രാജകുമാരി: അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച വിദ്യാലയത്തിലേക്കു വർഷങ്ങൾക്കിപ്പുറം ജനപ്രതിനിധിയായി മടങ്ങിയെത്തിയ പൂർവവിദ്യാർഥിയെ ആദരിച്ചു. രാജകുമാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സേനാപതി വേണു എംഎൽഎ അധ്യാപകരും പിടിഎയും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങും പിടിഎ ജനറൽ ബോഡി യോഗവും ജില്ലാ പഞ്ചായത്ത് അംഗം ജി. ശങ്കർകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ജി. ഗിരീഷ് അധ്യക്ഷത വഹിച്ചു.
പഠിച്ചിറങ്ങിയ വിദ്യാലയത്തിന്റെ ഇന്നത്തെ സാഹചര്യങ്ങളും പഴയകാല അനുഭവങ്ങളും പങ്കുവച്ച എംഎൽഎ വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.സി. ഷിബി, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ.ഒ. ഷിജു, ഹെഡ്മാസ്റ്റർ ടി. അബ്ദുൾ നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.