തിരുവനന്തപുരം: ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്ക് പദവി നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും. തീരുമാനമെടുക്കും മുൻപ് ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മന്ത്രിസഭയുടെ കൂടി അംഗീകാരത്തോടെയാകും തീരുമാനം പ്രഖ്യാപിക്കുക.
എം.കെ. മുനീർ (മുസ്ലിം ലീഗ്), പി.ജെ. ജോസഫ് (കേരള കോൺഗ്രസ്), ജി. ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), മാണി സി. കാപ്പൻ എംഎൽഎ എന്നിവർക്ക് കാബിനറ്റ് പദവി നൽകുന്നതാണു മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയാണ് മുനീറിനായി മുസ്ലിം ലീഗ് ചോദിച്ചിരിക്കുന്നത്. ഭരണപരിഷ്കാര കമ്മിഷൻ പദവി ലീഗിനു നൽകിയാൽ വയോജനക്ഷേമം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട കമ്മീഷനുകളിലെ പദവികളിലൊന്നിലേക്ക് ജോസഫിനെ പരിഗണിച്ചേക്കും.
നോർക്ക വൈസ് ചെയർമാൻ പദവിയാണ് മാണി സി. കാപ്പന്റെ ആവശ്യം. മന്ത്രിസഭയിലെടുക്കാത്ത സാഹചര്യത്തിൽ കാബിനറ്റ് റാങ്കോടെ പദവി നൽകണമെന്നാണു വാദം. രണ്ടര വർഷത്തിനു ശേഷം അനൂപ് ജേക്കബിനു പകരം തന്നെ മന്ത്രിയാക്കാൻ യുഡിഎഫിൽ ധാരണയുണ്ടെന്നാണു കാപ്പൻ അവകാശപ്പെടുന്നതെങ്കിലും അനൂപ് ഇതു തള്ളിക്കളയുകയാണ്. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവിയാണ് ദേവരാജന്റെ ആവശ്യം.