രാവിലെ ഉറക്കം എഴുന്നേല്ക്കുമ്പോഴുള്ള തുമ്മൽ, അതോടൊപ്പം മൂക്കൊലിപ്പും മൂക്കടപ്പും, ചുമ, കഫം കൂടുമ്പോൾ മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിൽ നിന്നു തൊണ്ടയിലേക്ക് കഫം വരിക, കണ്ണിനു ചുറ്റും മൂക്കിലും ചൊറിച്ചിൽ അനുഭവപ്പെടുക, തൊണ്ടയും അണ്ണാക്കും ചൊറിയുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് അലർജിക് റൈനൈറ്റിസ് (Allergic Rhinitis) ആകാം.
രാവിലത്തെ അലർജി ലക്ഷണങ്ങൾ എങ്ങനെ പ്രതിരോധിക്കാം?
1. കിടപ്പുമുറിയിൽ കാർപെറ്റ് ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കുറഞ്ഞത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാക്വം ക്ലീൻ (Vaccum clean) ചെയ്യുക.
2. തലയിണ ഉറയും കിടക്കവിരിയും പതിവായി ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
3. കിടപ്പുമുറിയിലോ കിടക്കുന്ന സ്ഥലത്തോ വളർത്തുമൃഗങ്ങളെ അനുവദിക്കരുത്.
4. ഗൃഹോപകരണങ്ങൾ, ഉറങ്ങുന്ന സ്ഥലം, കിടക്ക എന്നിവ പൊടി തുടച്ചുകളഞ്ഞ് വൃത്തിയായി സൂക്ഷിക്കുക.
5. ഈർപ്പമുള്ള മുറിയിൽ ഉറങ്ങുന്നത് ഒഴിവാക്കുക.
6. കിടപ്പുമുറിയിൽ ഈർപ്പമുള്ളതോ നനവുള്ളതോ ആയ വസ്ത്രങ്ങൾ ഉണക്കാനായി വയ്ക്കരുത്.
7. രൂക്ഷമായ ഗന്ധമുള്ള സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
8. സലൈൻ നാസൽ ഡ്രോപ്സ്്/ സലൈൻ ഇറിഗേഷൻ (Saline nasal drops/Saline irrigation) ഉപയോഗിക്കുക.
ഡോക്ടറെ സന്ദർശിക്കേണ്ടത് എപ്പോൾ?
1. രോഗലക്ഷണങ്ങൾ നിലനില്ക്കുകയാണെങ്കിൽ/എല്ലാ മുൻകരുതലുകളും
പാലിച്ചിട്ടും ലക്ഷണങ്ങളുടെ തോത് വർധിച്ചാൽ.
2. രോഗലക്ഷണങ്ങൾ ഉറക്കത്തെയോ, ദൈനംദിന പ്രവർത്തികളെയോ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ
3. മുഖത്ത് വേദന, സ്ഥിരമായ ചുമ, ചെവിയിൽ തടസം നേരിടുക തുടങ്ങിയ സാഹചര്യങ്ങളിൽ.
അലർജിക്കു കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തി അവയെ ജീവിതചര്യയിൽ നിന്ന് ഒഴിവാക്കുന്നതോടൊപ്പം മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾകൂടി ശ്രദ്ധിക്കുകയാണെങ്കിൽ അലർജി മൂലം രാവിലെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ ഒരു പരിധി വരെ മാറ്റി നിർത്താനാകും.
നോൺ - അലർജിക് റൈനൈറ്റിസ്
അലർജിക് റൈനൈറ്റിസിന്റെ സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് നോൺ - അലർജിക് റൈനൈറ്റിസ്(Non-allergic Rhinitis).
ഗർഭധാരണ സമയത്തും മുലയൂട്ടുന്ന നാളുകളിലും ആർത്തവ സമയത്തിലുമൊക്കെയുള്ള ഹോർമോൺ വ്യതിയാനം, ഗർഭ നിരോധന ഗുളികകൾ എന്നിവ നേസൽ മ്യൂകോസൽ(nasal mucosal) രക്തക്കുഴലുകളെ ബാധിക്കും.
വിവരങ്ങൾ: ഡോ. ധനശ്രീ എ. അയ്യങ്കാർ
ജൂണിയർ കൺസൾട്ടന്റ് , ഇഎൻടി,
എസ്യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം