വത്തിക്കാൻ സിറ്റി: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റിലൂടെ തന്റെ വോട്ടവകാശം വിനിയോഗിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. അമേരിക്കൻ പൗരത്വമുള്ള മാർപാപ്പ വോട്ടവകാശം വിനിയോഗിച്ച കാര്യം വത്തിക്കാൻ പ്രസ് ഓഫീസാണ് അറിയിച്ചത്.
ഒരു മാർപാപ്പ അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത് ആദ്യമാണ്. ജനാധിപത്യപ്രക്രിയകളിൽ പങ്കാളികളാകുന്നത് പൗരന്മാരുടെ അവകാശവും കടമയുമാണെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു.
അടുത്ത ചൊവ്വാഴ്ചയാണ് അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിനിധിസഭയിലെ രണ്ടു വർഷ കാലാവധിയുള്ള 435 സീറ്റുകളിലേക്കും കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിലെ 100 സീറ്റുകളിൽ 35 എണ്ണത്തിലേക്കുമാണ് മത്സരം.
കൂടാതെ, 36 സംസ്ഥാനങ്ങളിൽ ഗവർണർമാരെയും വിവിധ പ്രാദേശിക ഉദ്യോഗസ്ഥരെയും ഇതോടൊപ്പം തെരഞ്ഞെടുക്കും.വിദേശത്തു താമസിക്കുന്ന യോഗ്യരായ യുഎസ് പൗരന്മാർക്കും സൈനിക വിഭാഗത്തിലുള്ളവർക്കും ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ തപാൽമാർഗം വോട്ട് രേഖപ്പെടുത്താൻ നിയമപരമായി സൗകര്യമുണ്ട്.