ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ബണ്ണി ഉത്സവത്തിനിടയിലുണ്ടായ പരമ്പരാഗത വടിയേറ്റിലുണ്ടായ കനത്ത സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലൂര് ഇന്ദിരാനഗര്‍ സ്വദേശി പോത്തു രാജു ആണ് ദാരുണമായി മരണപ്പെട്ടത്.
ഹോലഗുണ്ട മണ്ഡലത്തിലെ ദേവരഗട്ടു മലനിരകളിലെ ശ്രീ മല മല്ലേശ്വര സ്വാമി ക്ഷേത്രത്തില്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ സംഭവം നടന്നത്. വിഗ്രഹങ്ങള്‍ കൈക്കലാക്കാനായി ഗ്രാമവാസികള്‍ മുളവടികളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതാണ് ഇവിടുത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം.
ഈ മത്സരത്തില്‍ വിജയം നേടുന്ന ഗ്രാമത്തിന് ഐശ്വര്യം കൈവരുമെന്നാണ് ജനങ്ങളുടെ വിശ്വാസം. ബുധനാഴ്ച രാത്രി നടന്ന ക്ഷേത്ര പ്രദക്ഷിണത്തിനിടയില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അക്രമാസക്തമായി മാറുകയായിരുന്നു.
വടിയേറ്റില് നിരവധി പേരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞുവീണ പോത്തു രാജു സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ അറുപതിലധികം പേരെ ഉടൻതന്നെ കുര്ണൂളിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
എത്രയൊക്കെ സുരക്ഷാ സജീകരണങ്ങളും പോലിസിന്റെ ശക്തമായ മുന്നറിയിപ്പുകളും ഉണ്ടായാലും, വിശ്വാസത്തിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും ഈ അപകടകരമായ ആചാരത്തില്‍ പങ്കെടുക്കാനായി എത്തുന്നത്. സംഭവത്തില്‍ ജില്ലാ ഭരണകൂടവും പൊലിസും ചേര്‍ന്ന് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.