മീററ്റ്: ഭർത്താവിനെ കൊലപ്പെടുത്തിയശേഷം പാന്പുകടിമരണമെന്നു തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഭാര്യക്കും കാമുകനും വധശിക്ഷ.
മിക്കി കാശ്യപ് എന്നറിയപ്പെടുന്ന അമിത് കാശ്യപിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ രവിത, കാമുകൻ അമർദീപ് എന്നിവർക്കാണു യുപിയിലെ മീററ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജയ്വീർ സിംഗ് നാഗർ വധശിക്ഷ വിധിച്ചത്.
കഴിഞ്ഞവർഷം ഏപ്രിൽ 13നാണ് അമിതിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മൃതശരീരത്തിനു സമീപത്തുനിന്ന് ജീവനുള്ള ഒരു പാന്പിനെ പിടികൂടുകയും ചെയ്തു.
അപൂര്വങ്ങളില് അപൂര്വമായ കേസാണിതെന്നു നിരീക്ഷിച്ച കോടതി, ഇരുവര്ക്കും പരമാവധി ശിക്ഷ വിധിക്കുകയായിരുന്നു. അമിതിന്റെ മരണം പാന്പുകടിയേറ്റാണെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം കരുതിയത്.
എന്നാൽ, മൃതദേഹത്തിന്റെ കഴുത്തിലെ പരിക്കുകളും ശരീരത്തിലെ പോറലുകളും സംശയം ജനിപ്പിച്ചതോടെ നടത്തിയ പോസ്റ്റ്മോര്ട്ടത്തിലാണ് കഴുത്തു ഞെരിച്ചതിനെത്തുടര്ന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്നു സ്ഥിരീകരിച്ചത്.