മനുഷ്യൻ ചന്ദ്രനിലെത്തുകയും ബഹിരാകാശത്തിന്റെ അതിരുകൾ കടക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, മനുഷ്യശരീരത്തിലെ മസ്തിഷ്കത്തിന്റെ രഹസ്യങ്ങൾ ഇന്നും ശാസ്ത്രത്തിന് വലിയൊരു പ്രഹേളികയാണ്. ഈ സങ്കീർണതയുടെ ചുരുളഴിക്കാനുള്ള വഴിതുറന്നത് കുഞ്ഞൻ ആൽഗകളിൽ നടത്തിയ പരീക്ഷണങ്ങളാണ്.
വെളിച്ചത്തോടുള്ള ആൽഗകളുടെ പ്രതികരണം പഠിച്ച ശാസ്ത്രജ്ഞർക്ക്, വർഷങ്ങൾക്കുശേഷം മനുഷ്യന്റെ മസ്തിഷ്കത്തിലെ നാഡീകോശങ്ങളെ വെളിച്ചത്തിന്റെ സഹായത്തോടെ നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനായി. ജൈവശാസ്ത്രത്തിലെ കൗതുകകരമായ ഈ കണ്ടെത്തൽ ആധുനിക വൈദ്യശാസ്ത്രത്തിൽ വലിയ മുന്നേറ്റത്തിനു വഴിയൊരുക്കുന്നു. അതിനുള്ള അംഗീകാരമാണ് 2026ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം.
ഇത്തിരി വെട്ടത്തെ തിരിച്ചറിഞ്ഞ ആൽഗ
ക്ലാമിഡോമോണസ് റൈൻഹാദ്രി എന്ന പച്ച ആൽഗകളാണ് ഈ ശാസ്ത്രീയ കഥയിലെ പ്രധാന കഥാപാത്രം. ജലത്തിൽ ജീവിക്കുന്ന ഈ സൂക്ഷ്മ ആൽഗകൾക്കു വെളിച്ചത്തിന്റെ സാന്നിധ്യവും ദിശയും തിരിച്ചറിയാനുള്ള കഴിവുണ്ട്. പ്രകാശസംവേദനത്തിനു സഹായിക്കുന്ന പ്രത്യേക പ്രോട്ടീനായ ‘ചാനൽറോഡോപ്സിൻ’ കണ്ടെത്തിയതാണ് ഈ കഥയിലെ വഴിത്തിരിവ്. വെളിച്ചം പതിക്കുമ്പോൾ പ്രവർത്തനക്ഷമമാകുന്ന ഈ പ്രോട്ടീൻ കോശസ്തരത്തിലൂടെ വൈദ്യുതചാർജുള്ള അയോണുകൾ കടന്നുപോകാൻ വഴിയൊരുക്കുന്നു.
മനുഷ്യന്റെ മസ്തിഷ്കത്തിലെ നാഡീകോശങ്ങളും വൈദ്യുതസിഗ്നലുകളുടെ സഹായത്തോടെയാണ് പരസ്പരം ആശയവിനിമയം നടത്തുന്നത്. അങ്ങനെയെങ്കിൽ, ആൽഗകളിൽനിന്നു കണ്ടെത്തിയ ഈ പ്രോട്ടീൻ നാഡീകോശങ്ങളിൽ പ്രവർത്തിപ്പിച്ചാൽ അവയുടെ പ്രവർത്തനം, വെളിച്ചംകൊണ്ടു നിയന്ത്രിക്കാനാകുമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ശാസ്ത്രലോകത്തെ പുതിയൊരു സാങ്കേതികവിദ്യയിലേക്ക് നയിച്ചത്.
ഓപ്റ്റോജെനെറ്റിക്സ്
ആൽഗകളിൽനിന്നു കണ്ടെത്തിയ ചാനൽറോഡോപ്സിൻ പോലുള്ള പ്രോട്ടീനുകൾ തെരഞ്ഞെടുത്ത നാഡീകോശങ്ങളിൽ പ്രവർത്തിപ്പിക്കാം. പിന്നീട് അവയിൽ പ്രത്യേക തരംഗദൈർഘ്യമുള്ള വെളിച്ചം പതിപ്പിച്ച് കോശങ്ങളെ സജീവമാക്കാനോ അവയുടെ പ്രവർത്തനം നിയന്ത്രിക്കാനോ കഴിയും. ജനിതകശാസ്ത്രവും പ്രകാശസാങ്കേതികവിദ്യയും സംയോജിപ്പിച്ച് പ്രത്യേക കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന രീതിയാണ് ഓപ്റ്റോജെനെറ്റിക്സ്.
ജൈവശാസ്ത്രത്തിന് ലോകത്തിന്റെ ആദരം
നാഡീകോശങ്ങളെ വെളിച്ചത്തിന്റെ സഹായത്തോടെ നിയന്ത്രിക്കാൻ സഹായിച്ച കണ്ടെത്തലുകളുടെ ശാസ്ത്രീയ പ്രാധാന്യത്തിനുള്ള ആഗോള അംഗീകാരമാണ് കാൾ ഡെയ്സറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക് 2026ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിലൂടെ ലഭിച്ചത്. സസ്യശാസ്ത്രം, തന്മാത്രാജീവശാസ്ത്രം, ജനിതകശാസ്ത്രം, നാഡീശാസ്ത്രം തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ ഗവേഷണങ്ങൾ കൈകോർത്തപ്പോഴാണ് ഈ നേട്ടം സാധ്യമായത്.
കാഴ്ച നഷ്ടപ്പെട്ടവർക്കും പ്രതീക്ഷയുടെ വെളിച്ചം
ഓപ്റ്റോജെനെറ്റിക്സിന്റെ പ്രാധാന്യം പരീക്ഷണശാലകളിൽ മസ്തിഷ്കത്തെ പഠിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. കാഴ്ച നഷ്ടപ്പെടുന്ന ചില രോഗാവസ്ഥകളിൽ ഈ സാങ്കേതികവിദ്യ പ്രയോഗിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
റെറ്റിനൈറ്റിസ് പിഗ്മെന്റോസ പോലുള്ള രോഗങ്ങൾ ബാധിക്കുന്നവർക്ക് കണ്ണിന്റെ റെറ്റിനയിലെ പ്രകാശസംവേദന കോശങ്ങൾ ക്രമേണ നശിച്ചുപോകാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കാഴ്ചശക്തി ഗണ്യമായി കുറയുകയും ചിലർ നിത്യമായ അന്ധതയിലേക്കു പതിക്കുകയും ചെയ്യാം.ഇത്തരം സാഹചര്യങ്ങളിൽ, റെറ്റിനയിലെ അവശേഷിക്കുന്ന ചില കോശങ്ങളെ പ്രകാശത്തോട് പ്രതികരിക്കുന്നവയാക്കി മാറ്റാൻ കഴിയുമോ എന്നതാണ് ഗവേഷകരുടെ അന്വേഷണം. മനുഷ്യരുടെ കാഴ്ചശക്തി സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ ആൽഗകളിലെ പ്രോട്ടീനിനെക്കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്താമെന്നുള്ള പ്രതീക്ഷയാണ് ഇവിടെ തുറന്നുകിട്ടുന്നത്.
സൂക്ഷ്മജീവികൾ സാധ്യതകളുടെ കലവറ
ആൽഗകളിൽനിന്ന് മനുഷ്യന്റെ മസ്തിഷ്കത്തിലേക്കുള്ള ശാസ്ത്രയാത്ര മറ്റൊരു പ്രധാന സത്യം നമ്മെ ഓർമിപ്പിക്കുന്നു. പ്രകൃതിയിലെ സൂക്ഷ്മ ജീവജാലങ്ങൾ മനുഷ്യന് ഇനിയും അറിയാത്ത അനേകം സാധ്യതകളുടെ കലവറയാണ്. ആൽഗകൾ, ബാക്ടീരിയകൾ, കുമിളുകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ ഭക്ഷ്യോത്പാദനം, ഔഷധനിർമാണം, പരിസ്ഥിതിസംരക്ഷണം, ജൈവസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
ലളിതമായ ഒരു ജീവിയിൽ കണ്ടെത്തുന്ന പ്രതിഭാസം കൂടുതൽ സങ്കീർണമായ ജീവികളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നു പഠിക്കുമ്പോൾ പുതിയ സാധ്യതകൾ തുറക്കപ്പെടുന്നു. ഇന്ന് അടിസ്ഥാനപരമായ അറിവായി തോന്നുന്ന ഒരു കണ്ടെത്തൽ നാളെയൊരു പുതിയ സാങ്കേതികവിദ്യയുടെ അടിത്തറയായേക്കാം.
അടുത്ത വലിയ കണ്ടെത്തൽ കേരളത്തിലോ?
നമ്മുടെ ചുറ്റുപാടുകളിലും ശാസ്ത്രത്തിന്റെ സാധ്യതകൾ മറഞ്ഞുകിടക്കുന്നു. കേരളത്തിലെ കുളങ്ങളിലും തോടുകളിലും നെൽപ്പാടങ്ങളിലും വനപ്രദേശങ്ങളിലുമെല്ലാം വൈവിധ്യമാർന്ന സൂക്ഷ്മജീവികൾ സമൃദ്ധമായി കാണപ്പെടുന്നു. അവയുടെ ജൈവവൈവിധ്യവും സവിശേഷതകളും ശാസ്ത്രീയമായി രേഖപ്പെടുത്തുകയും പഠിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അതിന് ആവശ്യമായത് കൗതുകം, ശാസ്ത്രീയമായ സമീപനം, കൃത്യമായ പരീക്ഷണങ്ങൾ, ദീർഘകാല ഗവേഷണം, വിവിധ ശാസ്ത്രമേഖലകൾ തമ്മിലുള്ള സഹകരണം എന്നിവയാണ്.
(പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അധ്യാപകനാണ് ലേഖകൻ)