ചേർത്തല: ആലപ്പുഴ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ചേർത്തല വേദിയാകുന്നു. ഡിസംബർ ഒന്നു മുതൽ അഞ്ചുവരെ ചേർത്തല നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിലായി 14 വേദികളിലാണ് കൗമാര കലാമേള അരങ്ങേറുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
ചേർത്തല ഉപജില്ലാ കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനം പി. പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചേർത്തല നഗരസഭ ചെയർമാന് എസ്. സോബിൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഡയറക്ടർ എം.ആർ. സുനിമോൾ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി ഏബ്രഹാം, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി, ചേർത്തല ഡിഇഒ ബാലാദേവി കെഎഎസ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ബിന്ദു, ചെങ്ങന്നൂർ ആർഡിഡി കെ. സുധ, ചേർത്തല എഇഒ ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ജില്ലാ പൊലിസ് സൂപ്രണ്ട്, വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, അധ്യാപക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ, വിവിധ സബ് കമ്മിറ്റികളുടെ ചെയർമാന്മാർ എന്നിവരും പങ്കെടുത്തു.