ലണ്ടൻ: റഷ്യയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് അമേരിക്കൻ സൈനികൻ അറസ്റ്റിൽ. 41 വയസുള്ള സൈനികൻ ബ്രിട്ടണിൽ വച്ചാണ് അറസ്റ്റിലായത്.
ഇയാളുടെ മറ്റുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ദേശീയ സുരക്ഷാ നിയമലംഘനങ്ങളുടെയും ചാരവൃത്തിയുടെയും പേരിലാണ് നടപടി.
യുകെ കൗണ്ടർ ടെററിസം പൊലിസിങ്ങും യുഎസ് അധികാരികളും എഫ്ബിഐയും അമേരിക്കൻ സൈന്യവും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ചൊവ്വാഴ്ചയാണ് ഇയാൾ പിടിയിലായത്.
നാഷണൽ സെക്യൂരിറ്റി ആക്ട് 2023 പ്രകാരം വിദേശ രഹസ്യാന്വേഷണ ഏജൻസിയെ സഹായിച്ചതിനും സംരക്ഷിത വിവരങ്ങൾ ശേഖരിച്ച് ചോർത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ ലണ്ടനിൽ പൊലിസ് കസ്റ്റഡിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഗ്ലൗസെസ്റ്റർഷയറിലെ രണ്ട് കേന്ദ്രങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്.
യുകെയും യുഎസും തമ്മിലുള്ള ശക്തമായ സുരക്ഷാ സഹകരണത്തിന്റെ ഫലമാണ് ഈ നിർണായക അറസ്റ്റെന്ന് കൗണ്ടർ ടെററിസം പൊലിസിംഗ് സീനിയർ നാഷണൽ കോർഡിനേറ്റർ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ വിക്കി ഇവാൻസ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.