റിയാദ് / ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിലേക്ക് അയച്ച ഒരു ഡ്രോണും സൗദി സേന ആകാശത്തുവച്ച് തകർത്തു.
അതേസമയം, ഹോർമുസ് കടലിടുക്കിനു മുകളിലൂടെ പറന്ന അമേരിക്കയുടെ എംക്യു-9 ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.
മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികളെത്തുടർന്ന് റിയാദിൽ തുടർച്ചയായ മൂന്നാം രാത്രിയിലും അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജിസാൻ (2), നജ്റാൻ (2), റിയാദ് (2), ഖമീസ് മുഷൈത്ത് (1), സുലയിൽ (1) എന്നിവിടങ്ങളിലായി സൗദി സിവിൽ ഡിഫൻസ് എട്ട് മുൻകരുതൽ മുന്നറിയിപ്പുകളാണ് നൽകിയത്.
അപകടഭീഷണി ഒഴിഞ്ഞതോടെ ഇവ മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ചു. സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അംബരചുംബിക്ക് ഹൂതി ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച് ദിവസങ്ങൾക്കുള്ളിലാണ് പുതിയ നീക്കം.
ജിദ്ദ ഉൾപ്പടെയുള്ള ചെങ്കടൽ തുറമുഖങ്ങളെയും സാമ്പത്തികകേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന ഹൂതികളുടെ ഭീഷണിക്കുപിന്നാലെ സഖ്യസേന യെമനിൽ പ്രത്യാക്രമണം ശക്തമാക്കി. തലസ്ഥാനമായ സന, സാദ, തായിസ് ഗവർണറേറ്റിലെ മോച്ച, അൽ ഷമായതെയ്ൻ എന്നിവിടങ്ങളിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടന്നതായാണു റിപ്പോർട്ടുകൾ.
ഇതിനിടെ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ അമേരിക്കയുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എന്നാൽ, 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിദേശത്തേക്കു മാറ്റുന്ന കാര്യം പരിഗണിക്കാനാകില്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു.
മേഖലയിൽ സംഘർഷങ്ങൾ തുടരുമ്പോഴും ആഗോളവിപണിയിൽ എണ്ണവില കുറയുകയാണ്. ഈ മാസം 14 ശതമാനം ഇടിഞ്ഞ ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 83.62 ഡോളറിലെത്തി.