അമ്പലപ്പുഴ: എൽഡിഎഫ് സർക്കാർ പത്തുകോടി രൂപ അനുവദിക്കുകയും ഭരണപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്ത അമ്പലപ്പുഴ മിനിസിവിൽ സ്റ്റേഷൻ നിർമാണം തടസപ്പെടുത്തരുതെന്ന് മുൻ എംഎൽഎ എച്ച്. സലാം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2022-23ലെ ബജറ്റിൽ പണം വകയിരുത്തി പദ്ധതി അംഗീകരിച്ചതാണ്. തുടർന്ന് എസ്റ്റിമേറ്റും പ്ലാനും അംഗീകരിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിതല യോഗവും ചേർന്നു. എല്ലാ പരിശോധനകൾക്കും ശേഷം പൊതുമരാമത്ത്, ധനകാര്യ വകുപ്പുകൾ ഡിപിആർ അംഗീകരിച്ചു.
കഴിഞ്ഞദിവസം ജി. സുധാകരൻ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിൽ എസ്റ്റിമേറ്റിൽ മാറ്റങ്ങൾ വരുത്താൻ ആലോചിച്ചതായ വാർത്ത ശ്രദ്ധയിൽപ്പെട്ടു. ടെൻഡർ ഘട്ടം വരെ എത്തിച്ച പദ്ധതിയുടെ ഡിപിആറിൽ മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നത് നിർമാണം വൈകാൻ മാത്രമേ ഉപകരിക്കൂ. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന അമ്പലപ്പുഴയുടെ ഈ സ്വപ്ന പദ്ധതിക്ക് തടസം സൃഷ്ടിക്കരുത്.
എല്ലാ പരിശോധനകൾക്കും ശേഷം ഭരണ നടപടികൾ പൂർത്തീകരിച്ച് അംഗീകരിച്ച മിനി സിവിൽസ്റ്റേഷൻ പദ്ധതി ടെൻഡർ ചെയ്ത് അടിയന്തിരമായി നിർമാണം ആരംഭിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും എംഎൽഎയോടും എച്ച്. സലാം അഭ്യർഥിച്ചു.