ബാൾട്ടിമോർ: അർബുദബാധയെത്തുടർന്ന് 18-ാം വയസിൽ അന്തരിച്ച അമേരിക്കൻ കൗമാരക്കാരി മരിയ മിഡിൽടണിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ യുഎസ് ബിഷപ്സ് കോൺഫറൻസ് തീരുമാനിച്ചു. ഇന്നലെ ബാൾട്ടിമോറിൽ നടന്ന മെത്രാൻ സമിതിയുടെ ശരത്കാല സമ്മേളനത്തിലാണു തീരുമാനം.
പെൻസിൽവേനിയയിലെ ബക്സ് കൗണ്ടി സ്വദേശിനിയായ മരിയ, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകാത്ത മസ്തിഷ്ക മുഴയെത്തുടർന്ന് 2020ലാണ് മരിച്ചത്. മരണശേഷവും നിരവധി പേർക്കു വിശ്വാസത്തിലും ജീവിതത്തിലും പ്രചോദനമായി തുടരുന്ന മരിയയുടെ വിശുദ്ധജീവിതം പരിഗണിച്ചാണ് സഭയുടെ ഈ നീക്കം.
വിശുദ്ധ ജോവാൻ ഓഫ് ആർക്ക്, വിശുദ്ധ അലോഷ്യസ് ഗോൺസാഗ, വിശുദ്ധരായ ഫ്രാൻസിസ്കോ, ജസീന്ത മാർട്ടോ, വിശുദ്ധ കാർലോ അക്കുത്തിസ് തുടങ്ങി നിരവധി യുവവിശുദ്ധരാൽ സഭ എക്കാലവും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്ന് യുഎസ് മെത്രാൻ സമിതിയുടെ കാനോനിക കാര്യങ്ങളുടെ അധ്യക്ഷൻ ബിഷപ് ഡോ. തോമസ് പാപ്രോക്കി മെത്രാന്മാരോട് പറഞ്ഞു.
നമ്മുടെ കാലഘട്ടത്തിലും നമ്മുടെ നാട്ടിലും ജീവിച്ച മരിയ മിഡിൽടണിന്റെ വിശുദ്ധപദവി നടപടികൾ ആരംഭിക്കാൻ അമേരിക്കൻ സഭയ്ക്കു ലഭിച്ച വലിയൊരു അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൃത്തവും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന മരിയ
2002 സെപ്റ്റംബർ 10ന് ജനിച്ച മരിയ, സ്പോർട്സും ഐറിഷ് നൃത്തവും സംഗീതവുമെല്ലാം ഇഷ്ടപ്പെട്ടിരുന്ന ഒരു സാധാരണ കൗമാരക്കാരിയായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അവൾ സ്കൂളിലെ സന്നദ്ധപ്രവർത്തനങ്ങളിലും ഇടവക ശുശ്രൂഷകളിലും സജീവമായിരുന്നു. എന്നാൽ ചെറുപ്പം മുതൽത്തന്നെ ദൈവവിശ്വാസമായിരുന്നു മരിയയുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു.
മാമ്മോദീസ സമയത്തുതന്നെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കപ്പെട്ട മരിയയെ, മൂന്നാം വയസ്മുതൽ അമ്മ സൂസൻ ആഴ്ചതോറും ദിവ്യകാരുണ്യ ആരാധനയ്ക്ക് കൊണ്ടുപോകുമായിരുന്നു. അവിടെവച്ചാണ് കരുണക്കൊന്തയും ജപമാലയും ചൊല്ലാൻ പഠിച്ചതും പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തി വളർത്തിയെടുത്തതും.
ഹൈസ്കൂൾ പഠനകാലത്ത് പാവപ്പെട്ടവരെ സഹായിക്കുന്നതിനായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അവൾ നേതൃത്വം നൽകി. അർബുദബാധിതരായ കുട്ടികൾക്ക് ധനസഹായം കണ്ടെത്തുന്നതിനായി സ്കൂളിൽ സംഘടിപ്പിച്ചിരുന്ന നൃത്തപരിപാടിയുടെ സഹ അധ്യക്ഷയായിരുന്നു മരിയ. അവളുടെ സ്മരണാർഥം ഈ പരിപാടി ഇപ്പോൾ 'ഹോപ്പ്-എ-ത്തോൺ' എന്നാണ് അറിയപ്പെടുന്നത്. പതിനൊന്നാം വയസിൽ അവൾ ഡയറിയിൽ കുറിച്ച ആദ്യ വാചകം "ദൈവം കരുണയുള്ളവനാണ്" എന്നായിരുന്നു.
അപ്രതീക്ഷിതമായെത്തിയ വേദന
2019 ജനുവരിയിൽ പതിനാറാം വയസിലാണ് മരിയയുടെ ബ്രെയിൻസ്റ്റെമ്മിൽ ഗുരുതരമായ മുഴ കണ്ടെത്തിയത്. ഒമ്പത് മുതൽ 12 മാസം വരെയുള്ള ആയുസ് മാത്രമാണു ഡോക്ടർമാർ വിധിച്ചത്. എന്നാൽ രോഗസൗഖ്യത്തിനുള്ള പ്രതീക്ഷ കൈവിടാതെതന്നെ ദൈവഹിതത്തിന് അവൾ പൂർണമായി കീഴടങ്ങി. തന്റെ സഹനങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെന്നു വിശ്വസിച്ച മരിയ, ശാരീരിക അവശതകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു.
രോഗനിർണയത്തിന് ഒമ്പതു മാസത്തിനുശേഷം മാതാപിതാക്കൾക്കൊപ്പം ഉഗാണ്ട സന്ദർശിച്ച മരിയ, 'മേക്ക്-എ-വിഷ്' ഫൗണ്ടേഷനിലൂടെ തനിക്കു ലഭിച്ച ആനുകൂല്യം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനു പകരം അവിടത്തെ ഒരു പാവപ്പെട്ട കുടുംബത്തെയും സ്കൂളിനെയും സഹായിക്കാനാണു വിനിയോഗിച്ചത്.
2020ൽ കോവിഡ് മഹാമാരിയെത്തുടർന്ന് പൊതു വിശുദ്ധ കുർബാന നിർത്തിവച്ച സമയത്ത്, വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ച് മരിയ ഫിലാഡൽഫിയ ആർച്ച്ബിഷപ് നെൽസൺ പെരസിന് കത്തെഴുതി. ഇതേത്തുടർന്ന് ആർച്ച്ബിഷപ് നേരിട്ടെത്തി മരിയയ്ക്കു ദിവ്യകാരുണ്യം നൽകി.
രോഗം മൂർച്ഛിച്ചതോടെ നടക്കാനും കൈകൾ ചലിപ്പിക്കാനും കേൾക്കാനും സംസാരിക്കാനുമുള്ള ശേഷി മരിയയ്ക്കു ക്രമേണ നഷ്ടമായി. എഴുതാൻ ഏറെ പ്രയാസപ്പെട്ടിരുന്ന അവസാന നാളുകളിൽ അവൾ കുറിച്ച അവസാന വാക്കുകൾ "പ്രത്യാശയോടെ ചിന്തിക്കുക" എന്നതായിരുന്നു. അവളുടെ സ്മരണാർഥ സ്ഥാപിതമായ ഫൗണ്ടേഷനും ഇതേ പേരാണു നൽകിയിരിക്കുന്നത്. 2020 ഒക്ടോബർ എട്ടിന് 18-ാം വയസിൽ മരിയ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.