനമായ ആക്രമണങ്ങൾ നടത്താൻ അൽ ക്വയ്ദ അനുഭാവികൾക്കിടയിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ വിമാനയാത്ര നടത്തുന്ന താങ്ക്സ് ഗിവിംഗ് അവധിക്കാലത്തിന് തൊട്ടുമുമ്പാണ് ഈ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. ഈ മാസം 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഏകദേശം 60 ലക്ഷം ആളുകൾ ആഭ്യന്തരവിമാനങ്ങളിൽ യാത്ര ചെയ്യുമെന്നാണ് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ കണക്ക്.
ജീവനക്കാർക്ക് പ്രത്യേക ജാഗ്രതാനിർദേശം
സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ നിയമപാലകരെ അറിയിക്കാൻ വ്യോമയാന ജീവനക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ പരിശോധനകളിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന വ്യക്തികൾ, കൃത്യമായ കാരണങ്ങളില്ലാതെ വിമാനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചോ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചോ വിശദമായ വിവരങ്ങൾ അന്വേഷിക്കുന്നവർ, മറ്റുള്ളവരുടെ സഹായമില്ലാതെ പ്രത്യേക ലഗേജുകൾ സ്വയം കൈകാര്യം ചെയ്യാൻ നിർബന്ധം പിടിക്കുന്നവർ തുടങ്ങിയവരെക്കുറിച്ച് അതീവ ജാഗ്രത പുലർത്താനാണ് ഏജൻസികളുടെ നിർദേശം.
എയർലൈൻ റേഡിയോകൾ, എയർപോർട്ട് ആക്സസ് ബാഡ്ജുകൾ, യൂണിഫോമുകൾ എന്നിവ അസ്വാഭാവികമായി കാണാതാകുന്ന സാഹചര്യങ്ങൾ പ്രത്യേകം നിരീക്ഷിക്കാനും നിർദേശമുണ്ട്.
വിദേശ ഭീകരസംഘടനകളിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നവർ എല്ലായ്പ്പോഴും നേരിട്ടുള്ള ആഹ്വാനങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ആക്രമണങ്ങൾക്കു മുതിരാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അമേരിക്കൻ വിരുദ്ധ വികാരം വർധിപ്പിക്കാനും ഭീകരവാദ അനുഭാവികളെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കാനും കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.