ബെൽഗ്രേഡ്: സെർബിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിദ്യാർഥിമുന്നേറ്റത്തിന് ഉജ്വല വിജയം. 14 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന അലക്സാണ്ടർ വുചിച് പരാജയം സമ്മതിച്ചു.
രണ്ടു വർഷം മുന്പു മാത്രം രൂപവത്കരിക്കപ്പെട്ട വിദ്യാർഥിസഖ്യത്തിന്റെ വിജയം ഏവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡ്, നോവിസാദ് തുടങ്ങിയ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി തെരഞ്ഞെടുപ്പുവിജയം ആഘോഷിച്ചു. ഒരു നേതാവിനെയും ഉയർത്തിക്കാട്ടാതെയായിരുന്നു സ്റ്റുഡന്റ്സ് ലിസ്റ്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഡോക്ടർമാർ, നടീ-നടന്മാർ, കായികതാരങ്ങൾ തുടങ്ങിയവരെയാണ് സ്റ്റുഡന്റ്സ് ലിസ്റ്റ് മത്സരിപ്പിച്ചത്.
വിദ്യാർഥികൾ നേതൃത്വം നൽകുന്ന പ്രതിപക്ഷസഖ്യം വുചിച് സർക്കാരിനെതിരേ രണ്ടു വർഷമായി പ്രക്ഷോഭത്തിലായിരുന്നു. 250 അംഗ പാർലമെന്റിൽ വിദ്യാർഥികളുടെ സഖ്യമായ സ്റ്റുഡന്റ്സ് ലിസ്റ്റ് 140 സീറ്റ് നേടി.
വുചിച്ചിന്റെ വലതുപക്ഷ സെർബിയൻ പ്രോഗ്രസീവ് പാർട്ടിക്ക് (എസ്എൻഎസ്) 103 സീറ്റാണു കിട്ടിയത്. മറ്റു പാർട്ടികൾ പത്തു സീറ്റ് നേടി. സ്റ്റുഡന്റ്സ് ലിസ്റ്റ് 22.4 ലക്ഷം വോട്ട് നേടിയപ്പോൾ എസ്എൻഎസിനു ലഭിച്ചത് 16.7 ലക്ഷം വോട്ടാണ്. കനത്ത പോളിംഗ് സർക്കാരിനെതിരേയുള്ള ജനരോഷം പ്രതിഫലിപ്പിക്കുന്നതായിരുന്നു.
സ്റ്റുഡന്റ്സ് ലിസ്റ്റ് 52.65 ശതമാനം വോട്ട് നേടിയപ്പോൾ എസ്എൻഎസ് 39.2 ശതമാനം വോട്ടിലൊതുങ്ങി. 2000നുശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗാണ് ഇത്തവണയുണ്ടായത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുണ്ടായതായി സ്വതന്ത്ര തെരഞ്ഞെടുപ്പു നിരീക്ഷകർ റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പിന്തുണയുള്ള നേതാവായിരുന്നു അലക്സാണ്ടർ വുചിച്. യുക്രെയ്നിലെ അധിനിവേശത്തിന്റെ പേരിൽ റഷ്യക്കെതിരേ ഉപരോധം ഏർപ്പെടുത്തുന്നതിനെ വുചിച് എതിർത്തിരുന്നു.
യൂറോപ്യൻ യൂണിയനിൽ സെർബിയ അംഗത്വമെടുക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചിരുന്നു. തന്നെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള വിദേശശക്തികളുടെ നീക്കമാണു വിദ്യാർഥിപ്രക്ഷോഭമെന്നായിരുന്നു വുചിച്ചിന്റെ ആരോപണം. രണ്ടു തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വുചിച്ചിന് മൂന്നാം ടേം സാധ്യമല്ലായിരുന്നു. അതിനാൽ പ്രധാനമന്ത്രിസ്ഥാനം ലക്ഷ്യമിട്ടായിരുന്നു വുചിച് മത്സരിച്ചത്. 2017ലാണ് ഇദ്ദേഹം പ്രധാനമന്ത്രിസ്ഥാനം രാജിവച്ചത്.