മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി അമൃത നായര്‍ വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ബിസിനസുകാരനായ അഖില്‍ ആണ് വരന്.
വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം നിരവധി ഷോകളിലൂടെയും വെബ് സീരിസിലൂടെയും ശ്രദ്ധേയയാണ്.
‘‘കഴിഞ്ഞ ഒന്നരവർഷമായി ഒളിപ്പിച്ചു വച്ച കാര്യമാണ് എന്റെ വിവാഹം. രാവിലെ ആറ് മണിക്ക് ഗുരുവായൂർവച്ചായിരുന്നു താലികെട്ട്. എന്റെ സുഹൃത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അഖിൽ. ഇൻസ്റ്റയിൽ വെറുതെ ഒരു ഹായ് അയച്ചതാണ്. അതിപ്പോൾ ഇവിടെ കല്യാണം വരെ എത്തി നിൽക്കുന്നു.
ആദ്യം റജിസ്റ്റർ വിവാഹത്തിനാണ് ഞങ്ങൾ പദ്ധതിയിട്ടിരുന്നത്. പക്ഷേ അമ്മയ്ക്ക് ഒരേ നിർബന്ധമായിരുന്നു ഗുരുവായൂർ തന്നെ വിവാഹം നടത്തണമെന്നത്.’’അമൃതയുടെ വാക്കുകൾ.