തായ്ലൻഡ് ഫുട്ബോൾ ലീഗിൽ എല്ലാവരെയും നടുക്കിയ അപൂർവവും ഞെട്ടിക്കുന്നതുമായ ഒരു സംഭവമാണ് നടന്നത്. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഗ്രൗണ്ടിലെ റോളറിനടിയിൽ പെട്ടിട്ടും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സൂപ്പർതാരം ആന്ദ്രോസ് ടൗൺസെൻഡ്.
പിടി പ്രാചുവാപും പട്ടാണി എഫ്സിയും തമ്മിലുള്ള പോരാട്ടത്തിന് തൊട്ടുമുമ്പ് മൈതാനത്ത് വാം-അപ്പ് ചെയ്യുകയായിരുന്നു താരം. ഉയർന്നു വന്ന പന്ത് വായുവിൽ വെച്ച് മനോഹരമായി ബാക്ക്-ഹീൽ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നും വന്ന പിച്ച് റോളർ ടൗൺസെൻഡിനെ തട്ടുകയായിരുന്നു.
നിയന്ത്രണം വിട്ട് നിലത്തുവീണ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ ഭാരമേറിയ റോളർ മുന്നോട്ട് നീങ്ങി. അപകടം കണ്ട മാത്രയിൽ തന്നെ ഡ്രൈവർ വാഹനം നിർത്തുകയും താരത്തെ പുറത്തെത്താൻ സഹായിക്കുകയും ചെയ്തു.
വലിയ ഭാരമുള്ള മെഷീൻ ശരീരത്തിൽ തട്ടിയതിനാൽ കൂടെയുണ്ടായിരുന്ന കളിക്കാരും അധികൃതരും പരിഭ്രാന്തരായി. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, കാര്യമായ പരിക്കുകളൊന്നുമില്ലാതെ അദ്ദേഹം ഗ്രൗണ്ടിൽ നിന്ന് നടന്നു നീങ്ങി.
സംഭവം കണ്ട് ടൗൺസെൻഡ് കളിയിൽ നിന്ന് മാറിനിൽക്കുമെന്ന് കരുതിയെങ്കിലും, ടീമിന്റെ 3-0 വിജയത്തിനിടയിൽ 93-ാം മിനിറ്റിൽ പകരക്കാരനായി താരം കളത്തിലിറങ്ങുകയും ചെയ്തു.
ടോട്ടനം, ക്രിസ്റ്റൽ പാലസ്, എവർട്ടൺ തുടങ്ങിയ വൻകിട ഇംഗ്ലീഷ് ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ ഈ സൂപ്പർതാരത്തിന്റെ അതിജീവനവും കായികക്ഷമതയും ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.