ബെർക്റ്റെസ്ഗാഡൻ (ജർമനി): യൂറോപ്പിൽ കനക്കുന്ന ശക്തമായ വേനൽച്ചൂടിൽ ആൽപ്സ് പർവ്തനിരകളിൽ വൻ ജലക്ഷാമം. ജർമ്മൻ ആൽപൈൻ ക്ലബിന്റെ (DAV) അധീനതയിലുള്ള മലനിരകളിലെ വിനോദസഞ്ചാര കുടിലുകൾ (Mountain Huts) കുടിവെള്ളത്തിനായി വലയുകയാണ്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പ്രതിസന്ധിയാണ് നിലവിൽ മേഖലയിൽ അനുഭവപ്പെടുന്നത്.
സഞ്ചാരികൾക്കും പർവ്വതാരോഹകർക്കും ആശ്രയമായ കുടിലുകളിലെ പ്രധാന നീരുറവകളെല്ലാം പൂർണമായും വറ്റിവരണ്ടു. ഇതോടെ സമുദ്രനിരപ്പിൽ നിന്ന് 1,651 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ’ബ്ലോയിസ് ഹുട്ടെ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്ററുകളിലാണ് നിലവിൽ കുടിവെള്ളം എത്തിക്കുന്നത്.
മിനിറ്റിന് 31 യൂറോയും (ഏകദേശം 2,800 രൂപ) ഒരു യാത്രയ്ക്ക് 600 യൂറോയോളം വിമാനച്ചെലവും വരുന്നതിനാലാണ് കുടിവെള്ളത്തിന് വലിയ തുക ഈടാക്കേണ്ടി വരുന്നത്. ഇവിടെ ഒരു ലിറ്റർ കുടിവെള്ളത്തിന് നാല് യൂറോയോളം അതിഥികൾ നൽകണം.
പ്രശസ്തമായ ’വാറ്റ്സ്മാൻഹൗസിൽ’ വാഷ്റൂം രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂർ വീതം മാത്രമാണ് തുറന്നുനൽകുന്നത്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം മഞ്ഞുമലകൾ അതിവേഗം ഉരുകിത്തീരുന്നതാണ് ഈ കടുത്ത വരൾച്ചയ്ക്ക് പ്രധാന കാരണം. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ പർവ്വതമേഖലകൾ വറ്റിവരണ്ടത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ആശങ്കയിലാണ് അധികൃതരും പരിസ്ഥിതി പ്രവർത്തകരും.