കൊല്ലങ്കോട്: നിർമാണം പൂർത്തിയായ ആലമ്പള്ളം മേൽപാലം ഉടൻ തുറക്കണമെന്ന് യാത്രക്കാർ. കൊല്ലങ്കോട് അയ്യപ്പൻ വിളക്കു മഹോത്സവങ്ങൾ നടക്കാനിരിക്കുകയാണ്. ടൗണിൽ എഴുന്നള്ളിപ്പുകൾ എത്തിയാൽ ടൗൺ വഴി ഗതാഗത തടസമുണ്ടാകും. ഈ സാഹചര്യത്തിൽ ആലമ്പള്ളം ബൈപ്പാസ് റോഡാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്.
നാലുകോടി ചെലവിലാണ് ആലമ്പള്ളം മേൽപാലം നിർമാണം നടത്തിയിരിക്കുന്നത്. മേൽപാലം പണി പൂർത്തിയാക്കിയിട്ടുണ്ട്. ഇനി പാലത്തിന്റെ രണ്ടു വശങ്ങളിലുമുള്ള റോഡ് ശരിപ്പെടുത്തുന്ന ജോലിയാണുള്ളത്.
ഇതിനായി പാലത്തിന്റെ വടക്കുഭാഗത്ത് സ്ഥലം വില്ലേജ് ഓഫിസ് അധികൃതർ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃതരും നിരീക്ഷണം നടത്തിയിരിക്കുകയാണ്. പാലത്തിന്റെ പ്രധാന ജോലികൾ പൂർത്തിയായിട്ടും സഞ്ചാരയോഗ്യമാക്കത്തതിൽ ആലമ്പള്ളം നിവാസികൾ ഗതാഗത സൗകര്യമില്ലാതെ വലയുകയാണ് .
500 മീറ്റർ സഞ്ചരിക്കേണ്ട ദൂരത്തിന് മൂന്നരകിലോമീറ്റർ അധിക ദൂരം സഞ്ചരിക്കേണ്ടതായ ഗതികേടിലാണ്. വിദ്യാർഥികൾക്ക് ടൗണിലുള്ള വിവിധ സ്കൂളുകളിൽ പോകുന്നതിനും തിരികെ വരുന്നതിനും ഏറെ സമയവും ചെലവഴിക്കണം. ഉത്സവ എഴുന്നള്ളിപ്പ് സമയങ്ങളിൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് അടിയന്തര ചികിത്സക്ക് രോഗികളെ കൊണ്ടുപോവുന്നതിനും മാർഗതടസമുണ്ടാവുമെന്നതും ഗുരുതര വിഷയമാണ്.