രണ്ടു പതിറ്റാണ്ടിലേറെയായി ശബ്ദമാധുര്യംകൊണ്ട് മനസുകൾതൊടുന്ന ഒരു ഗായകനുണ്ട് ഹിന്ദിയിൽ. പാട്ടുകൾ ഏറെ പരിചിതമാണെങ്കിലും ഓ, ഇതു പാടിയത് ഇദ്ദേഹമാണോ എന്നു സംശയിക്കപ്പെടുന്നയാൾ- ജാവേദ് അലി. ഇന്ന് അദ്ദേഹത്തിന്റെ നാല്പത്തിനാലാം ജന്മദിനം...
ഡൽഹിയിലെ പഞ്ച്കുയാൻ റോഡിൽ ഖവാലി ഗായകൻ ഉസ്താദ് ഹമീദ് ഹുസൈന്റെ മകനായി ജനിച്ച ജാവേദ് ഹുസൈൻ.. തീരെച്ചെറുപ്പത്തിൽതന്നെ അവൻ പാട്ടുകൾ പാടിനടക്കുമായിരുന്നു. പിതാവിന്റെ ശിക്ഷണത്തിൽ അവന്റെ മധുരശബ്ദം ഭാവപൂർണമായിക്കൊണ്ടിരുന്നു. ജാവേദ് ഹുസൈൻ എങ്ങനെയാണ് ഇന്നത്തെ ജാവേദ് അലി ആയതെന്നറിയാമോ? അവിടെയാണ് പഴമക്കാർ പറയുന്ന ഗുരുത്വം എന്താണെന്നു തിരിച്ചറിയുക. ആ കഥ ഇങ്ങനെയാണ്:
ഒരിക്കൽ അവന്റെ പാട്ടുകേട്ട് മഹാനായ ഒരു ഗായകൻ പറഞ്ഞു- "ഇവനൊരു മികച്ച സംഗീതജ്ഞനാവും!' ആ മഹാഗായകൻ ജാവേദിനു സ്വരങ്ങളുടെ വഴികൾ പറഞ്ഞുകൊടുക്കുകമാത്രമല്ല ചെയ്തത്. സ്വന്തം കച്ചേരികളിൽ ഒപ്പം പാടാൻ അവന് അവസരംകൊടുത്തു. വലിയ വേദികളിൽ അവന്റെ ശബ്ദം ശ്രദ്ധിക്കപ്പെട്ടു. ആ ഗുരുവിന്റെ പേരിൽനിന്ന് ഒരു ഭാഗമെടുത്ത് തന്റെ പേരിനൊപ്പം ചേർത്ത് അവൻ മനസാ ഒരു ഗുരുദക്ഷിണ സമർപ്പിച്ചു. ജാവേദ് ഹുസൈൻ അങ്ങനെ ജാവേദ് അലി ആയി. അതെ, ആ ഗുരു മറ്റാരുമല്ല, ഗസൽ ഇതിഹാസം ഗുലാം അലിതന്നെ!
ഡിജിറ്റൽ കാലത്തെ തനിമ
ചലച്ചിത്രസംഗീതലോകം ഇന്നു വിചിത്രമായ പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്. എങ്ങും ഡിജിറ്റൽ മയം. താത്കാലികമായി മാത്രമുയരുന്ന തരംഗങ്ങൾ.. ശുദ്ധമായ ശബ്ദമാധുര്യം ഇക്കാലത്ത് വളരെ അപൂർവമാണ്. അതിന് ആവശ്യക്കാരും കുറവാണ്. എന്നാൽ, രണ്ടു പതിറ്റാണ്ടിലേറെയായി ക്ലാസിക്കൽ സംഗീതത്തിന്റെ തനിമയെയും ആധുനിക വാണിജ്യ സംഗീതത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലമായി ജാവേദ് അലി ഇന്ത്യൻ സംഗീതരംഗത്തുണ്ട്. രാജ്യത്തിനകത്തും പുറത്തും ആരാധകരുള്ള പ്രതിഭ. കഠിനമായ പരിശീലനവും വൈവിധ്യങ്ങൾക്കായുള്ള പരിശ്രമങ്ങളുമാണ് അദ്ദേഹത്തെ വളർത്തിയത്. എക് ദിൻ തേരി ബാഹോം മേ (നഖാബ്), ജഷ്ൻ എ ബഹാരാ (ജോധാ അക്ബർ), നഗാഡ നഗാഡ (ജബ് വി മെറ്റ്), കുൻ ഫായാ കുൻ (റോക്ക്സ്റ്റാർ), ശ്രീവല്ലി (പുഷ്പ) തുടങ്ങിയ സൂഫി, റൊമാന്റിക്, പോപ്പ്, പാൻ ഇന്ത്യൻ ഹിറ്റുകൾ ജാവേദിന്റെ ശബ്ദത്തിൽ ചലച്ചിത്രലോകം ആഘോഷിക്കുന്നു. 2005ലെ ബണ്ടി ഓർ ബബ്ലി എന്ന ചിത്രത്തിലെ കജ്രാ രേ എന്ന പാട്ടിലൂടെതന്നെ ഇൻഡസ്ട്രി അദ്ദേഹത്തെ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു.
റഹ്്മാന്റെ പ്രിയഗായകൻ
സംഗീതസംവിധായകൻ പ്രീതം ജാവേദിനു വഴിതുറന്നുനൽകിയെങ്കിൽ എ.ആർ. റഹ്്മാനാണ് അദ്ദേഹത്തിന്റെ ശബ്ദത്തിലെ പൂർണമായ ആഴം ലോകത്തെ കേൾപ്പിച്ചത്. 2008ൽ പുറത്തിറങ്ങിയ ജോധാ അക്ബർ എന്ന ചരിത്ര സിനിമയ്ക്ക് രാജകീയ ഗാഭീര്യവും പ്രണയത്തിന്റെ ആർദ്രതയും ചേരുന്ന ഒരു ശബ്ദം ആവശ്യമായിരുന്നു. ജഷ്ൻ എ ബഹാരാ എന്ന പാട്ടിൽ അതു കേൾക്കാം. അത് ബോളിവുഡിലെ മുൻനിര പ്രണയഗായകൻ എന്ന പദവിയും ഒട്ടേറെ പുരസ്കാരങ്ങളും ജാവേദിനു നേടിക്കൊടുത്തു. ഇപ്പോഴും ലൈവ് വേദികളിൽ ജാവേദ് ഈ പാട്ടുമായെത്തുന്പോൾ ഹൃദയങ്ങൾ ഒരു ചരടിൽകോർത്ത മാലയാകുന്നതു കാണാം.
അർസിയാൻ, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലും റഹ്്മാൻ- ജാവേദ് കൂട്ടുകെട്ട് തുടർന്നു. ആത്മീയതയുടെ ഉയരങ്ങൾ തൊടുന്ന പാട്ടുകളായിരുന്നു ഇവയിൽ. ഹസ്രത് നിസാമുദീൻ ദർഗയ്ക്കുള്ളിൽവച്ച് റെക്കോർഡ് ചെയ്ത കുൻ ഫായാ കുൻ തലമുറകൾക്കു പ്രിയങ്കരമായ സൂഫി ഗാനമായി മാറി. താഴ്ന്ന ശ്രുതിയിലെ ലാളിത്യത്തിൽനിന്ന് ആത്മീയതയുടെ ഉരുകിത്തിളയ്ക്കുന്ന ഭാവങ്ങളിലേക്കുള്ള അലിയുടെ ശബ്ദസഞ്ചാരങ്ങൾ ഈ ഗാനങ്ങളെ സിനിമാപ്പാട്ടുകൾ എന്നതിലുപരിയായി ഹൃദയംതൊടുന്ന പ്രാർഥനകളാക്കി.
അലിയുടെ പ്രാഗത്ഭ്യം അദ്ദേഹത്തിന്റെ സംയമനത്തിലാണ്. ഉയർന്ന ശ്രുതിയിലുള്ള പാട്ടുകളിൽ പോലും അദ്ദേഹം ഒരു ശബ്ദബാഹുല്യം ഉണ്ടാക്കുന്നില്ല; പകരം, ആ വരികൾക്കിടയിലെ ചെറിയ ഇടവേളകളിൽ പോലും വികാരങ്ങൾ നിറയ്ക്കുന്നു.
അതിരുകൾ കടന്ന്...
തമിഴും തെലുഗുവും ബംഗാളിയും മലയാളവുമടക്കം ഒന്പതിലധികം പ്രാദേശിക ഭാഷകളിൽ ജാവേദ് പാടിയിട്ടുണ്ട്. ശരിക്കുമൊരു പാൻ-ഇന്ത്യൻ വളർച്ച. പുഷ്പയുടെ ഹിന്ദി പതിപ്പിലെ ശ്രീവല്ലി എന്ന ഗാനം അന്താരാഷ്ട്ര തലത്തിൽ തരംഗമായി. മാസങ്ങളോളം മ്യൂസിക് ചാർട്ടുകളിൽ ഒന്നാമതായിരുന്നു ഈ പാട്ട്. റിയാലിറ്റി ഷോകൾ, സംഗീതസംവിധാനം, ലൈവ് വേദികൾ, ചാരിറ്റി പരിപാടികൾ എന്നിങ്ങനെ ജാവേദിന്റെ സംഗീതലോകം വിശാലമാണ്. വടക്കൻ അമേരിക്കയിലെ വിവിധ വേദികൾക്കുശേഷം ഓഗസ്റ്റ് ഒന്നിന് മുംബൈ ഷണ്മുഖാനന്ദ ഹാളിൽ "ലെഗസി- അണ്ഫോർഗെറ്റബിൾ റഫി' എന്ന കണ്സെർട്ടുമായി ജാവേദ് എത്തും. ഗ്രാൻഡ് സിംഫണി ഓർക്കസ്ട്രയാവും അദ്ദേഹത്തിനു പശ്ചാത്തലസംഗീതമൊരുക്കുക.