രണ്ടായിരം വർഷമായി പൂട്ടിക്കിടന്ന അലമാര! തുറന്നപ്പോൾ, നിറയെ വിസ്മയിപ്പിക്കുന്ന വസ്തുക്കൾ! പുരാതന റോമൻ നഗരമായ പോംപെയിലെ തിരക്കുള്ള തെരുവിൽ താമസിച്ചിരുന്ന വ്യാപാരിയുടേതായിരുന്നു തടികൊണ്ടു നിർമിച്ച അലമാര! എഡി 79-ൽ വിസൂവിയസ് അഗ്നിപർവതസ്ഫോടനത്തിനു തൊട്ടുമുമ്പ് ഉടമസ്ഥർ ഉപേക്ഷിച്ചതാകാം അലമാരയെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
പുരാനഗരിയിലെ, 'ഹൗസ് ഓഫ് കോർണേലിയസ് മാക്സിമസ്' എന്ന കെട്ടിടത്തിൽ നടത്തിയ ഖനനത്തിലാണ്, ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കളുടെയും വിലപിടിപ്പുള്ള വ്യക്തിഗത സമ്പാദ്യങ്ങളുടെയും ശേഖരം കണ്ടെത്താൻ പുരാവസ്തുഗവേഷകർക്കു കഴിഞ്ഞത്. 1912-ൽ ആണ് മേഖലയിൽ ആദ്യമായി ഖനനം നടക്കുന്നതും വിശദമായ ശാസ്ത്രീയപഠനങ്ങൾക്കു തുടക്കമിടുന്നതും. അഗ്നിപർവത സ്ഫോടനത്തിൽ തകരുന്നതിനു തൊട്ടുമുമ്പു നഗരവാസികൾ തങ്ങളുടെ വിലപ്പെട്ട സന്പാദ്യങ്ങൾ ഉപേക്ഷിച്ചു ജീവനുംകൊണ്ടു രക്ഷപ്പെട്ടതാകാം. പിന്നീടവർക്കു തിരികെയെത്താൻ സാധിച്ചിട്ടുണ്ടാകില്ലെന്നും ആർക്കിയോളജിക്കൽ പാർക്ക് ഓഫ് പോംപെ ഡയറക്ർ ഗബ്രിയേൽ സുക്ട്രീൽ പറയുന്നു.