കൊച്ചി: അവയവദാനത്തിന്റെ അതുല്യഗാഥകളിൽ വീണ്ടും പ്രതീക്ഷകളുടെ അടയാളം കുറിച്ച് പതിനാലുകാരി പുതുജീവിതത്തിലേക്ക്. പുതുഹൃദയത്തിന്റെ സ്പന്ദനങ്ങളുമായി അമാന മെഹനാസ് എന്ന ആമി ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും ചുവടുവയ്ക്കും.
എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയ ഈ ഒമ്പതാം ക്ലാസ് വിദ്യാർഥിനി കഴിഞ്ഞദിവസമാണു വീട്ടിലേക്കു മടങ്ങിയത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ ഒമ്പതിനായിരുന്നു വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.
മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്കു പുതുജീവനായത്. സംസ്ഥാനസർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തുനിന്ന് ഹൃദയം ലിസി ആശുപത്രിയിൽ എത്തിക്കാനായി.
മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ ആമിക്ക് അഞ്ചു വര്‍ഷം മുമ്പാണ് ഹൃദയസംബന്ധമായ തകരാര്‍ കണ്ടെത്തിയത്.
ഹൃദയത്തിന്റെ വലതുവശത്തെ അറകള്‍ ക്രമാതീതമായി വികസിക്കുന്നതായിരുന്നു അസുഖം. ഹൃദയം മാറ്റിവയ്ക്കലാണു പരിഹാരമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുപ്രകാരം ലിസിയില്‍ ചികിത്സയ്ക്കെത്തി. കെ-സോട്ടോ വഴിയാണ് ഹൃദയം ലഭിക്കുന്നതിനുള്ള അവസരമൊരുങ്ങിയത്.
ലിസി ആശുപത്രിയിലെ ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുണ്‍ ജോര്‍ജ് എന്നിവരുടെ നേത്യത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽനിന്നു ജയിയുടെ ഹൃദയമെടുക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്.
ആമിയുടെ ആരോഗ്യനില പൂര്ണതൃപ്തികരമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ജേക്കബ് ഏബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്കര്‍ രംഗനാഥന്, ഡോ. പി. മുരുകന്, ഡോ.ജോബ് വില്‍സണ്‍, ഡോ.ഗ്രസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് തുടങ്ങിയവര്‍ ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായി.
ലിസി മാനേജിംഗ് ഡയറക്ടര്‍ ഫാ. ഡോ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ മധുരം പങ്കിട്ടാണ് ആമിയെ ആശുപത്രിയില്‍നിന്നു യാത്രയാക്കിയത്.
അവയവദാനത്തിന് തയാറായ ജയിയുടെ കുടുംബത്തിനും ഹൃദയമെത്തിക്കാൻ സഹായങ്ങൾ ലഭ്യമാക്കിയ സർക്കാരിനും ആമി നന്ദി പറഞ്ഞു. ദുബായിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കൊപ്പം ആമിയും അവിടെയാണു താമസം.
ലിസി ആശുപത്രിയിൽ 32 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇതുവരെ നടന്നത്.