ന്യൂയോർക്ക്: പ്രമുഖ അന്താരാഷ്ട്ര വസ്ത്രവ്യാപാര ശൃംഖലയായ അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി മലയാളി വേരുകളുള്ള രവി തനവാല ചുമതലയേൽക്കുന്നു. ഓഗസ്റ്റ് മൂന്ന് മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്.
കഴിഞ്ഞ 25 വർഷമായി കമ്പനിയുടെ ധനകാര്യ വിഭാഗം നയിച്ചിരുന്ന മൈക്ക് മാത്തിയാസിന് പകരക്കാരനായാണ് രവി എത്തുന്നത്. മാത്തിയാസ് ഇനി കമ്പനിയുടെ സ്ട്രാറ്റജിക് അഡ്വൈസറായി തുടരും.
പാപ്പ ജോൺസിന്റെ നോർത്ത് അമേരിക്കൻ പ്രസിഡന്റായും സിഎഫ്ഒയായും സേവനമനുഷ്ഠിച്ചിട്ടുള്ള രവി, 2024-ൽ കമ്പനിയുടെ താത്കാലിക സിഇഒ പദവിയും വഹിച്ചിരുന്നു.
അതിനുമുമ്പ് നൈക്കി, കൺവേഴ്സ് തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ ധനകാര്യ-ഓപ്പറേഷൻസ് വിഭാഗങ്ങളിൽ നിർണായക നേതൃപദവികളിൽ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
റീട്ടെയിൽ, ഫുഡ് സർവീസ് മേഖലകളിലെ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുമായാണ് രവി തനവാല അമേരിക്കൻ ഈഗിളിന്റെ ഫിനാൻഷ്യൽ സ്ട്രാറ്റജി ഏറ്റെടുക്കുന്നത്.
ആഗോള റീട്ടെയിൽ വിപണി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ഓപ്പറേഷൻസ്-ഫിനാൻസ് അനുഭവം കമ്പനിയുടെ വളർച്ചയ്ക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ.
മലയാളി സാന്നിധ്യം ആഗോള കോർപ്പറേറ്റ് നേതൃനിരയിൽ വീണ്ടും ശ്രദ്ധേയമാകുന്നതിന്റെ തെളിവാണ് ഈ നിയമനം.