വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് ആവർത്തിക്കപ്പെടുന്ന വാഹനാപകടങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
അഞ്ചുമൂർത്തിമംഗലം മുതൽ ചീക്കോട് വരെയുള്ള ദേശീയപാതയുടെ ഇരുവശത്തും സർവീസ് റോഡുകൾ, സ്റ്റോപ്പുകളിൽ ബസ് ബേ എന്നിവ നിർമിക്കുക, സ്കൂൾ പ്രവർത്തിക്കുന്ന അഞ്ചുമൂർത്തിമംഗലത്ത് മേൽപ്പാലം പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് മെംബർ ശ്രീനാഥ് വെട്ടത്ത്, വടക്കഞ്ചേരി പഞ്ചായത്ത് മെംബർമാരായ ബി. മഞ്ജുള, ഗീതാ ബാലൻ, ഇസ്മയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം തുടങ്ങിയവരുടെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകിയത്. ചൊവ്വാഴ്ചയും അഞ്ചുമൂർത്തി മംഗലത്ത് ദേശീയപാതയിൽ വലിയ അപകടമുണ്ടായി. സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിന് പിറകിൽ ചരക്ക് ലോറിയിടിച്ച് 13 പേർക്ക് പരിക്കേൽക്കാനിടയായ അപകടമുണ്ടായി.
ഒരാഴ്ചക്കുള്ളിൽ സമാനമായ മൂന്നപകടങ്ങൾ ഇവിടെ നടന്നു. കഴിഞ്ഞ എട്ടു വർഷമായി ഇവിടെ നിരന്തരമായി അപകടങ്ങൾ തുടരുകയാണ്. ബസ്ബേ നിർമിക്കും, മേൽപ്പാലം പണിയും എന്നൊക്കെ പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കാത്തതിനാലാണ് ഇക്കാര്യങ്ങൾ കളക്ടറെ ബോധ്യപ്പെടുത്തിയതെന്ന് മെംബർമാർ പറഞ്ഞു.