ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. അമിത് ഷാ പ്രസ്താവന നടത്തിയില്ലെങ്കിൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ഇന്ത്യാ മുന്നണി എംപിമാർ നോട്ടീസ് നൽകും. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാരും കർശന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പോലീസ് നടപടിക്ക് പുറമെ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ആരോപണവും ഉയർത്തി പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
പാർലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലത്തുനിന്ന് മകർ ദ്വാറിലേക്ക് രാവിലെ പത്തിന് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തും. സമരക്കാർക്കെതിരായ അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണം തേടുക, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള സഭയിൽ ചർച്ച ചെയ്യുക, ജമ്മു കാഷ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിപക്ഷം സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നത്.