കടൽപോലെ കിടക്കുന്ന ആമസോൺ കാടുകൾ. മനുഷ്യനു കണ്ടെത്താൻ കഴിയാത്ത അദ്ഭുതങ്ങളുടെ കലവറ! ആ മഹാവനം നിരവധി ഗോത്രവർഗക്കാരുടെയും ആവാസകേന്ദ്രമാണ്. ആമസോൺ മഴക്കാടുകളിലെ 'അവ' ഗോത്രവിഭാഗക്കാർ പുറംലോകത്തിന്റെ സഹായം അഭ്യർഥിച്ചു കാടിറങ്ങിയതു വലിയ ആശങ്കയ്ക്കു വഴിവച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന ഗോത്രം ഇന്നു വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ്.
'അവ' ഗോത്രത്തിലെ ഇരുപതോളം അംഗങ്ങളാണു സർക്കാർ ഉദ്യോഗസ്ഥരെ നേരിട്ടുകണ്ടു സഹായം തേടിയത്. സംഘത്തിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നു. സ്വയം പര്യാപ്തരായിരുന്ന ആദിവാസികൾ ഭക്ഷ്യവസ്തുക്കൾ ആവശ്യപ്പെട്ടാണു സർക്കാർ സംവിധാനങ്ങളിലേക്കെത്തുന്നത്. ആമസോൺ കാടുകളിലെ ഗോത്രവിഭാഗക്കാർ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളിലേക്കാണു സംഭവം വിരൽചൂണ്ടുന്നത്.
കിഴങ്ങുവർഗമുൾപ്പെടെയുള്ള ആഹാരസാധനങ്ങൾ ശേഖരിച്ചശേഷം അവർ കാടുകളിലേക്കു മടങ്ങി. അതേസമയം പുറംലോകവുമായുള്ള അവരുടെ ഇടപെടലുകൾ രോഗാണുക്കൾ പടരാനും ഗോത്രത്തിന്റെ നിലനിൽപിനെത്തന്നെ ഗുരുതരമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് 'സർവൈവൽ ഇന്റർനാഷണൽ' ഉൾപ്പെടെയുള്ള ആദിവാസി സംഘടനകൾ പറയുന്നു.